സർക്കാർ സേവനങ്ങൾക്ക് ഏകീകൃത വിവരസംവിധാനം വരുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ യോഗം തത്ത്വത്തില്‍ അംഗീകാരം നല്കി. ക്ഷേമ പദ്ധതികളിലെ ഇരട്ടിപ്പ് ഒഴിവാക്കാനും അർഹരെ നിർണയിക്കാനും വഴിയൊരുക്കുന്നതാണ് പദ്ധതി. കുടുംബത്തെ അടിസ്ഥാന യൂനിറ്റായി പരിഗണിച്ച് ഗുണഭോക്താക്കളുടെ ഏകീകൃത ഡാറ്റാബേസ് ഉണ്ടാക്കുന്ന പദ്ധതിയാകും യൂനിഫൈഡ് രജിസ്ട്രി.
വ്യക്തിക്കും കുടുംബത്തിനും തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയാനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ്ഫോമാകും ഇത്. ആദ്യഘട്ടമായി അനുബന്ധ സോഫ്റ്റ് വെയര്‍, ഹാർഡ്വെയര്, മാനവ വിഭവശേഷി എന്നിവ ഉള്‍പ്പെടെ 'ആധാര്‍ വാള്‍ട്ട്' സ്ഥാപിക്കും. 34.32 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നല്കാന് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് അനുമതി നൽകി.
സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ വിവരങ്ങള്‍ ഒറ്റ സ്രോതസ്സില്‍നിന്ന് ലഭിക്കും. എല്ലാ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെയും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ ഇത് ഉപയോഗിക്കും. വിവിധ സഹായ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനും ഗുണഭോക്താക്കളെ തിരിച്ചറിയാനും സഹായകമായ ഒറ്റ സ്രോതസ്സായി ഈ രജിസ്ട്രി പ്രയോജനപ്പെടുത്തും. അര്‍ഹതയില്ലാത്തവര്‍ ആനുകൂല്യങ്ങള്‍ നേടുന്നത് ഒഴിവാക്കി ഗുണഭോക്തൃ തെരഞ്ഞെടുപ്പ് സുതാര്യവും ഫലപ്രദവുമാക്കും. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് സഹായകമായതരത്തില്‍ പദ്ധതികളുടെ നടത്തിപ്പ് സുഗമമാക്കലും ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.