ഏക സിവിൽ കോഡ്: ലീഗിനെ തള്ളാനും കൊള്ളാനുമാവാതെ സി.പി.എം
text_fieldsതിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്ലിം ലീഗിനെ തള്ളാനും കൊള്ളാനുമാവാതെ സി.പി.എം. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ ജനാധിപത്യ പാർട്ടിയെന്നാണ് ലീഗിനെ സി.പി.എം സംസ്ഥാന സെക്രട്ടറി വിശേഷിപ്പിച്ചത്. രണ്ട് ദിവസമായി നടന്ന സി.പി.എം സംസ്ഥാന സമിതി തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ലീഗിനെ അനുകൂലിച്ചുള്ള പരാമർശം. മുസ്ലിംങ്ങൾക്കിടയിലെ ഒരു വിഭാഗത്തെ ഒപ്പം നിർത്താനുള്ള ശ്രമം പാർട്ടിയിൽ സജീവമാണെന്ന വാദത്തിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ പരാമർശം എന്നതും ശ്രദ്ധേയം. ഗവർണർ വിഷയത്തിലും മറ്റും ലീഗിന്റെ ശരിയായ നിലപാടിനെ ഞങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അവരുമായി മുമ്പും ബന്ധമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചുണ്ടിക്കാട്ടുന്നു. കൂടാതെ അവരിൽനിന്ന് മുളച്ചുണ്ടായ ഐ.എൻ.എല്ലുമായുള്ള ബന്ധവും അദ്ദേഹം ഓർമിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി ന്യൂനപക്ഷങ്ങൾക്കിടയിൽ രൂപപ്പെട്ടതിന് സമാനമായ ഐക്യം ഏക സിവിൽ കോഡിലും ഉണ്ടാകുന്നതാണ് ഈ വീണ്ടുവിചാരത്തിന് കാരണമെന്നാണ് സൂചന. നേരത്തേ പാർട്ടി സെക്രട്ടറി ചുമതല വഹിച്ചിരുന്ന എ. വിജയരാഘവൻ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾ ആവർത്തിച്ചപ്പോഴൊന്നും പാർട്ടി തങ്ങളുടെ നിലപാട് വിശദീകരിച്ചിരുന്നില്ല. ഏക സിവിൽ കോഡിനെതിരായ സംസ്ഥാന തല സെമിനാറിന്റെ വേദിയായി കോഴിക്കോട് തെരഞ്ഞെടുത്തതിൽ തന്നെ പാർട്ടി സമീപനം വ്യക്തമാണ്.
കൂടാതെ മുസ്ലിം ലീഗിന് പുറമെ സമസ്തയുടെ ഇരുവിഭാഗങ്ങളും ഈ വിഷയത്തിൽ സി.പി.എം നിലപാട് ആരാഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സി.പി.എം പരിപാടിയിൽ സമസ്ത നേതവ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെ പങ്കെടുത്തിരുന്നു. ഏക സിവിൽ കോഡ് വിഷയത്തിൽ ആരൊക്കെ പങ്കെടുക്കണമെന്ന കാര്യം സംഘാടകസമിതിയാണ് തീരുമാനിക്കുകയെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുക്കുന്നതിൽ എതിർപ്പില്ല എന്നുമായിരുന്നു സെക്രട്ടറിയുടെ പ്രതികരണം.
ഇന്നത്തെ പരിതസ്ഥിതിയിൽ നടപ്പാക്കാൻ കഴിയുന്ന ഒന്നല്ല ഏക സിവിൽ കോഡ് എന്ന കാര്യം പാർട്ടി പി.ബിയും സംസ്ഥാന കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തി കോഴിക്കോട് നടത്തുന്ന സംസ്ഥാനതല സെമിനാറിൽ ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയവാദികളല്ലാത്തവരെ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. ജനാധിപത്യപരമായി ഈ അപകടം ഗൗരവതരമാണെന്ന് കാണുന്ന എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും കാമ്പയിൻ. സമസ്ത ഉൾപ്പെടെയുള്ള ആരെയും ക്ഷണിക്കാം എന്ന് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഏക സിവിൽ കോഡ് നടപ്പാക്കിയാൽ ജനാധിപത്യത്തിന്റെ അവസാനമാണ്. അതിനെ ചെറുക്കുന്നതിന് വേണ്ടി തയാറായ മുഴുവൻ വിഭാഗങ്ങളുമായി യോജിച്ച് പോകുന്നതിന് തടസ്സമില്ല. ഇത് രാഷ്ട്രീയ കൂട്ടുകെട്ടൊന്നുമല്ലല്ലോ. ഇക്കാര്യത്തിൽ ആര് യോജിച്ചുവരുന്നതിലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.