ഏക സിവിൽ കോഡ്: യോജിച്ച പ്രതിഷേധത്തിന് മുസ്ലിം വ്യക്തിനിയമ ബോർഡ്
text_fieldsകോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എല്ലാ മത, സമുദായ നേതാക്കളുമായും കൂടിയാലോചിച്ച് യോജിച്ച പ്രതിഷേധം ഉയർത്തുമെന്ന് അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് വക്താവ് ഡോ. സയ്യിദ് ഖാസിം റസൂൽ ഇല്യാസ്. കോഴിക്കോട് മറിന റസിഡൻസിയിൽ മുസ്ലിം സംഘടന നേതാക്കളുടെ യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ജനകീയ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുകയാണ് സർക്കാർ ലക്ഷ്യം. ഏകസിവിൽ കോഡ് മുസ്ലിംകളെ മാത്രമല്ല, രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമാണ്. വൈവിധ്യങ്ങൾ അംഗീകരിച്ച ഭരണഘടനയെയാണ് സർക്കാർ വെല്ലുവിളിക്കുന്നത്. ഏക സിവിൽകോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട കേരളം, ബിഹാർ സർക്കാറുകളുടെ നിലപാട് സ്വാഗതാർഹമാണെന്നും എസ്.ക്യു.ആർ. ഇല്യാസ് പറഞ്ഞു.
മുസ്ലിം സ്ത്രീകൾ വിവേചനം പേറുന്നു എന്നാണ് പ്രചാരണം. നിയമ കമീഷനുമുന്നിൽ അഭിപ്രായം പറഞ്ഞ ഭൂരിഭാഗം മുസ്ലിം സ്ത്രീകളും ഏക സിവിൽ കോഡ് നടപ്പാക്കരുതെന്നാണ് അഭിപ്രായപ്പെട്ടതെന്ന് പ്രചാരണം നടത്തുന്നവർ ഓർക്കണം. അപ്രായോഗികമെന്ന് നിയമ കമീഷൻ അഭിപ്രായപ്പെട്ട ഏക സിവിൽ കോഡ് വീണ്ടും പൊടിതട്ടിയെടുക്കുന്നതിൽ ഗൂഢാലോചനയുണ്ട്. പരസ്പരം ഭിന്നിപ്പിക്കലും ധ്രുവീകരണവുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാബരി മസ്ജിദ് വിഷയത്തിലെന്ന പോലെയാണ് ഗ്യാൻവാപി മസ്ജിദിന്റെ കാര്യത്തിലും ഗൂഢാലോചന നടക്കുന്നത്. കേവലം ആരോപണങ്ങളുടെ പേരിൽ സർവേ നടത്താനൊരുങ്ങിയാൽ രാജ്യത്ത് എല്ലാ ആരാധനാലയങ്ങളുടെ മേലും ആരോപണം ഉന്നയിച്ച് സർവേ നടത്തുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
കൂടിക്കാഴ്ചയിൽ പേഴ്സനൽ ബോർഡ് എക്സിക്യൂട്ടിവ് അംഗം ഹാഫിദ് അബ്ദുശ്ശുക്കൂർ ഖാസിമി, ബോർഡ് ക്ഷണിതാവ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, പി.എം.എ. സലാം, എം.സി. മായിൻ ഹാജി, ഉമ്മർ പാണ്ടികശാല (മുസ്ലിം ലീഗ്), ഉമർ ഫൈസി മുക്കം (സമസ്ത കേരള ജംഇയ്യതുൽ ഉലമ), നാസർ ഫൈസി കൂടത്തായി (എസ്.വൈ.എസ്), അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി (സമസ്ത വിദ്യാഭ്യാസ ബോർഡ് മെംബർ), പ്രഫ. എ.കെ. അബ്ദുൽ ഹമീദ് (കേരള മുസ്ലിം ജമാഅത്ത്), എം.ഐ. അബ്ദുൽ അസീസ്, ശിഹാബ് പൂക്കോട്ടൂർ, അബ്ദുൽ ഹകീം നദ്വി (ജമാഅത്തെ ഇസ്ലാമി), എൻ.വി. അബ്ദുറഹ്മാൻ, അനസ് കടലുണ്ടി (കെ.എൻ.എം), ഹാഷിം ഹദ്ദാദ് തങ്ങൾ (ജംഇയ്യതുൽ ഉലമ ഹിന്ദ്, കേരള), അഡ്വ. മുഹമ്മദ് ഹനീഫ (മർകസുദ്ദഅവ), ഡോ. മുഹമ്മദ് യൂസുഫ് നദ്വി (റാബിത്വതുൽ അദബിൽ ഇസ്ലാമി), ഖാസിമുൽ ഖാസിമി (മജ്ലിസുത്തൗഹീദ്), ഇസ്സുദ്ദീൻ നദ്വി(നദ്വതുൽ ഉലമ കേരള ചാപ്റ്റർ), വി. റസൂൽ ഗഫൂർ (മുഫക്കിറുൽ ഇസ്ലാം ഫൗണ്ടേഷൻ) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.