റവന്യൂ അദാലത്തുകൾക്ക് ഇനി ഏകീകൃത രൂപം
text_fieldsകക്കോടി( കോഴിക്കോട്): ജില്ല കലക്ടർമാരുടെ നേതൃത്വത്തിൽ റവന്യൂവകുപ്പ് നടത്തുന്ന പരാതി പരിഹാര അദാലത്തുകളെ സംബന്ധിച്ച് മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവിറങ്ങി. പല ജില്ലകളിലും അദാലത്തുകളിൽ വ്യത്യസ്തമായ രീതികൾ സ്വീകരിച്ചുവരുന്നതു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് ജില്ല കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തുകൾക്ക് ഏകീകൃത മാർഗം അവലംബിക്കുന്നത്. അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവിറക്കിയത്.
എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച ഒരു ജില്ലയിലെ ഒരു താലൂക്കിൽ വീതം ജില്ല കലക്ടർ പരാതി പരിഹാര അദാലത്ത് (പി.പി.എ) സംഘടിപ്പിക്കണം. അദാലത്തിെൻറയും തുടർപ്രവർത്തനങ്ങളുടെയും നിരീക്ഷണത്തിനായി ജില്ല കലക്ടറേറ്റുകളിലും ആർ.ഡി.ഒ ഒാഫിസുകളിലും താലൂക്ക് ഒാഫിസുകളിലും ആവശ്യമായ ജീവനക്കാരെ ഉൾക്കൊള്ളിച്ച് പി.പി.എ സെൽ രൂപവത്കരിക്കണം. അപേക്ഷകളുടെയും തുടർനടപടികളുടെയും പൂർണ ഉത്തരവാദിത്തം തഹസിൽദാർമാർക്കായിരിക്കും. താലൂക്കുകളുടെ ചുമതല ഡെപ്യൂട്ടി കലക്ടർമാർക്കായിരിക്കും. പഞ്ചായത്തുതലത്തിൽ മീറ്റിങ് സംഘടിപ്പിക്കേണ്ടതും വില്ലേജ് ജീവനക്കാർക്ക് മാർഗനിർദേശം നൽകുകയും ചെയ്യേണ്ടത് ഡെപ്യൂട്ടി കലക്ടർമാരുടെ ചുമതലയാണെന്ന് ഉത്തരവിൽ പറയുന്നു.
അദാലത്ത് തീയതിക്ക് ഒരാഴ്ച മുമ്പ് ആർ.ഡി.ഒ അദാലത്ത് സജ്ജീകരണങ്ങൾ ഒരുക്കണം. അദാലത്ത് തീയതിക്ക് 15 ദിവസം മുമ്പ് വരെ ലഭിക്കുന്ന അപേക്ഷകൾ അദാലത്തിൽ പരിഗണിക്കണമെന്ന് ഉത്തരവിൽ പറയുന്നു. മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഒാഫിസിൽനിന്നും സർക്കാറിൽനിന്നും തുടർനടപടികൾക്കായി അയച്ചവ പരിഗണനക്ക് ഉൾപ്പെടുത്തണം.
സർക്കാർ തീരുമാനം ആവശ്യമായ അപേക്ഷകൾ കലക്ടർ മുഖാന്തരം രണ്ടാഴ്ചക്കുള്ളിൽ സർക്കാറിന് സമർപ്പിക്കണം. ലഭിക്കുന്ന എല്ലാ അപേക്ഷകളും സോഫ്റ്റ്വെയറിൽ എൻട്രി വരുത്തേണ്ടതുമാെണന്നും മറ്റു വകുപ്പുകൾക്ക് കൈമാറുന്ന അപേക്ഷകൾ ഒാൺലൈനായി തന്നെ അയക്കണമെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു. തിക്കും തിരക്കും ഇല്ലാത്ത രീതിയിൽ അന്വേഷണത്തിനും മറ്റുമായി ആവശ്യമായ കൗണ്ടറുകൾ കവാടത്തിന് അടുത്തായി സജ്ജീകരിക്കണം.
അദാലത്തുകളിൽ ധനസഹായ വിതരണം നടത്താൻ പാടില്ല. അംഗപരിമിതർക്കുള്ള സൗകര്യങ്ങൾ അദാലത്ത് വേദിയിൽ ഒരുക്കുകയും എല്ലാവർക്കും ആവശ്യമായ വൈദ്യസഹായത്തിനുള്ള സൗകര്യം സജ്ജീകരിക്കുകയും വേണം. ഒരു അദാലത്തിൽ ലഭിക്കുന്ന അപേക്ഷകൾ ദീർഘകാലം തീരുമാനമെടുക്കാതെ അപേക്ഷകനെ ഒന്നിലധികം അദാലത്തുകളിൽ വരുത്തി ബുദ്ധിമുട്ടിക്കാനും പാടില്ലെന്ന് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.