Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏക സിവിൽ കോഡിൽ...

ഏക സിവിൽ കോഡിൽ എൽ.ഡി.എഫിൽ പൊട്ടിത്തെറി; പൊതുസമൂഹത്തിൽ സി.പി.എം ഒറ്റപ്പെട്ടെന്ന് കെ. സുധാകരന്‍

text_fields
bookmark_border
k sudhakaran 897876
cancel

തിരുവനന്തപുരം: ഏക സിവിൽ കോഡിന്‍റെ പേരില്‍ യു.ഡി.എഫില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച സി.പി.എം ഏകപക്ഷീയ നിലപാടുമൂലം എല്‍.ഡി.എഫിലും വിഷയത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചതിന് കേരളീയ പൊതുസമൂഹത്തിലും ഒറ്റപ്പെട്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന്‍. മുന്നണിയിലെ രണ്ടാമത്തെ പ്രധാന പാര്‍ട്ടിയെ പോലും ബോധ്യപ്പെടുത്താനാകാത്ത സി.പി.എം ഏക സിവിൽ കോഡില്‍ ഒന്നിനു പിറകേ ഒന്നായി തിരിച്ചടികള്‍ നേരിടുന്നതായും സുധാകരൻ പറഞ്ഞു.

പ്രമുഖരായ നിരവധി വ്യക്തികളും സാമൂഹിക സംഘടനകളും സി.പി.എം സെമിനാറില്‍ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിംലീഗിനെ പിടിക്കാന്‍ പോയവര്‍ക്ക് ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല, കക്ഷത്തിലിരുന്നതു പോകുകയും ചെയ്തു. ഐക്യജനാധിപത്യ മുന്നണിയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച സി.പി.എം, ഇടതുമുന്നണിയെ പൊട്ടിത്തറിയുടെ വക്കിലാണ് എത്തിച്ചിരിക്കുന്നത്.

സി.പി.ഐയുടെ പ്രമുഖ നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കില്ലെന്നു തീരുമാനിച്ചത് സി.പി.എമ്മിന്റെ മുഖത്തേറ്റ അടിയാണ്. സി.പി.ഐയെ മൂലക്കിരുത്തിയുള്ള സി.പി.എമ്മിന്റെ ഏകപക്ഷീയമായ പോക്കുമൂലം മുന്നണി തന്നെ ശിഥിലമാകുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ മുന്നണി യോഗത്തില്‍ പങ്കെടുക്കാതെ അതിന് ആക്കംകൂട്ടുന്നു. മൂന്നൂ മാസത്തിലധികമായി ഇടതുമുന്നണി യോഗം ചേര്‍ന്നിട്ട്. എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതു മുതല്‍ ഇടഞ്ഞുനിൽക്കുന്ന ജയരാജനെ റിസോര്‍ട്ട് വിഷയത്തില്‍ പാര്‍ട്ടി കൈവിട്ടതും അദ്ദേഹത്തെ ചൊടിപ്പിച്ചു.

കാര്‍ഷികോൽപന്നങ്ങളുടെ മൂല്യവര്‍ധനയും വിപണനവും ലക്ഷ്യമിട്ട് രൂപീകരിക്കുന്ന കമ്പനിയെ മന്ത്രിസഭായോഗത്തില്‍ വച്ച് മുഖ്യമന്ത്രി വെട്ടിയത് സി.പി.ഐയുടെ കൃഷിമന്ത്രി പി. പ്രസാദിന് കനത്ത തിരിച്ചടിയായി. കടക്കെണിയിലാകുന്ന കര്‍ഷകര്‍ക്ക് ഒരു തവണമാത്രം കടാശ്വാസം നൽകിയാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനവും സി.പി.ഐയെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇ.എം.എസിനെയും ഇ.കെ നായനാരെയും പോലുള്ള പ്രമുഖ നേതാക്കളെ തള്ളിക്കളയുന്ന അഭിനവ നേതൃത്വത്തിന്റെ പിടിപ്പുകേടില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ എതിര്‍പ്പുണ്ട്. രാഷ്ട്രീയലക്ഷ്യം മാത്രം മുന്നില്‍ നിര്‍ത്തി കേരളീയ സമൂഹത്തെ വര്‍ഗീയവത്കരിക്കുന്ന സി.പി.എം നിലപാടുകളില്‍ പാര്‍ട്ടിക്കകത്ത് അതൃപ്തിയുള്ളവരും ഏറെയാണ്. കലാപക്കൊടി ഉയര്‍ത്തിയ എം.വി രാഘവന്റെ ബദല്‍ രേഖയില്‍ 25 വര്‍ഷത്തിനു ശേഷം സി.പി.എം തിരിച്ചെത്തിയപ്പോള്‍, അദ്ദേഹത്തെ പുറത്താക്കിയതും കൊല്ലാന്‍ ശ്രമിച്ചതുമൊക്കെ ഇനി സി.പി.എമ്മിന് എങ്ങനെ ന്യായികരിക്കാനാകുമെന്നും കെ. സുധാകരന്‍ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uniform Civil CodeCPMK Sudhakaran
News Summary - Uniform Civil Code: CPM is isolated in the general society - K. Sudhakaran
Next Story