ഏക സിവിൽകോഡ്; കരുതലോടെ മുസ്ലിം സംഘടനകൾ
text_fieldsകോഴിക്കോട്: ഏക സിവിൽകോഡ് വിവാദം കത്തിപ്പടരുന്നതിനിടെ, ഇതുസംബന്ധിച്ച രാഷ്ട്രീയനീക്കങ്ങൾ കരുതലോടെ വീക്ഷിച്ച് മുസ്ലിം സംഘടനകൾ. ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി നടത്തിയ പ്രസ്താവനക്കു പിന്നാലെ സി.പി.എം നിലപാട് സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചതോടെ കേരളത്തിലും ചൂടേറിയ സംവാദങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്. വിഷയത്തിൽ ബി.ജെ.പിയുടെ അജണ്ട നേരത്തെ തിരിച്ചറിഞ്ഞ മുസ്ലിം സംഘടനകൾ വിവിധ പാർട്ടികളുടെ രാഷ്ട്രീയ അജണ്ടകൾക്കെതിരെ ജാഗ്രതയിലാണ്. പാണക്കാട് സാദിഖലി തങ്ങൾ ചൊവ്വാഴ്ച കോഴിക്കോട് വിളിച്ചുചേർത്ത മുസ്ലിം സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റി യോഗത്തിൽ സമാന ചിന്താഗതിക്കാരുമായി യോജിച്ച പ്രതിഷേധങ്ങൾക്ക് രൂപംനൽകുമെന്ന് അറിയുന്നു. ഏക സിവിൽകോഡിൽ കോൺഗ്രസ് പരുങ്ങിനിൽക്കുന്ന സാഹചര്യം മനസ്സിലാക്കി ഒരുമുഴം നീട്ടിയെറിഞ്ഞാണ് സി.പി.എം നിലപാട് പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ ധ്രുവീകരണ അജണ്ടക്കെതിരെ ന്യൂനപക്ഷ പിന്തുണ ലാക്കാക്കി സി.പി.എം സംസ്ഥാന കമ്മിറ്റി ഈ വിഷയത്തിൽ കോഴിക്കോട് സംസ്ഥാനതല സെമിനാറും തീരുമാനിച്ചിട്ടുണ്ട്. അതോടെ ശരീഅത്ത് വിവാദകാലത്ത് വ്യക്തിനിയമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാർട്ടിക്ക് ഇപ്പോൾ ഇക്കാര്യത്തിൽ എന്ത് നിലപാടാണുള്ളതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനാനേതാക്കൾ രംഗത്തുവന്നു. പ്രത്യേകിച്ചും വിവാഹം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി നിലപാട് വ്യക്തമാക്കണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽനിന്നുയർന്നത്.
പൗരത്വസമരം ചൂണ്ടിക്കാട്ടിയാണ് സി.പി.എം ഇതിന് മറുപടി നൽകുന്നത്. പൗരത്വസമരവും ഏക സിവിൽകോഡും തീർത്തും വ്യത്യസ്ത വിഷയങ്ങളായതിനാൽ ഈ താരതമ്യംകൊണ്ട് പിടിച്ചുനിൽക്കാനാകില്ല. വിവിധ മത, സാമുദായിക, ഗോത്രവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾക്ക് അനുസൃതമായി ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാനാണ് ഈ വിഭാഗങ്ങൾ പ്രതിഷേധത്തിനിറങ്ങുന്നത് എന്നതിനാൽ ഇക്കാര്യത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കാതെയുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ ആർജിക്കാനാകില്ലെന്ന് വിലയിരുത്തപ്പെടുന്നു. മാത്രവുമല്ല, ഏക സിവിൽ കോഡിനെ മുസ്ലിം വിഷയമാക്കി ചുരുട്ടിക്കെട്ടുന്നതിനെതിരെയുള്ള വിമർശനത്തിനും പാർട്ടിക്ക് മറുപടി പറയേണ്ടിവരും.
സി.പി.എം നിലപാട് പ്രഖ്യാപിച്ചതോടെ, വിഷയത്തിൽ അനങ്ങാപ്പാറനയം സ്വീകരിച്ച കോൺഗ്രസ് നേതൃത്വവും രംഗത്തിറങ്ങി. സി.പി.എമ്മിന്റെ മുതലെടുപ്പിന് തടയിടുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ ശക്തമായ വിമർശനമാണ് നേതാക്കൾ ഉയർത്തുന്നത്. അതേസമയം, ദേശീയതലത്തിൽ നയം വ്യക്തമാക്കാതെയുള്ള കോൺഗ്രസ് നിലപാടിനെയും മുസ്ലിം സംഘടനകൾ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. പ്രതിഷേധത്തിൽ മുസ്ലിം ലീഗിനെ സഹകരിപ്പിക്കുന്നതിൽ അനുകൂലമായി പ്രതികരിച്ച എം.വി. ഗോവിന്ദന്റെ നിലപാടും കോൺഗ്രസിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മുസ്ലിം സംഘടനകളെ ഏകോപിപ്പിച്ച് പ്രതിഷേധം ഉയർത്തുന്നതിനൊപ്പം സ്വന്തമായ സമരപരിപാടികൾക്ക് മുസ്ലിം ലീഗ് രൂപംനൽകിയിട്ടുണ്ട്.
മുസ്ലിം സംഘടനകളുടെ യോഗം ഇന്ന്
മലപ്പുറം: ഏക സിവിൽകോഡ് വിഷയത്തിൽ മുസ്ലിം സംഘടനകളുടെ കോഓഡിനേഷൻ യോഗം മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച കോഴിക്കോട്ട് ചേരും. എല്ലാ സംഘടന പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. രാവിലെ 11ന് മെറീന റെസിഡൻസിയിലാണ് യോഗം. എറണാകുളത്ത് ജൂലൈ 15ന് മുമ്പ് രാജ്യത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് സെമിനാർ നടത്തും. കോഴിക്കോട്ടും തിരുവനന്തപുരത്തും സെമിനാറുകൾ നടക്കും. സി.പി.എം ഈ വിഷയത്തിൽ നടത്തുന്ന പരിപാടിയിലേക്ക് ലീഗിന് ക്ഷണം കിട്ടിയിട്ടില്ല. കിട്ടിയാൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ശരീഅത്ത് വിവാദകാലത്തെ നിലപാടിൽനിന്ന് സി.പി.എമ്മിനുണ്ടായ മാറ്റം സ്വാഗതം ചെയ്യുന്നതായും സലാം വ്യക്തമാക്കി.
സമസ്ത കൺവെൻഷൻ എട്ടിന് കോഴിക്കോട്ട്
ചേളാരി: ഏക സിവില്‍കോഡും സമകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്യാൻ ജൂലൈ എട്ടിന് കോഴിക്കോട്ട് സമസ്ത കണ്വെന്ഷന് ചേരുന്നു. ഉച്ചക്ക് രണ്ടിന് ഫ്രാന്‍സിസ് റോഡിലെ സമസ്ത കോമ്പൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ ചേരുന്ന കണ്‍വെന്‍ഷനില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷകസംഘടന നേതാക്കള്‍, നിയമ വിദഗ്ധര്‍ എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.