ഉത്തരഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ
text_fieldsഉത്തരഖണ്ഡിൽ ഏകീകൃത സിവിൽകോഡ് പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി
ന്യൂഡൽഹി: ആശങ്കകൾ നിലനിൽക്കെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരഖണ്ഡ്. ഇതോടെ തിങ്കളാഴ്ചമുതൽ സംസ്ഥാനത്ത് ഒരുമിച്ചുള്ള ജീവിതം, വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, അനന്തരാവകാശം എന്നിവയടക്കം വിഷയങ്ങളിൽ ഏകീകൃത മാനദണ്ഡങ്ങൾ നിലവിൽവന്നു. ഉത്തരഖണ്ഡില്‍ മുഴുവന്‍ ബാധകമായ നിയമം, സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഉത്തരഖണ്ഡുകാര്ക്കും ബാധകമാണ്. അതേസമയം, ആദിവാസി വിഭാഗങ്ങളെയും മറ്റു ചില പ്രത്യേക വിഭാഗങ്ങളെയും പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹവും വിവാഹമോചനവും അടക്കം രജിസ്റ്റര്‍ ചെയ്യാൻ പുതിയ യു.സി.സി പോര്‍ട്ടലും ഉത്തരഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി തിങ്കളാഴ്ച പ്രകാശനം ചെയ്തു.
2022 നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ് ബി.ജെ.പി അധികാരം നിലനിർത്തിയാൽ സംസ്ഥാനത്ത് യു.സി.സി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. മാർച്ചിൽ ഉത്തരഖണ്ഡിൽ പുതിയ സർക്കാർ നിലവിൽവന്നതിന് പിന്നാലെ നടന്ന മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ ഇതിനായി വിദഗ്ധ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചിരുന്നു.
വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിലായിരുന്നു അഞ്ചംഗ വിദഗ്ധ സമിതി. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ‘യൂനിഫോം സിവിൽ കോഡ് ഉത്തരഖണ്ഡ് -2024’ ബിൽ ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭ പാസാക്കി. രാഷ്ട്രപതിയുടെ അനുമതിക്കുശേഷം മാർച്ച് 12ന് നിയമം വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ക്കിടെ ഈ നിയമത്തിന്റെ പരീക്ഷണഭൂമിയായി മാറുകയാണ് ഉത്തരഖണ്ഡ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.