അൺഎയ്ഡഡ് മേഖലയിൽ ഏകീകൃത ഫീസ് ഘടന നടപ്പാക്കും -മന്ത്രി വി. ശിവൻകുട്ടി
text_fieldsകൊച്ചി: അൺഎയ്ഡഡ് മേഖലയിൽ ഏകീകൃത ഫീസ് ഘടന രൂപപ്പെടുത്താൻ സർക്കാർ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അൺഎയ്ഡഡ് മേഖലയിലെ പല സ്കൂളുകളും അംഗീകാരം ഇല്ലാത്തവയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പൊതുവിദ്യാലയങ്ങളിലെ ഗുണമേന്മയുളള സൗജന്യ വിദ്യാഭ്യാസത്തിന്റെ മേന്മയറിഞ്ഞ് കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ചേർക്കാനൊരുങ്ങുമ്പോൾ പല അൺഎയ്ഡഡ് സ്ഥാപനങ്ങളും ടി.സി അനുവദിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ടി.സി ഇല്ലാതെതന്നെ സർക്കാർ സ്‌കൂളുകളിൽ ചേർക്കുന്നതിനുള്ള ഉത്തരവ് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
ഫീസ് നിർണയം, പിരിവ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂക്ഷ്മതലത്തിൽ പരിശോധിക്കുന്നതിന് സ്‌കൂൾതല, ജില്ലതല, സംസ്ഥാനതല കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്. രക്ഷാകർത്താക്കൾക്ക് ഫീസുമായി ബന്ധപ്പെട്ട പരാതികൾ അതത് കമ്മിറ്റിക്ക് നൽകാം. കമ്മിറ്റികൾ പരാതി പരിശോധിച്ച് തീർപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പല എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളും അമിത ഫീസ് ഈടാക്കുകയാണ്. സർക്കാർ അംഗീകാരമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനായി പൊതുമാനദണ്ഡങ്ങളോ ഏകീകരിച്ച മാർഗനിർദേശങ്ങളോ നിലവിലില്ല. സംസ്ഥാനത്തെ പല കുട്ടികളും ഓപൺ സ്‌കൂളിൽ രജിസ്ട്രേഷൻ നടത്തി ഇത്തരം സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നു. ഇത്തരം സ്ഥാപനങ്ങൾ അമിത ഫീസ് ഈടാക്കുന്നത് തടയുന്നതിന് പൊതുനയം രൂപവത്കരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.