സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന
text_fieldsകൊച്ചി/തൃശൂർ: ഇനിയും അവസാനിക്കാത്ത വിവാദങ്ങൾക്കിടെ സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന നിലവിൽ വന്നു. നിലവിലെ രണ്ട് ബലിയർപ്പണ രീതിയെ സംയോജിപ്പിക്കുന്നതാണ് പുതിയ രീതി. അതേസമയം, എറണാകുളം-അങ്കമാലി അതിരൂപതയിലും ഇരിഞ്ഞാലക്കുട, ഫരീദാബാദ് രൂപതകളിലും നിലവിലെ ജനാഭിമുഖ കുർബാനയാണ് തുടർന്നത്.
പുതിയരീതി പ്രകാരം കുർബാനയുടെ തുടക്കം മുതൽ വിശ്വാസപ്രമാണം വരെയുള്ള ഭാഗം വൈദികൻ വചനവേദിയിൽനിന്ന് ജനങ്ങളെ അഭിമുഖീകരിച്ച് അർപ്പിക്കും. വിശ്വാസ പ്രമാണത്തിനുശേഷം കുർബാന സ്വീകരണം വരെയുള്ള ഭാഗമാണ് പുരോഹിതൻ അൾത്താരക്ക് അഭിമുഖമായി അർപ്പിക്കുന്നത്. തുടർന്നുള്ള സമാപന പ്രാർഥനകൾ ജനാഭിമുഖമാണ്. ഇതിനിടയിലെ പ്രാർഥനകളിലും മാറ്റം വരുത്തിയിട്ടുണ്ട്. സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് സെൻറ് തോമസ് മൗണ്ടിൽ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഏകീകൃത രീതിയിൽ കുർബാന അർപ്പിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയിൽ പഴയ രീതി തുടരുമെന്ന മാർ ആൻറണി കരിയിലിെൻറ സർക്കുലറിനെ തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പണ വേദി എറണാകുളം സെൻറ് മേരീസ് കത്തീഡ്രലിൽനിന്ന് സഭാ ആസ്ഥാനമായ കാക്കനാട് സെൻറ് തോമസ് മൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഇത് പുതിയൊരു യുഗപ്പിറവിയാണെന്ന് കർദിനാൾ അഭിപ്രായപ്പെട്ടു. സഭയിലെ ഐക്യത്തിെൻറ സന്ദേശമാണ് ഏകീകൃത ബലിയർപ്പണത്തിലൂെട മുന്നോട്ടുവെക്കുന്നത്. പരിപൂർണ ഐക്യത്തിനായി കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയിൽ ആലുവ പ്രസന്നപുരം പള്ളി മാത്രമാണ് ഏകീകൃത കുർബാന നടന്ന മറ്റൊരു സ്ഥലം. മെത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് മാർ ആൻറണി കരിയിലിെൻറ സർക്കുലർ പ്രകാരം മറ്റു പള്ളികളിലെല്ലാം നിലവിലെ രീതിയാണ് തുടർന്നത്.
കർദിനാളിെൻറ തീരുമാനപ്രകാരം ഏകീകൃത രീതിയായിരിക്കും പിന്തുടരുകയെന്ന് അറിയിച്ച ശേഷമാണ് പ്രസന്നപുരം പള്ളി വികാരി സെലസ്റ്റിൻ ഇഞ്ചക്കൽ കുർബാന അർപ്പണം തുടങ്ങിയത്. ഇത് വ്യക്തമാക്കുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സർക്കുലർ ഇദ്ദേഹം വായിക്കുകയും ചെയ്തു. സിനഡ് പുതുതായി നിഷ്കർഷിച്ചത് പ്രകാരമുള്ള വചനവേദിയും ബലിപീഠവും ഇവിടെ ഒരുക്കിയിരുന്നു.
