വ്യക്തിനിയമ പരിഷ്കരണ നിലപാട് അരക്കിട്ടുറപ്പിച്ച് സി.പി.എം സെമിനാർ
text_fieldsകോഴിക്കോട്: ഏക സിവിൽ കോഡ് പാടില്ല, വ്യക്തിനിയമങ്ങളിൽ പരിഷ്കരണം വേണം എന്ന സി.പി.എം നിലപാട് അഖിലേന്ത്യ ജന. സെക്രട്ടറി സീതാറാം യെച്ചൂരിയിലൂടെ അരക്കിട്ടുറപ്പിച്ച് സി.പി.എം സെമിനാർ. സെമിനാറിൽ സംസാരിച്ച ക്രൈസ്തവ സഭ പ്രതിനിധികൾ സി.പി.എം നിലപാടിനോട് യോജിച്ചപ്പോൾ മുസ്ലിം സംഘടനകളിൽ കെ.എൻ.എം മർകസുദ്ദഅ്വയും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനും മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.
സമസ്തയുടെ ഇരുവിഭാഗങ്ങളും കെ.എൻ.എമ്മും ഏക സിവിൽ കോഡ് വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കാൻ മുന്നോട്ടുവന്ന സി.പി.എമ്മിനെ അഭിനന്ദിച്ചു. കേരള ദലിത് ഫെഡറേഷന്റെ പി. രാമഭദ്രനൊഴിച്ച് ക്ഷണിച്ച മുഴുവൻ സംഘടന പ്രതിനിധികളെയും പങ്കെടുപ്പിക്കുന്നതിൽ സംഘാടകർ വിജയിച്ചു. ഏക സിവിൽ കോഡും വ്യക്തിനിയമങ്ങളും സംബന്ധിച്ച് ആഴത്തിലുള്ള ചർച്ച സെമിനാറിൽ ഉണ്ടായില്ല. അതേസമയം, രാജ്യത്തിന്റെ വൈവിധ്യങ്ങൾ തകർക്കാനുള്ള ബി.ജെ.പി സർക്കാർ നീക്കത്തിനെതിരെ സെമിനാർ ഒറ്റക്കെട്ടായിരുന്നു. ഉദ്ഘാടകനായ യെച്ചൂരിയുടെ പ്രസംഗവും ഈ വശത്തിൽ ഊന്നിയായിരുന്നു. വിവേചനം ഒഴിവാക്കുന്നതിനും സമത്വം പാലിക്കുന്നതിനും വ്യക്തിനിയമങ്ങളിൽ പരിഷ്കരണം വേണമെന്ന് യെച്ചൂരി അടിവരയിട്ടു.
താമരശ്ശേരി രൂപതയുടെ ഫാ. ജോസഫ് കളരിക്കലും സി.എസ്.ഐ വിഭാഗത്തിന്റെ ഡോ. ടി.എ. ജെയിംസും പരിഷ്കരണം ആവശ്യമാണെന്ന കാര്യത്തിൽ യോജിച്ചു. പ്രത്യേകിച്ച്, സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടെങ്കിൽ സർക്കാർ നിയമനിർമാണത്തിലൂടെ അത് തടയണമെന്നും അവർ പറഞ്ഞു. കെ.പി.എം.എസ് ജന. സെക്രട്ടറി പുന്നല ശ്രീകുമാറിനും വ്യക്തിനിയമങ്ങളിൽ പരിഷ്കരണം വേണമെന്ന നിലപാടായിരുന്നു.
അതേസമയം, വ്യക്തിനിയമങ്ങൾ അതത് മതങ്ങളുടെ തത്ത്വസംഹിതക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും സ്ത്രീകളുടെ കാര്യത്തിൽ നീതിയും സമത്വവും ഒരുപോലെയല്ലെന്നും കെ.എൻ.എം മർകസുദ്ദഅ്വ ജന. സെക്രട്ടറി സി.പി. ഉമർ സുല്ലമി പറഞ്ഞു. പൂജാരികളുടെ കൂട്ടത്തിൽ വനിതകൾ ഇല്ലാത്തതുപോലെ, പാർട്ടി ഭാരവാഹിത്വങ്ങളിൽ മതിയായ സ്ത്രീ പ്രാതിനിധ്യമില്ലാത്തതുപോലെ സ്ത്രീസമത്വം പ്രായോഗികമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സ്ത്രീകൾക്ക് നീതി നിഷേധിക്കുന്നുണ്ടെങ്കിൽ അതിൽ ചർച്ചയാകാം.
കുടുംബത്തിന്റെ ബാധ്യത മുഴുവൻ പുരുഷന് നൽകിയാണ് ഇസ്ലാം സ്ത്രീക്ക് സ്വത്തിന്റെ അവകാശം നിർണയിച്ചതെന്നും അത് അനീതിയല്ലെന്നും ഉമർ സുല്ലമി വ്യക്തമാക്കി. വ്യക്തിനിയമം ദൈവികമാണെന്നും സംഘടനകൾക്കും വ്യക്തികൾക്കും അതിൽ കൈകടത്താൻ വിശ്വാസപരമായി അനുവാദമില്ലെന്നും വിസ്ഡം പ്രതിനിധി ടി.കെ. അഷ്റഫ് പറഞ്ഞു. സമസ്ത ഇരു വിഭാഗങ്ങളുടെ നേതാക്കളെയും മുജാഹിദ് നേതാക്കളെയും ഒരുമിച്ച് വേദിയിലിരുത്താനായത് സംഘാടനത്തിന്റെ മികവായി. ഐ.എൻ.എല്ലിന്റെ രണ്ടു വിഭാഗങ്ങളെയും ക്ഷണിച്ചത് കൗതുകമായി. ഐ.എൻ.എൽ പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവർകോവിലും മുൻ പ്രസിഡന്റും മറുവിഭാഗത്തിന്റെ നേതാവുമായ പ്രഫ. എ.പി. അബ്ദുൽ വഹാബും വേദിയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.