സെമിനാറിന് എത്തിയില്ല: പാർട്ടിയെ അസ്വസ്ഥമാക്കി വീണ്ടും ഇ.പി; അമർഷം പരസ്യമാക്കി സെക്രട്ടറി
text_fieldsതിരുവനന്തപുരം: കോഴിക്കോട്ടെ ഏക സിവിൽ കോഡ് സെമിനാറിൽ നിന്ന് വിട്ടുനിന്നതിലൂടെ സി.പി.എമ്മിനെ വീണ്ടും അസ്വസ്ഥമാക്കി ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ ഇ.പി തുടരുന്ന നിസ്സഹരണ സമീപനത്തിന്റെ തുടർച്ചയാണ് സെമിനാറിലെ അസാന്നിധ്യം. ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് ഇ.പി. ജയരാജൻ സെമിനാർ തലേന്ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരത്തെത്തിയത്. സെമിനാർ ചർച്ചയാകേണ്ട ദിവസം എൽ.ഡി.എഫ് കൺവീനറിന്റെ അസാന്നിധ്യം വിവാദമായതോടെ സി.പി.എം നേതൃത്വം കടുത്ത അതൃപ്തിയിലാണ്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാക്കുകൾ ഈ അമർഷം അടിവരയിടുന്നു.
എന്താണ് വരാത്തതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നാണ് ഗോവിന്ദൻ പരസ്യമായി പ്രതികരിച്ചത്. ‘കൺവീനറായ ഒരാളെ ക്ഷണിക്കേണ്ട കാര്യമില്ല. നമ്മളയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ ഇങ്ങോട്ട് വരുന്നത്. പാർട്ടിയാണ് തീരുമാനിച്ചത്. ആ തീരുമാനം എല്ലാവർക്കും ബാധകമാണ്. ഇവിടെ (സെമിനാർ) ജനറൽ സെക്രട്ടറിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പിന്നെ ഇവിടെ പ്രത്യേകിച്ചാരെയും കൊണ്ടുവരേണ്ട കാര്യമില്ല. ഇത് എൽ.ഡി.എഫിന്റെ പരിപാടി അല്ലല്ലോ. കൺവീനർ പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്നും’ ഗോവിന്ദൻ പ്രതികരിച്ചു.
സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാത്ത ഇ.പി തൊട്ടടുത്ത ദിവസം ഡി.വൈ.എഫ്.ഐയുടെ താരതമ്യേന പ്രാധാന്യം കുറഞ്ഞ പരിപാടിയിൽ പങ്കെടുക്കുന്നതിന് കണ്ണൂരിൽനിന്ന് തലസ്ഥാനത്തേക്ക് വണ്ടികയറിയത് പാർട്ടി നേതൃത്വത്തോടുള്ള അവിശ്വാസ പ്രഖ്യാപനം കൂടിയായി വിലയിരുത്തപ്പെടുന്നു. കൂട്ടായ നേതൃത്വം എന്നതാണ് സി.പി.എമ്മിന്റെ സംഘടന സങ്കൽപം. ഇതിനെതിരായ ഇ.പിയുടെ നടപടികൾ പാർട്ടിയെ തുടർച്ചയായി സമ്മർദത്തിലാക്കുകയാണ്. ഈ മാസം ആദ്യം ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇ.പി എത്തിയിരുന്നില്ല. ഗവർണർക്കെതിരെ നടത്തിയ രാജ്ഭവൻ മാർച്ചിലും വിട്ടുനിന്നു.
ഇ.പി. ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലെന്നാണ് ഇ.പി വരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി പറഞ്ഞത്. ഞങ്ങളെയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ വന്നത്. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നുമായിരുന്നു പ്രതികരണം.
സെമിനാറിന്റെ മഹിമ ഇല്ലാതാക്കാനുള്ള നീക്കം - ബാലൻ
തിരുവനന്തപുരം: സെമിനാറിൽ പാർട്ടിയുടെ എല്ലാ നേതാക്കൾക്കും പങ്കെടുക്കാമെന്നും ഇ.പി പങ്കെടുക്കാത്തത് വിവാദമാക്കേണ്ടെന്നും കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലൻ. സെമിനാറിന്റെ മഹിമ ഇല്ലാതാക്കാനുള്ള നീക്കമാണ് വിവാദം. താൻ കേന്ദ്രകമ്മിറ്റയംഗമാണ്. പക്ഷേ, താൻ പങ്കെടുക്കുന്നില്ല. അതിൽ നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) വിഷമമില്ലേ. പാർട്ടി തീരുമാനിക്കുന്ന കാര്യത്തിൽ പ്രത്യേകമായി തങ്ങളാരെയും ക്ഷണിക്കാറില്ല. ഇതിൽ ഏതെങ്കിലും രൂപത്തിലുള്ള അസംതൃപ്തിജയരാജൻ പ്രകടിപ്പിച്ചിട്ടുണ്ടോ. ഇ.പിയുടെ വായിൽനിന്ന് അങ്ങനെയൊരു വാക്ക് വന്നിട്ടുണ്ടോയെന്നും ബാലൻ തിരുവനന്തപുരത്ത് ചോദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.