ഹോട്ടൽ ഭക്ഷണ വില ഏകീകരണം അട്ടിമറിക്കപ്പെടുന്നു
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് ഹോട്ടലുകളിലെ ഭക്ഷണവില ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങൾ അട്ടിമറിക്കപ്പെടുന്നു. ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലും ഭക്ഷണ സാധനങ്ങൾക്ക് പലവിധത്തിലാണ് നിരക്കുകൾ. ഒരേ പ്രദേശത്തുതന്നെ വിവിധ ഹോട്ടലുകളിൽ ഉൗൺ ഉൾപ്പെടെയുള്ളവക്ക് തോന്നിയപോലെ വില ഇൗടാക്കുന്ന രീതി അവസാനിപ്പിക്കാൻ സർക്കാർ തലത്തിൽ തുടക്കമിട്ട ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഹോട്ടൽ ഭക്ഷണ വില ഏകീകരിക്കുന്നതിനായി കൊണ്ടുവന്ന ബിൽ നിയമമാക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽനിന്ന് എൽ.ഡി.എഫ് സർക്കാർ പിറകോട്ട് പോവുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമംമൂലം ഭക്ഷണ വില ഏകീകരിക്കാൻ സാധ്യമല്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഹോട്ടലുകളെ ഗ്രേഡ് ചെയ്ത് വില ഏകീകരിക്കൽ നിയമപരമായി നിലനിൽക്കില്ലെന്നാണ് മന്ത്രി പറഞ്ഞത്. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ബില്ലിന് പ്രസക്തിയില്ലെന്ന നിലപാടിലാണ് മന്ത്രി.
ഭക്ഷണസാധന വില നിയന്ത്രിക്കാൻ സംസ്ഥാന, ജില്ല അതോറിറ്റി രൂപവത്കരിക്കുക, ഹോട്ടലുകൾക്ക് രജിസ്ട്രേഷൻ ഉൾപ്പെടെ നിയന്ത്രണങ്ങൾ കൊണ്ടുവരുക, ഹോട്ടലുകളെ ഗ്രേഡായി തിരിച്ച് വിലനിലവാരം നിശ്ചയിക്കുക, നിയമം ലംഘിക്കുന്നവയുടെ രജിസ്ട്രേഷൻ റദ്ദാക്കുക തുടങ്ങിയ വിഷയങ്ങളായിരുന്നു യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് മന്ത്രി അനൂപ് ജേക്കബ് തയാറാക്കിയ ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്. ബേക്കറികളെയും ഫാസ്റ്റ്ഫുഡ് സെൻററുകളെയും തട്ടുകടകളെയും ഹോട്ടൽ നിർവചനത്തിൽപ്പെടുത്തിയിരുന്നു. കേരള ഹോട്ടൽ (ഭക്ഷണവില ക്രമീകരണം) ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും നിയമനിർമാണം നടത്താൻ സാധിച്ചിരുന്നില്ല.
ഹോട്ടലുകളെ ഗ്രേഡ് ചെയ്യുന്നതിന് നിയമ നിർമാണം അപ്രായോഗികമാണെന്ന അഭിപ്രായമാണ് നിയമ വകുപ്പുമായി ആലോചിച്ചപ്പോൾ ലഭിച്ചതെന്നും ഇതിനെ എങ്ങനെ മറികടക്കാമെന്നത് ആലോചിക്കുന്നുണ്ടെന്നും ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സിവിൽ സപ്ലൈസിെൻറ മേൽനോട്ടത്തിൽ ഹോട്ടലുകൾ ആരംഭിക്കുന്നതും പരിഗണിക്കും. മുമ്പ് ഇത്തരത്തിൽ ആരംഭിച്ച ഹോട്ടലുകൾ പൂട്ടാനിടയായ സാഹചര്യവും തമിഴ്നാട്ടിൽ ഇത്തരം ഹോട്ടലുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ചും പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.