സി.പി.എം സെമിനാർ: സി.പി.ഐക്ക് തന്ത്രപരമായ സമീപനം
text_fieldsതിരുവനന്തപുരം: ഏക സിവിൽ കോഡ് വിരുദ്ധ സി.പി.എം സെമിനാറിനോട് സി.പി.ഐയുടേത് തന്ത്രപരമായ സമീപനം. ഈമാസം15ന് കോഴിക്കോട്ട് നടക്കുന്ന സെമിനാറിൽ സി.പി.ഐയുടെ സംസ്ഥാനതല നേതാക്കളാരും പങ്കെടുക്കില്ല. എന്നാൽ, സി.പി.ഐ പ്രതിനിധികളായി ജില്ലയിലെ നേതാക്കളുണ്ടാകും. പന്ന്യൻ രവീന്ദ്രൻ പങ്കെടുക്കുമെന്ന് സി.പി.എം ക്ഷണപത്രത്തിൽ പറയുന്നുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല, പകരം ഇ.കെ. വിജയൻ എം.എൽ.എ പങ്കെടുക്കും.
പങ്കെടുത്തു എന്നു വരുത്തുമ്പോഴും പരിപാടിയോട് പൂർണമായും ചേർന്നുനിൽക്കുന്നില്ല സി.പി.ഐ. മുന്നണിയിൽ ആലോചനയില്ലാതെ സി.പി.എം സ്വീകരിക്കുന്ന തീരുമാനങ്ങളിലെ അതൃപ്തിയാണ് സി.പി.ഐയുടെ ഉൾവലിയലിന് കാരണം. എന്നാൽ ജൂലൈ 13 മുതൽ പാർട്ടി ദേശീയ നേതൃയോഗം നടക്കുന്നതിനാൽ നേതാക്കളെല്ലാം ഡൽഹിയിലാകുമെന്നതാണ് മുതിർന്ന നേതാക്കൾ പങ്കെടുക്കാത്തതിന് കാരണമായി സി.പി.ഐ നൽകുന്ന വിശദീകരണം. സി.പി.എം സെമിനാറിൽനിന്ന് സി.പി.ഐ വിട്ടുനിൽക്കുന്നുവെന്ന റിപ്പോർട്ട് സി.പി.ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം തള്ളി.
സി.പി.ഐയുടെ പ്രതിഷേധം സി.പി.എമ്മിനെ അറിയിക്കുന്നതിനൊപ്പം അത് മുന്നണിയിൽ പുതിയ പ്രശ്നമായി മാറാതിരിക്കാനുള്ള കരുതലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം കണക്കാക്കുന്നത്. അതേസമയം, ഏതെങ്കിലുമൊരു പാർട്ടി പങ്കെടുക്കില്ലെന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നാണ് സി.പി.ഐയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കില്ലെന്ന ചോദ്യത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.
സി.പി.എം സെമിനാറിന് കോഴിക്കോട് ബിഷപ്പില്ല
കോഴിക്കോട്: സി.പി.എം നേതൃത്വത്തിലുള്ള ഏക സിവിൽകോഡ് സെമിനാറിന് ക്ഷണിച്ചെങ്കിലും കോഴിക്കോട് രൂപത ബിഷപ്പ് എത്തില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണിതെന്നും പകരം പ്രതിനിധികളെ അയക്കാൻ തീരുമാനിച്ചിട്ടില്ലെന്നും കോഴിക്കോട് ലത്തീൻ അതിരൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ മാധ്യമങ്ങളോട് പറഞ്ഞു. താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയലും ഡോ. ടി.ഐ. ജെയിംസും (സി.എസ്.ഐ സഭ) പങ്കെടുക്കുമെന്ന് സെമിനാർ സംഘാടകർ അറിയിച്ചു. കോഴിക്കോട് ബിഷപ് പങ്കെടുക്കാത്തത് വിയോജിപ്പ് കൊണ്ടല്ലെന്നും ക്ഷണിച്ചപ്പോൾ തന്നെ അസൗകര്യം അറിയിച്ചിരുന്നെന്നും പ്രതിനിധി ആരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.