ഏകസിവില്‍ കോഡ്: സംഘ്പരിവാര്‍ ന്യൂനപക്ഷവും മതനിരപേക്ഷ ഭൂരിപക്ഷവും തമ്മിലുള്ള പ്രശ്നം -എസ്.ഡി.പി.ഐ
text_fieldsകൊല്ലം: ഏക സിവില്‍കോഡ് രാജ്യത്തെ സംഘ്പരിവാര്‍ ന്യൂനപക്ഷവും മതനിരപേക്ഷ ഭൂരിപക്ഷവും തമ്മിലുള്ള പ്രശ്നമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കൊല്ലം പ്രസ് ക്ലബില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018ല്‍ 20ാം നിയമ കമീഷന്‍ ഇത് പ്രായോഗികമല്ലെന്ന് കണ്ടെത്തി തള്ളിയിരുന്നു.
21ാം നിയമ കമീഷന്‍ ഇതുസംബന്ധിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പൊടുന്നനെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനം തന്നെ ജനാധിപത്യവിരുദ്ധമാണ്. പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്നത് രാജ്യത്തെ ജനതയുടെ അഭിപ്രായമല്ല, മറിച്ച് ആർ.എസ്.എസിന്റെ അഥവാ ഗോള്‍വാള്‍ക്കര്‍ ചിന്താധാരയാണ്. രാജ്യത്തിന്റെ പൈതൃകത്തിനും ബഹുസ്വരതക്കും എതിരാണ് ഏക സിവില്‍കോഡ്. ഇത്തരമൊരു സാഹചര്യത്തെ വര്‍ഗീയവത്കരിച്ച് സമൂഹത്തില്‍ അകല്‍ച്ച സൃഷ്ടിക്കാനുള്ള ആർ.എസ്.എസ് അജയണ്ടയാണിതെന്ന തിരിച്ചറിവോടെ കാര്യങ്ങളെ സമീപിക്കാനുള്ള ഉത്തരവാദിത്തം സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍കോഡ് വിഷയം ഹിന്ദു-മുസ്‍ലിം പ്രശ്നമാക്കി മാറ്റാനുള്ള സി.പി.എമ്മിന്റെ ശ്രമം കാപട്യമാണ്. ഇത് രാജ്യ താൽപര്യത്തിനും പൈതൃകത്തിനും എതിരാണെന്നിരിക്കെ ചര്‍ച്ചകള്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയുമായി കൂട്ടിക്കെട്ടുന്ന സി.പി.എം ദുഷ്ടലാക്ക് മതനിരപേക്ഷ ജനത തിരിച്ചറിയണം. ഏക സിവില്‍ കോഡ് ന്യൂനപക്ഷ പ്രശ്നമോ മുസ്‍ലിം പ്രശ്നമോ മാത്രമായി ചുരുക്കാനുള്ള ഗൂഢ തന്ത്രമാണ് സി.പി.എം ഉള്‍പ്പെടെയുള്ളവര്‍ പയറ്റുന്നത്. ഇതുതന്നെയാണ് സംഘ്പരിവാര്‍ ലക്ഷ്യവും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നയുടൻ സി.പി.എം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെന്ന അനാവശ്യ വിവാദം ഉയര്‍ത്തുകയായിരുന്നു.
ഏക സിവില്‍കോഡിന് അനുകൂലമായി നിലകൊണ്ട പ്രസ്ഥാനമാണ് സി.പി.എം. വര്‍ഗീയ ധ്രുവീകരണത്തിലൂടെ താല്‍ക്കാലിക നേട്ടം കൊയ്യാമെന്ന സംഘ്പരിവാർ അജണ്ട അതേ രൂപത്തില്‍ നടപ്പാക്കാനാണ് സി.പി.എമ്മും ശ്രമിക്കുന്നത്. അത് ഗുരുതര സ്ഥിതി സൃഷ്ടിക്കും. സി.പി.എം അതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.
വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എ.കെ സലാഹുദ്ദീന്‍, കൊല്ലം ജില്ല ജനറല്‍ സെക്രട്ടറി ഷഫീഖ് എം. അലി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.