കേന്ദ്ര തൊഴിൽ നിയമം: തൊഴിലാളി വിരുദ്ധമായവ നടപ്പാക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: പരിഷ്കരിച്ച കേന്ദ്ര തൊഴിൽ നിയമങ്ങളിൽ തൊഴിലാളികൾക്ക് വിരുദ്ധമായവ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. തൊഴിലുടമകളുടെ താൽപര്യം മാത്രം മുൻനിർത്തിയാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. സംസ്ഥാനത്തെ തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തൊഴിലാളി വിരുദ്ധ നയങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നതല്ലെന്ന് നേരത്തേ തന്നെ സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കുമെന്നും പി. നന്ദകുമാറിെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
കോഡുകൾക്ക് കേന്ദ്ര റൂൾസ് ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല. സംസ്ഥാന റൂൾസ് തയാറാക്കാൻ സർക്കാർ നടപടികളാരംഭിച്ചിട്ടുണ്ട്. അവസാന രൂപം നൽകുന്നതിനുമുമ്പ് ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചന നടത്തും. തൊഴിലാളി താൽപര്യം സംരക്ഷിക്കുന്നതിനോടൊപ്പം ആരോഗ്യകരമായ തൊഴിൽ ബന്ധം നിലനിർത്തുക എന്നതാണ് സർക്കാറിെൻറ ലക്ഷ്യം. തൊഴിൽ, ഭരണഘടനയിലെ കൺകറൻറ് ലിസ്റ്റിൽപെട്ടതാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായം ഒട്ടും പരിഗണിക്കാതെ കേന്ദ്രം നിയമമുണ്ടാക്കിയതിൽ കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാന സർക്കാറുകൾ ഉന്നയിച്ച എതിർപ്പുകൾ പരിഗണിക്കപ്പെട്ടിട്ടില്ല.
നിലവിൽ നാല് കോഡുകളും കേന്ദ്ര സർക്കാർ പാസാക്കിയെങ്കിലും നടപ്പിൽ വരുത്തുന്നതിന് കേന്ദ്ര സർക്കാർ പ്രത്യേക വിജ്ഞാപനം പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. അതിനു ശേഷമേ കോഡുകൾ പൂർണരൂപത്തിൽ പ്രാബല്യത്തിൽ വരികയുള്ളൂ. കേന്ദ്ര സർക്കാർ പാസാക്കിയ കോഡുകൾ പൂർണമായും പ്രാബല്യത്തിൽ വരാത്തതിനാൽ സംസ്ഥാന സർക്കാർ ഭേദഗതികളൊന്നും കൊണ്ടുവന്നിട്ടില്ല. നിയമങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാറിെൻറ അഭിപ്രായങ്ങളും നിർദേശങ്ങളും യഥാസമയം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.