ഏക സിവിൽ കോഡ്: കേന്ദ്ര നീക്കത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും -മുസ്ലിം ലീഗ്
text_fieldsമലപ്പുറം: രാജ്യത്ത് ഏക സിവിൽ കോഡ് കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് മുസ്ലിം ലീഗ്. പ്രധാനമന്ത്രിയുടെ പ്രസ്താവന ദുരൂഹവും ഭരണഘടന വിരുദ്ധവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഏക സിവിൽ കോഡ് വിഷയത്തിൽ അടിയന്തര രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നശേഷം സംസാരിക്കുകയായിരുന്നു ലീഗ് നേതാക്കൾ.
പ്രധാനമന്ത്രിയുടെ പ്രസ്താവന ജനങ്ങൾക്കിടയിൽ അങ്ങേയറ്റം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഭരണഘടന ഏക സിവിൽ കോഡ് അംഗീകരിക്കുന്നില്ല എന്നത് വ്യക്തമാണ്. അതിനെ മറികടന്ന് നിയമം കൊണ്ടുവരാനുള്ള നീക്കം രാജ്യത്ത് സൃഷ്ടിക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. അതിൽനിന്നും സർക്കാർ പിന്നോട്ടുപോയേ തീരൂ -സാദിഖലി തങ്ങൾ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽവി ഭയക്കുന്ന ബി.ജെ.പി, പുതിയ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ബി.ജെ.പിക്ക് മറ്റൊരു ഭരണനേട്ടവും പറയാനില്ലാത്തതുകൊണ്ട് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്ന് ചർച്ചയാക്കാനാണ് ശ്രമം. കർണ്ണാടക തെരഞ്ഞെടുപ്പ് കാലത്ത് ചെയ്തതിന് സമാനമാണ് ഇതും. മണിപ്പൂരിൽപോലും ഒരു അഭിപ്രായവും പറയാതെ, മിണ്ടാതിരുന്ന പ്രധാനമന്ത്രിയാണ് ഇപ്പോൾ യാതൊരു കാര്യവുമില്ലാതെ ഏക സിവിൽ കോഡ് ഉയർത്തികൊണ്ടുവരുന്നത്. ജനത്തെ വിഡ്ഢികളാക്കുന്ന ഈ നടപടിയെ പാർട്ടി ശക്തമായി എതിർക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇന്ത്യയിൽ ഏക സിവിൽ കോഡ് പ്രയോഗികമായി നടപ്പാക്കാനാവില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഞങ്ങളുടെ എതിർപ്പ് മാത്രമല്ല പ്രശ്നം, ബഹുസ്വരമായ വൈവിധ്യങ്ങളേറെയുള്ള രാജ്യമാണിത്. വ്യത്യസ്തമായ വിഭാഗങ്ങളിൽപ്പെട്ട ആളുകൾക്ക് അവരുടേതായ ആചാരങ്ങളും നിയമങ്ങളുമുണ്ട്. അതല്ലൊം മാറ്റിമറിക്കുക അസാധ്യമാണ്. നരേന്ദ്രമോദിക്ക് തെരഞ്ഞെടുപ്പിനെ ഭയമാണ് എന്നതാണ് വാസ്തവം. നോട്ടുനിരോധനവും സാമ്പത്തികരംഗത്തെ പ്രശ്നങ്ങളുമെല്ലാമായി കേന്ദ്ര സർക്കാർ കുരുക്കിലാണ്. പ്രതിപക്ഷകക്ഷികൾ ഒത്തൊരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കം ബി.ജെ.പി ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. കർണ്ണാടക തെരഞ്ഞെടുപ്പിൽ സാധ്യമായ തുറുപ്പുചീട്ടുകളെല്ലാം നരേന്ദ്ര മോദി പുറത്തെടുത്തെങ്കിലും അതെല്ലാം പൊളിഞ്ഞു. ഈ ഘടകങ്ങളെല്ലാം അദ്ദേഹത്തെ ഭയപ്പെടുത്തുന്നുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി ഇത്തരമൊരു അജണ്ടയുമായി മുന്നോട്ടുപോകുന്നത് -ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.