ഏക സിവിൽകോഡ്: സി.പി.എമ്മിന്റേത് ഡേർട്ടി പൊളിറ്റിക്സ്, മുസ്‍ലിംകളുടെ പ്രശ്നമാക്കാൻ സി.പി.എമ്മിനും മോദിക്കും ആഗ്രഹം -ആഞ്ഞടിച്ച് ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsമലപ്പുറം: സി.പി.എം നടത്തുന്ന ഏകസിവിൽ കോഡ് സെമിനാറിൽ ലീഗിനെ ക്ഷണിച്ചത് കാപട്യമാണെന്ന് മുസ്‍ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ. സി.പി.എം ഒരിക്കലും ഒരുകാലഘട്ടത്തിലും സത്യസന്ധമായ സമീപനം എടുത്തിട്ടില്ല. എല്ലാകാര്യത്തിലും കാപട്യവും ദുരുദ്ദേശവും വെച്ചുപുലർത്തുന്ന സംഘടനയാണ്. മത, രാഷ്ട്രീയ സംഘടനകളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുന്ന ഡേർട്ടി പൊളിറ്റിക്സാണ് സി.പി.എം പയറ്റുന്നത്. എല്ലാ രാഷ്ട്രീയ നീക്കത്തിലും അവരുടെ ഇരട്ടത്താപ്പ് വ്യക്തമാണ്. ജനങ്ങളുമായോ സമൂഹവുമായോ ഒരു ബന്ധവുമില്ലാതെ അവരുടെ നേട്ടം മാത്രം ലക്ഷ്യമാക്കിയാണ് നിലപാടുകൾ സ്വീകരിക്കുന്നത് -അദ്ദേഹം പറഞ്ഞു.
ഏകസിവിൽ കോഡ് വിഷയത്തെ മുസ്ലിം സമുദായത്തെ ബാധിക്കുന്ന പ്രശ്നമായാണ് സി.പി.എം കാണുന്നത്. അത് തന്നെയാണ് ബി.ജെ.പിക്കും വേണ്ടത്. അതേ മുനയാണ് സി.പി.എമ്മും എടുക്കുന്നത്. ഇത് മുസ്ലിംകളുടെ തലയിലിടാനുള്ള ആഗ്രഹം മോദിക്കുമുണ്ട്, കുറച്ച് ഇവിടത്തെ സി.പി.എമ്മിനുമുണ്ട്. എന്നാൽ, ലീഗ് കാണുന്നത് ഇത് ഇന്ത്യയെ ബാധിക്കുന്ന പ്രശ്നമായാണ്. ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണെന്ന് ലീഗ് മുൻകൈയെടുത്ത് കോഴിക്കോട് വിളിച്ചു ചേർത്ത യോഗത്തിൽ വ്യക്തമാക്കിയതാണ്. മോദിക്കറിയാം ഏക സിവിൽ കോഡ് എളുപ്പത്തിൽ നടപ്പാക്കാനാവില്ലെന്ന്്. അവരുടെ കൂടെ നിൽക്കുന്നവർക്ക് പോലും ഇത് പ്രശ്നമുണ്ടാക്കും. അതുകൊണ്ടാണ് ഇതുവരെ ഏക സിവിൽകോഡ് എന്താണെന്ന് കൃത്യമായ വിവരം പുറത്തുവിടാത്തത്.
രാഷ്ട്രീയ ലാഭ അജണ്ടയാണ് മോദിക്കുള്ളത്. സി.പി.എം ട്രാപ്പിൽ വീഴുന്ന പാർട്ടിയല്ല ലീഗ്. സി.എ.എ വിഷയത്തിൽ സമരം നടത്തിയവർക്കെതിരായ കേസ് പിൻവലിക്കുമെന്ന് പറഞ്ഞ സി.പി.എം ഇതുവരെ വാക്കുപാലിച്ചിട്ടില്ല. ഇതുപോലെ എത്രയെത്ര കാര്യങ്ങളിൽ സി.പി.എം ന്യൂനപക്ഷവിരുദ്ധ നിലപാട് സ്വീകരിച്ചതിന് തെളിവുണ്ടെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.