ആരാധനക്രമം ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ വൈദികരുടെ പരസ്യ പ്രതിഷേധം
text_fieldsകൊച്ചി: ആരാധനക്രമം ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ വൈദികർ പരസ്യമായി രംഗത്ത്. ജനാഭിമുഖ കുർബാനയിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച അവർ പ്രതിഷേധവുമായി ബിഷപ് ആൻറണി കരിയിലിനെ സന്ദർശിച്ച് വിവരങ്ങൾ ധരിപ്പിച്ചു. വർഷങ്ങളായി തുടരുന്ന ഐക്യം ഇല്ലാതാക്കിയത് സിനഡ് മെത്രാന്മാരാണെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന മാത്രമെ അനുവദിക്കൂവെന്നും അവർ വ്യക്തമാക്കി.
അതിരൂപത വൈദിക സെനറ്റ് അംഗങ്ങളായ ഫാ. ജോസ് വൈലിക്കോടത്ത്, ഫാ. സെബാസ്റ്റ്യൻ തളിയൻ, വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ, 'സത്യദീപം' എഡിറ്റർ ഫാ. മാത്യു കിലുക്കൻ, ഫാ. ജോസഫ് കുരീക്കൽ എന്നിവരാണ് ബിഷപ്സ് ഹൗസിലെത്തിയത്. 466 വൈദികരുടെ അഭിപ്രായമാണ് തങ്ങൾ പങ്കുവെച്ചതെന്ന് അവർ പറഞ്ഞു. പുതുക്കിയ അൾത്താര അഭിമുഖമായ കുർബാനക്രമം നടപ്പാക്കില്ല. ആരാധനക്രവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പള്ളികള്‍ വായിച്ചാലുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നം ശ്രദ്ധയിൽപെടുത്തിയ അവർ അതിന് തങ്ങളെ നിർബന്ധിക്കരുതെന്നും ബിഷപ്പിനോട് ആവശ്യപ്പെട്ടു.
ഇപ്പോഴുണ്ടായിരിക്കുന്ന സിനഡ് തീരുമാനം മറികടക്കാൻ മാർപാപ്പക്ക് മാത്രേമ കഴിയൂ. അതിനാൽ രൂപതകളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പിതാക്കന്മാർ ജനാഭിമുഖ കുർബാനക്കുവേണ്ടി മാർപാപ്പയോട് അപേക്ഷിക്കണം. ആരാധനക്രമം ഏകീകരണം സംബന്ധിച്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിക്കാൻ പള്ളികളിലേക്ക് അയക്കരുത്. ജനാഭിമുഖ ആരാധനക്രമം ചില വ്യക്തിതാൽപര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് സിനഡ് ഇപ്പോള്‍ മാറ്റാന്‍ ശ്രമിക്കുന്നത്.
കുർബാന ഏകീകരിക്കാനുള്ള തീരുമാനം ഇവിടെ അടിച്ചേൽപിക്കുകയാണ്. സഭയിലെ വിവിധ രൂപതകളിൽ 60 വർഷത്തിലേറെയായി തുടരുന്ന ജനാഭിമുഖ ദിവ്യബലി രണ്ടാം വത്തിക്കാൻ കൗൺസിലിെൻറ ചൈതന്യം സ്വീകരിച്ചുകൊണ്ടാണ് നിലനിൽക്കുന്നത്. ഏകപക്ഷീയമായി സിനഡിൽ ഇത് പരിഷ്കരിക്കുമ്പോൾ എല്ലാവരെയും കേൾക്കുക, വ്യത്യസ്തതകളെ ആദരിക്കുക എന്ന ഫ്രാൻസിസ് മാർപാപ്പയുടെ സിനഡാലിറ്റിയെന്ന ആശയത്തെയാണ് അവഹേളിക്കുന്നതെന്നും അവർ പറഞ്ഞു.
സിനഡ് തീരുമാനം പുനഃപരിശോധിക്കാനും മാര്‍പാപ്പക്ക് അപ്പീല്‍ നല്‍കാനുമായി മറ്റ് മെത്രാന്മാരുമായി കൂടിയാലോചിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് ആൻറണി കരിയില്‍ ഉറപ്പ് നല്‍കിയതായി വൈദികര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.