ടൂറിസ്റ്റ് ബസുകളിൽ ഏകീകൃത നിറം നിർബന്ധമാക്കും
text_fieldsതിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത നിറം കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനം. ജൂൺ മുതൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം വേണമെന്ന് എം.വി.ഡി തീരുമാനിച്ച് ഉത്തരവിറക്കിയതാണ്. അതനുസരിച്ച് വെള്ളയിൽ വയലറ്റും ഗോൾഡനും കലർന്ന വരക്കു മാത്രമേ അനുവാദമുള്ളൂ. മറ്റു നിറങ്ങളിലുള്ള ബസ് അടുത്ത ഫിറ്റ്നസ് പരിശോധനയുടെ സമയം മുതൽ പുതിയ കളർ കോഡിലേക്കു വരണമെന്നാണ് നിയമം. പക്ഷേ, പാലിക്കപ്പെട്ടിട്ടില്ല. ഇതു നിർബന്ധമാക്കും. വിനോദയാത്ര ആരംഭിക്കുന്നതിനു മുമ്പ് യാത്രാവിവരങ്ങൾ ബന്ധപ്പെട്ട ആർ.ടി.ഒയെ അറിയിക്കണമെന്ന നിർദേശം പാലിക്കാത്ത സ്കൂൾ, കോളജ് അധികൃതർക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ നിയമ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണിത്. തിങ്കളാഴ്ച ഉന്നതതലയോഗത്തിൽ നടപടി എങ്ങനെ എന്നതിൽ തീരുമാനമുണ്ടാകും. ജൂലൈ ഏഴിന് മോട്ടോർ വാഹന വകുപ്പ് വിദ്യാഭ്യാസ വകുപ്പിലെ ഡയറക്ടർമാർക്ക് ഇതിന് നിർദേശം നൽകിയിരുന്നു. അനാവശ്യരൂപമാറ്റം വരുത്താത്ത വാഹനങ്ങളിലാവണം യാത്രയെന്നും ആ ഉത്തരവിലുണ്ട്. എന്നാൽ, ഭൂരിഭാഗം സ്കൂൾ, കോളജ് അധികൃതരും ആർ.ടി.ഒയെ യാത്രാവിവരം അറിയിക്കാറില്ല.
രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടക്കുള്ള സമയത്ത് യാത്ര പൂർണമായും ഒഴിവാക്കണമെന്ന മോട്ടോർ വാഹനവകുപ്പിന്‍റെ നിർദേശം അനുസരിച്ച് 2007 മാർച്ച് രണ്ടിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.
റിപ്പോർട്ട് ഉടൻ മന്ത്രിക്ക് സമർപ്പിക്കും
തിരുവനന്തപുരം: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ വിശദ റിപ്പോർട്ട് ഗതാഗത കമീഷണർ ഉടൻ ഗതാഗത മന്ത്രിക്ക് കൈമാറും. 18 പേജുള്ള റിപ്പോർട്ട് ഞായറാഴ്ച കൈമാറുമെന്നായിരുന്നു വിവരമെങ്കിലും മന്ത്രി ആന്റണി രാജു കോട്ടയത്തായിരുന്നു. അപകട കാരണം, സാഹചര്യം, നിയമലംഘനം എന്നിവ വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ്ങും വാഹനത്തിന്റെ അമിത വേഗവുമാണ് അപകട കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വിശദ റിപ്പോർട്ട് ഗതാഗത കമീഷണർക്ക് നൽകിയത്. അപകടത്തിന്റെ ഡിജിറ്റൽ പുനരാവിഷ്കരണവും റിപ്പോർട്ടിനൊപ്പമുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.