ഏക സിവിൽ കോഡ്: മുസ്ലിം പ്രശ്നമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത് -പി. മുജീബുറഹ്മാൻ
text_fieldsകോഴിക്കോട്: ഏക സിവിൽ കോഡ് മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്നമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു. ഏക സിവിൽ കോഡിനായുള്ള സർക്കാർ നീക്കം രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള അജണ്ടയുടെ ഭാഗമാണ്.
മുസ്ലിം വെറുപ്പ് പടർത്താനും രണ്ടു മതവിഭാഗങ്ങൾക്കിടയിൽ വിഭജനം സൃഷ്ടിക്കാനുമുള്ള ബോധപൂർവ ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നത്. കേരളത്തിലും ഇതേ ആഖ്യാനം ചില രാഷ്ട്രീയ കക്ഷികൾ ഉയർത്തുന്നുണ്ട്. ഇത് മനസ്സിലാക്കാൻ മലയാളികൾക്ക് കഴിയണം.
രാജ്യത്ത് ഇത്രയേറെ വ്യക്തിനിയമങ്ങളുണ്ടായിട്ടും കഴിഞ്ഞ ഏഴരപതിറ്റാണ്ട് കാലം ഒരു പ്രശ്നവുമുണ്ടായിട്ടില്ല. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽതന്നെ നിയമ കമീഷൻ ഈ ആവശ്യത്തെ നിരാകരിച്ചത്. മുസ്ലിം സമൂഹത്തിന് ഒരുനിലക്കും ഏക സിവിൽ കോഡിനോട് യോജിക്കാനാവില്ലെന്നതിനാൽ സംഘടനകൾ ഇതിനോട് ഒറ്റക്കും കൂട്ടായും പ്രതികരിക്കും. പക്ഷേ, ഇതുവഴി വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് വംശീയ വിദ്വേഷം വളർത്താനോ സമുദായ സംരക്ഷകവേഷം കെട്ടാനോ ആരും തുനിയരുത്. ഇത് രാജ്യത്തിന്റെയും ഭരണഘടന പൗരന് ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിന്റെയും വൈവിധ്യത്തിന്റെയും പ്രശ്നമാണ്. ഈ രാഷ്ട്രീയ സത്യസന്ധത കാണിക്കാൻ എല്ലാവരും സന്നദ്ധമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.