ബജറ്റിലെ മുഖംതിരിക്കൽ; ഇനി പ്രതീക്ഷ മൂലധന വായ്പയിൽ
text_fieldsതിരുവനന്തപുരം: കേന്ദ്രബജറ്റിലെ അവഗണനയുടെ പശ്ചാത്തലത്തിൽ ഓരോ വകുപ്പിനും നേടിയെടുക്കാൻ കഴിയുന്ന കേന്ദ്രപദ്ധതികൾക്കുള്ള രൂപരേഖ തയാറാക്കാൻ വകുപ്പുകൾക്ക് മുഖ്യമന്ത്രിയുടെ നിർദേശം. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
മൂലധന ചെലവിലേക്കായി ദീർഘകാല വായ്പ സംസ്ഥാനങ്ങൾക്ക് നൽകുന്നതിനായി 1.5 ലക്ഷം കോടി ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. വലിയ പദ്ധതികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടിയാണ് പലിശയില്ലാതെ 50 വർഷത്തേക്കുള്ള ഈ വായ്പ. കേരളത്തിലെ പദ്ധതികൾക്ക് ഇത്തരം ദീർഘകാല വായ്പ ലഭ്യമാകാൻ ഉതകുന്ന പദ്ധതികൾ സമർപ്പിക്കാനാണ് വകുപ്പുകൾക്ക് നിർദേശം നൽകിയത്.
വിഴിഞ്ഞം പദ്ധതിയാണ് ഇതിൽ പ്രധാനമായും ഉന്നതതലയോഗം ചൂണ്ടിക്കാട്ടിയത്. വിഴിഞ്ഞത്തിനായി പ്രത്യേക സാമ്പത്തിക സഹായം പ്രീബജറ്റ് ചർച്ചകളിൽ കേരളം മുന്നോട്ടുവെച്ചിരുന്നെങ്കിലും ബജറ്റിൽ അതുണ്ടായില്ല.
ഈ സാഹചര്യത്തിൽ വിഴിഞ്ഞത്തിന്റെ ദേശീയ-അന്തർദേശീയ പ്രാധാന്യം മുൻനിർത്തി വിശദ പദ്ധതിരേഖയുമായി വീണ്ടും കേന്ദ്രത്തെ സമീപിക്കും. ഒപ്പം വരുന്ന രണ്ടു വർഷത്തിൽ നിർമാണ പ്രവർത്തനം ആരംഭിക്കുയോ അല്ലെങ്കിൽ പൂർത്തിയാക്കുകയോ ചെയ്യുന്ന വലിയ പദ്ധതികളിൽ കേന്ദ്രത്തിന്റ ദീർഘകാല വായ്പ പദ്ധതി പ്രയോജയനപ്പെടുത്താനും ആലോചനയുണ്ട്.
മൂലധന പദ്ധതികൾക്കുള്ള ദീർഘകാല വായ്പ രണ്ടു വർഷം മുമ്പാണ് കേന്ദ്രം ഏർപ്പെടുത്തിയത്. ഒന്നാം വർഷം 1903 കോടി ഈ ഇനത്തിൽ കേരളത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഈ ഇനത്തിൽ ഒന്നും ലഭിച്ചിട്ടില്ല. വ്യവസ്ഥകൾ പാലിച്ചില്ലെന്നായിരുന്നു വായ്പ നിഷേധത്തിന് കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടിയത്. ഇക്കാര്യങ്ങളിൽ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം കേന്ദ്രപദ്ധതികൾ ലഭ്യമാകുന്നതിന് എം.പി.മാരുടെ ഇടപെടലും ഉപയോഗപ്പെടുത്തും. ലോക്സഭയിലെ ഇടപെടലുകൾക്ക് പ്രത്യേക രൂപരേഖ തയാറാക്കും.
കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ബ്രാൻഡിങ്ങിന്റെ പേരിൽ ഫണ്ട് തടയുന്ന പ്രവണത കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ വല്ലാതെ വെള്ളം കുടിപ്പിച്ചിരുന്നു. ഇത്തരം പദ്ധതികളിൽ കേന്ദ്രം ഏകപക്ഷീയ നിബന്ധനകൾ ഏർപ്പെടുത്തുന്നതും പിടിമുറുക്കുന്നതും കേരളത്തെ വലക്കുകയാണ്.
കേന്ദ്രവിഹിതം പ്രതീക്ഷിച്ച് സംസ്ഥാനം കൂടുതൽ വിഹിതം നീക്കിവെച്ചെങ്കിലും അതുണ്ടാകാത്തത് നിരവധി പദ്ധതികളെ താളം തെറ്റിച്ചു. ഈ വിഷയങ്ങളടക്കം ഉൾപ്പെടുത്തി കേരളം വിശദമായി കത്തയക്കാനും ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.