അപ്രതീക്ഷിത ട്വിസ്റ്റിൽ വടകര; ഇനി എം.എൽ.എമാരുടെ പോര്
text_fieldsകോഴിക്കോട്: ചുവരെഴുതിയും പോസ്റ്ററൊട്ടിച്ചും പ്രചാരണത്തിൽ മുന്നേറിയ സ്ഥാനാർഥിയെ ഇരുട്ടി നേരം വെളുക്കുമ്പോഴേക്കും മാറ്റിയ അമ്പരപ്പിൽ വടകരയിലെ യു.ഡി.എഫ്. സഹോദരി കൂടിയായ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക് പോയതോടെ രാഷ്ട്രീയ പ്രതിരോധം കൂടി ലക്ഷ്യമിട്ടാണ് സിറ്റിങ് എം.പി കെ. മുരളീധരനെ പാർട്ടി വടകരയിൽ നിന്ന് തൃശൂരിലേക്ക് മാറ്റിയത്. സിറ്റിങ് എം.പിമാർ അതത് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന നിർദേശം വന്നതോടെ മുരളി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയിരുന്നു. അതിനും എത്രയോ ദിവസങ്ങൾക്കുശേഷമാണ് എൽ.ഡി.എഫ് കെ.കെ. ശൈലജ എം.എൽ.എയെ രംഗത്തിറക്കിയത്. നിലവിൽ മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം മുരളിക്കായി ചുമരഴെുത്ത്, പോസ്റ്റർ, ഫ്ലക്സ് ബോർഡ് എന്നീ പ്രചാരണം ആരംഭിച്ചിരുന്നു.
രാഷ്ട്രീയത്തിനപ്പുറം പ്രതിച്ഛായയുള്ള ശൈലജയെ നേരിടാനാവുന്ന കരുത്തനായ സ്ഥാനാർഥിയാണ് മുരളി എന്നതായിരുന്നു യു.ഡി.എഫിന്റെ ആത്മബലം. സിറ്റിങ് എം.പി എന്നതിനാൽ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ മുരളി സുപരിചിതനുമാണ്. എപ്പോഴും ന്യൂനപക്ഷ നിലപാട് സ്വീകരിക്കുകയും വർഗീയതയെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്യുന്നതിനാൽ മുരളിതന്നെ സ്ഥാനാർഥിയാവണമെന്ന നിലപാടിലായിരുന്നു മുസ്ലിം ലീഗും. അപ്രതീക്ഷിതമായി മുരളിയെ പിൻവലിച്ചതോടെ യു.ഡി.എഫ് അങ്കലാപ്പിലാണ്. എന്നാൽ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനായ ഷാഫി പറമ്പിൽ എം.എൽ.എ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളയാളാണ് എന്നത് യു.ഡി.എഫിന് മുതൽക്കൂട്ടാണ്. അതേസമയം ഷാഫി വടകരയിൽ പുതുമുഖമാണ് എന്നതിനാൽ വോട്ടർമാർക്ക് പരിചയപ്പെടുത്തേണ്ട പ്രവർത്തനം കൂടി യു.ഡി.എഫ് നടത്തേണ്ടിവരും. ശൈലജയാണെങ്കിൽ ആദ്യഘട്ട പര്യടനം ഏതാണ്ട് പൂർത്തിയാക്കിയിട്ടുമുണ്ട്.
വടകരയിലേക്ക് ഷാഫി വരുമെന്ന വാർത്തയോട് കോൺഗ്രസ് നേതാക്കൾ ആദ്യഘട്ടത്തിൽ പ്രതികരിച്ചിരുന്നില്ല. മാത്രമല്ല വടകരയിൽ സ്ഥാനാർഥിയാകുന്നതിനെതിരെ ഷാഫി തന്നെ പാർട്ടി നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ക്ലീൻ ഇമേജുള്ള യുവ സ്ഥാനാർഥി വരട്ടെയെന്ന നിലപാടാണ് പാർട്ടി കൈക്കൊണ്ടത്. എം.പി -എം.എൽ.എ പോരാട്ടം എന്നതിൽ നിന്ന് എം.എൽ.എമാർ തമ്മിലുള്ള പോരിനാണ് അപ്രതീക്ഷിത ട്വിസ്റ്റോടെ കളമൊരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.