ഏക സിവിൽകോഡ്, ജൻഡർ ന്യൂട്രാലിറ്റി; മുസ്‍ലിം ലീഗ് വിളിച്ച യോഗത്തിൽ മുജാഹിദ് പങ്കെടുക്കില്ല
text_fieldsഏറെ വിവാദങ്ങളുണ്ടാക്കിയ ഏക സിവിൽ കോഡ്, ജൻഡർ ന്യൂട്രാലിറ്റി എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മുസ്ലിം ലീഗ് വിളിച്ച യോഗത്തിൽ കേരള നദ്‍വത്തുൽ മുജാഹിദീൻ പങ്കെടുക്കില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് സമാപിച്ച കേരള നദ്‍വത്തുൽ മുജാഹിദീൻ സംസ്ഥാന സമ്മേളനത്തിൽനിന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അടക്കം പാണക്കാട് നിന്നുള്ള നേതാക്കൾ വിട്ടുനിന്നിരുന്നു. ഇതേ തുടർന്നാണ് സുപ്രധാന യോഗത്തിൽനിന്ന് മുജാഹിദ് വിഭാഗം വിട്ടുനിൽക്കുന്നതെന്നാണ് സൂചന.
‘നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്ന തലക്കെട്ടിൽ കെ.എൻ.എം സംഘടിപ്പിച്ച പരിപാടിയിൽ ബി.ജെ.പി-സംഘ്പരിവാർ നേതാക്കളെ പങ്കെടുപ്പിച്ചതിനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചതിന് ശേഷമാണ് സാദിഖലി തങ്ങൾ അടക്കമുള്ളവർ പരിപാടിയിൽനിന്ന് പിൻമാറിയത്. ഇതിനുള്ള മറുപടി എന്ന നിലക്ക് ലീഗ് വിളിച്ചുചേർത്ത യോഗത്തിൽനിന്ന് പിൻമാറാനാണ് കെ.എൻ.എം എടുത്ത തീരുമാനം എന്നാണ് വിവരം.
കെ.എൻ.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽതന്നെ ലീഗ് വിളിക്കുന്ന യോഗം സംബന്ധിച്ച് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ഗഫൂർ സൂചനകൾ നൽകിയിരുന്നു. ഏക സിവിൽ കോഡ്, ജൻഡർ ന്യൂട്രാലിറ്റി വിഷയങ്ങളിൽ മുസ്‍ലിം ലീഗ് യോഗം വിളിച്ചിട്ടുണ്ടെന്നും അവിടെയും പങ്കെടുത്ത് എല്ലാ സംഘടനകളും അഭിപ്രായങ്ങൾ വ്യക്തമാക്കണം എന്നുമായിരുന്നു ഫസൽ ഗഫൂർ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.