Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്യായ കെട്ടിട...

അന്യായ കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധന പിന്‍വലിക്കണം; സര്‍ക്കാര്‍ ജനങ്ങളുടെ പോക്കറ്റടിക്കുന്നുവെന്ന് വി.ഡി സതീശൻ

text_fields
bookmark_border
vd satheesan 09786
cancel

തിരുവനന്തപുരം: അന്യായമായ കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ പോക്കറ്റടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കാന്‍ നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റമാണ് സാധാരണക്കാരന് ഇതുവരെ വിലങ്ങുതടിയായിരുന്നത്. എന്നാലിപ്പോള്‍ പെര്‍മിറ്റ് ഫീസില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന അന്യായ വര്‍ധനയും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇന്ധന സെസ് ഏര്‍പ്പെടുത്തുക വഴി സകല മേഖലയിലും ഉണ്ടായ വിലക്കയറ്റം പാവപ്പെട്ടവന്റെ നടുവൊടിക്കുകയാണ്. വെള്ളക്കരവും വൈദ്യുത ചാര്‍ജും ഇതിനിടയില്‍ വര്‍ധിപ്പിച്ചു. നട്ടംതിരിഞ്ഞിരിക്കുന്ന സാധാരണക്കാരന്റെ പോക്കറ്റടിക്കുകയാണ് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്നും സതീശൻ കുറ്റപ്പെടുത്തി.

വീട് വക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പെര്‍മിറ്റ് എടുക്കുന്നതിനുള്ള അപേക്ഷാ ഫീസ് 30 രൂപയില്‍ നിന്നും 1000 മുതല്‍ 5000 രൂപ വരെയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം അടക്കേണ്ട പെര്‍മിറ്റ് ഫീസും പത്തിരട്ടിയോളം ഉയര്‍ത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ 150 ച.മീറ്റര്‍ (അഥവാ 1615 സ്‌ക്വയര്‍ ഫീറ്റ്) വീട് വെക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ വര്‍ധനവിന് മുന്‍പ് നല്‍കേണ്ടിയിരുന്ന അപേക്ഷാ ഫീസ് 30 രൂപയായിരുന്നു. പെര്‍മിറ്റ് ഫീസ് 525 രൂപയും. ഇപ്പോഴത്തെ വര്‍ധന അനുസരിച്ച് 150 ച. മീറ്റര്‍ വരെയുള്ള വീടുകളുടെ അപേക്ഷാ ഫീസ് 30 രൂപയില്‍ നിന്നും 1000 മായി ഉയരും. പെര്‍മിറ്റ് ഫീസ് ഒരു ച. മീറ്ററിന് 50 രൂപയെന്ന നിരക്കില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതനുസരിച്ച് 150 ച. മീറ്റര്‍ വീടിന്റെ പെര്‍മിറ്റ് ഫീസ് 7500 രൂപയായി ഉയരും. 555ല്‍ നിന്നു 8500ലേക്കാണ് മൊത്തം ഫീസ് ഉയരുന്നത്. അതായത് 15 ഇരട്ടിയാണ് നിരക്ക് വര്‍ധന.

നഗരസഭാ പരിധിയില്‍ നേരത്തെയുണ്ടായിരുന്ന അപേക്ഷാ ഫീസ് 30 രൂപയും 150 ച. മീറ്റര്‍ വീടിന് പെര്‍മിറ്റ് ഫീസ് 525 രൂപയുമായിരുന്നു. എന്നാല്‍ വര്‍ധിപ്പിച്ച നിരക്കനുസരിച്ച് അപേക്ഷാ ഫീസ് 1000 രൂപയിലേക്ക് ഉയരും. പെര്‍മിറ്റ് ഫീസ് 10500 ആകും. ഇതോടെ മൊത്തം ചെലവ് 555 രൂപയായിരുന്നത് 11500 രൂപയായി വര്‍ധിക്കും.

കോര്‍പറേഷന്‍ പരിധിയില്‍ വര്‍ധനവ് മുന്‍പ് നല്‍കേണ്ടിയുരുന്ന അപേക്ഷാ ഫീസ് 50 രൂപയായിരുന്നു. 150 ച. മീറ്റര്‍ വരെയുള്ള വീടിന് പെര്‍മിറ്റ് ഫീസ് 750 രൂപയും. നിരക്ക് വര്‍ധന വരുന്നതോടെ അപേക്ഷാ ഫീസ് 50 രൂപയില്‍ നിന്നും 1000 രൂപയിലേക്ക് ഉയരും. പെര്‍മിറ്റ് ഫീസിനത്തില്‍ 15000 രൂപ അടയ്‌ക്കേണ്ടി വരും. ആകെ ചെലവ് 800 രൂപയില്‍ നിന്നും 16000 രൂപയായി ഉയരും. 250 ച. മീറ്റര്‍ വീടാണ് നിര്‍മ്മിക്കുന്നതെങ്കില്‍ പഞ്ചായത്തുകളില്‍ 1780 രൂപയില്‍ നിന്നും 26000 രൂപയിലേയ്ക്കും നഗരസഭകളില്‍ 1780 ല്‍ നിന്ന് 31000 ത്തിലേക്കും കോര്‍പറേഷനുകളില്‍ 2550 ല്‍ നിന്നും 38500 ലേക്കും വര്‍ധിക്കും.

നികുതി പിരിവിലെ കെടുകാര്യസ്ഥതയും ധൂര്‍ത്തും അനാവശ്യ ചെലവുകളും സംസ്ഥാനത്തിനുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ തലയിലേക്ക് നേരിട്ട് അടിച്ചേല്‍പ്പിക്കുന്ന നികുതിക്കൊള്ളയാണ് ഈ വര്‍ഷത്തെ ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ 5000 കോടിയുടെ നികുതിക്കൊള്ള പ്രബല്യത്തില്‍ വരികയും ചെയ്തു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറി വരുന്ന സാധാരണക്കാരനെ സര്‍ക്കാര്‍ വീണ്ടും ഞെക്കിപ്പിഴിയരുത്. വീട് വക്കുന്നതിനുള്ള അപേക്ഷാ ഫീസും പെര്‍മിറ്റ് ഫീസും വര്‍ധിപ്പിച്ച നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:building permit fee
News Summary - unfair building permit fee increases will withdraw -VD Satheesan
Next Story