യൂനിഫോം തുക വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക്: ഉത്തരവ് തിരുത്തി
text_fieldsകൽപറ്റ: സ്കൂൾ യൂനിഫോമിനുള്ള തുക വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കണമെന്ന നിർദേശം തിരുത്തി ധനവകുപ്പിന്‍റെ ഉത്തരവ്. സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ യൂനിഫോമിനു നൽകുന്ന അലോട്ട്മെന്‍റ് ഈ വർഷവും പ്രധാനാധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതിന് ഒറ്റത്തവണത്തേക്ക് പ്രത്യേക അനുമതി നൽകിയാണ് ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിക്കുവേണ്ടി ജോ. സെക്രട്ടറി ഒ.ബി. സുരേഷ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂൾ വിദ്യാർഥികൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് നിർദേശമെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു.
ചെലവഴിക്കാതെ ബാക്കി നിൽക്കുന്ന തുക മാർച്ച് 31നു മുമ്പ് സർക്കാറിലേക്ക് തിരികെ അടച്ച് റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്. സർക്കാർ ഹൈസ്കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന എ.പി.എൽ ആൺകുട്ടികൾക്കും എയ്ഡഡ് സ്കൂളുകളിലെ യു.പി വിഭാഗം ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ യൂനിഫോം നൽകുന്നതിന് വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ട് നമ്പർ അടക്കമുള്ള വിവരങ്ങൾ മാർച്ച് 10ന് മുമ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരുടെ മെയിൽ അഡ്രസുകളിലേക്ക് അയക്കണമെന്നായിരുന്നു മാർച്ച് എട്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം.
ഉത്തരവ് ഇറങ്ങിയപ്പോൾ തന്നെ, അധികൃതരുടെ നിർദേശം അപ്രായോഗികമാണെന്ന് ആക്ഷേപമുയർന്നു. അധ്യയന വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, രണ്ട് ദിവസത്തിനിടയിൽ മുഴുവൻ വിദ്യാർഥികളുടെയും അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു. വിദ്യാർഥികളിൽ അധികപേരും നിലവിൽ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരാണ്.
അക്കൗണ്ട് തുറക്കാൻ ബാങ്കുകളിൽ പോവാൻ, പരീക്ഷ പടിവാതിൽക്കലെത്തി നിൽക്കെ ലീവെടുക്കേണ്ടിവരുമെന്നത് പ്രായാസമുണ്ടാക്കുമായിരുന്നു. രണ്ട് ജോഡി യൂനിഫോമിന് 600 രൂപയാണ് ഓരോ വിദ്യാർഥിക്കും നൽകുക. 400 രൂപ തുണിക്കും 200 വസ്ത്രം തയ്പിക്കാനുള്ള ചെലവുമെന്ന് കണക്കാക്കിയാണ് ഈ തുക നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.