ഏകീകൃത രീതിയിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാട് കർദിനാൾ കടുപ്പിച്ചതോടെ മെത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് മാർ ആൻറണി കരിയിൽ വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിച്ചിരുന്നു. തുടർന്ന് പരിഷ്കരിച്ച കുർബാന നടത്തേണ്ടതില്ലെന്ന് മാർപാപ്പ അറിയിച്ചെന്ന് വ്യക്തമാക്കി സർക്കുലറും ഇറക്കി. അത്തരം അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് തിരിച്ചടിച്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഏകീകൃത കുർബാനയുമായി മുന്നോട്ടുപോകുകയും സഭാ ആസ്ഥാനത്ത് നടപ്പാക്കുകയുമായിരുന്നു. ബാക്കി പള്ളികളിലെല്ലാം വൈദികർ ആൻറണി കരിയിലിെൻറ നിലപാടിനൊപ്പമാണ് നിന്നത്.
തൃശൂർ അതിരൂപതയിൽ 225 പള്ളികളിൽ ഇരുപതോളം പള്ളികളിൽ നിലവിലെ രീതി തുടർന്നു. എന്നാൽ, നൂറോളം പള്ളികളിൽ നിലവിലെ രീതി തുടർന്നതായി പരിഷ്കരണത്തെ എതിർക്കുന്ന വിഭാഗം പറയുന്നു.
പുതിയ കുർബാനക്രമം നിലവിൽ വരുന്നതിന് തലേന്ന് തൃശൂരിലും ഇരിങ്ങാലക്കുടയിലും കടുത്ത പ്രതിഷേധമുയർന്നു. ചർച്ചക്കൊടുവിൽ നിലവിലെ രീതി തുടരാമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ സർക്കുലർ പുറപ്പെടുവിച്ചതോടെ ഇവിടെ പ്രശ്ന പരിഹാരമായി.
എന്നാൽ, ബിഷപ്പിനെ തടഞ്ഞുവെച്ച് രാത്രിയിലും സമരം തുടർന്ന തൃശൂർ അതിരൂപതയിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും സിനഡ് തീരുമാനം നടപ്പാവുമെന്നായിരുന്നു മാർ താഴത്തിെൻറ നിലപാട്. ലൂർദ് കത്തീഡ്രലിലായിരുന്നു ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പങ്കെടുത്ത പരിഷ്കരിച്ച കുർബാന നടന്നത്. സഭയിൽ ഭിന്നിപ്പില്ലെന്നും ഐക്യത്തിന് വേണ്ടിയാണ് കുർബാന പരിഷ്കരണമെന്നും മാർ താഴത്ത് പറഞ്ഞു.
എറണാകുളം അതിരൂപതയിൽ ജനാഭിമുഖ കുർബാന മാത്രം
കൊച്ചി: ആരാധനക്രമം അടിച്ചേൽപിക്കാനുള്ള സിറോ മലബാർ സിനഡിെൻറ നീക്കത്തിനെതിരെ നിലവിലെ ജനാഭിമുഖ കുർബാന തുടരാനുള്ള അനുവാദം നൽകിയ ഫ്രാൻസിസ് മാർപാപ്പക്ക് അഭിനന്ദനങ്ങളുമായി എറണാകുളം അതിരൂപത വിശ്വാസികൾ. പുതിയ ആരാധനക്രമം അടിച്ചേൽപിക്കാനുള്ള സിനഡ് നീക്കം വത്തിക്കാെൻറ പ്രത്യേക ഉത്തരവിനെ തുടർന്ന് നടപ്പിലായില്ലെന്ന് വിശ്വാസി കൂട്ടായ്മയായ അതിരൂപത അൽമായ മുന്നേറ്റം ഭാരവാഹികൾ വ്യക്തമാക്കി. എറണാകുളം അതിരൂപതയിലെ 342 ഇടവക ദേവാലയങ്ങൾ ഉൾപ്പെടെ 450 അധികം സെൻററുകളിൽ ജനാഭിമുഖ കുർബാനയാണ് അർപ്പിച്ചത്. എറണാകുളം അതിരൂപതയിൽ നടന്ന ഭൂമികുംഭകോണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽനിന്ന് വിശ്വാസികളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് സിനഡ് രംഗത്ത് വന്നതെന്ന് ഇവർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.