Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപദ്രവം പരകോടിയിൽ;...

ഉപദ്രവം പരകോടിയിൽ; എന്നിട്ടും സീറോ മലബാർ സഭക്ക് പഥ്യം സംഘപരിവാറിനെ

text_fields
bookmark_border
ഉപദ്രവം പരകോടിയിൽ; എന്നിട്ടും സീറോ മലബാർ സഭക്ക് പഥ്യം സംഘപരിവാറിനെ
cancel

ആഗോള കത്തോലിക്ക സഭയിൽ പല ഉപവിഭാഗങ്ങളും സ്വതന്ത്രസഭകളുമുണ്ട്. അതിലൊന്നാണ് കേരളം ആസ്ഥാനമായ സീറോ മലബാർ സഭ. കേരളത്തിൽ ആകെയുള്ള 61.6 ലക്ഷം ക്രൈസ്തവരിൽ 23.5 ലക്ഷം, അതായതു 38 ശതമാനത്തോളംപേർ സീറോ മലബാർ സഭക്കാരാണ്. സഭയെ നയപരമായി നയിക്കുന്ന വേദിയാണ് സഭാ നിയമപ്രകാരം അഞ്ചുവർഷത്തിലൊരിക്കൽ ചേരേണ്ട ‘മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി’. 2016ലാണ് അവസാന അസംബ്ലി നടന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ എങ്ങോട്ടു തിരിഞ്ഞു കുർബാനചൊല്ലണമെന്ന വിവാദം കാരണമാണ് അഞ്ചുവർഷത്തിനു പകരം എട്ടാംവർഷം മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാം സമ്മേളനം ആഗസ്റ്റ് 23ന് പാലായിൽ തുടങ്ങിയത്.

സഭക്കും കൂടി അവകാശപ്പെട്ടതെന്നു കരുതുന്ന കേരള കോൺഗ്രസുകളെ പ്രതിനിധീകരിക്കുന്ന രണ്ട് എം.പിമാർ ഇന്ത്യൻ പാർലമെന്‍റിലുണ്ട്. ജോസ് കെ. മാണിയും ഫ്രാൻസിസ് ജോർജും. വിവിധ കേര ളകോൺഗ്രസുകളിൽ നിന്നു നാലു എം.എൽ.എമാർ നിയമസഭയിലുണ്ട്. അതിലൊന്ന് മന്ത്രി റോഷി അഗസ്റ്റ്യനാണ്. കോൺഗ്രസിൽ നോക്കിയാൽ വേറെയുമുണ്ട് സഭാമക്കൾ കൂടിയായ എം.എൽ.എമാർ. എന്നാൽ, അവരെയൊക്കെ മറികടന്നു ഉദ്ഘാടന സമ്മേളന വേദിയിലെത്താൻ ഭാഗ്യംകിട്ടിയ ഏക അൽമായൻ (വൈദികനല്ലാത്ത സഭാവിശ്വാസി) കേന്ദ്ര മന്ത്രി ജോർജ് കുര്യനാണ്. നാൽപതുവർഷമായി ആർ.എസ്.എസിന്‍റെ കറതീർന്ന പ്രവർത്തകനും സംഘപരിവാറിനായി ജീവിതം മാറ്റിവെച്ചതിന്‍റെ അംഗീകാരമായി എം.പി അല്ലാതിരുന്നിട്ടും കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയ അതേ ജോർജുകുര്യൻ.

സീറോമലബാർ സഭയുടെ രാഷ്ടീയ വിഭാഗമെന്ന് അറിയപ്പെടുന്ന കേരള കോൺഗ്രസുകളുടെ നേതാക്കളെ ഒഴിവാക്കി കടുത്ത ആർ.എസ്.എസ് പ്രവർത്തകനെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചതു സഭക്കുള്ളിൽതന്നെ കടുത്ത എതിർപ്പിനു കാരണമായിട്ടുണ്ട്. റബറിനു 300 രൂപ നൽകിയാൽ കേരളത്തിൽ നിന്നു ബി.ജെ.പിക്ക് എം.പിയെ നൽകാം എന്ന വിവാദ വാഗ്ദാനം നൽകിയ തലശേരി ആർച്ചു ബിഷപ്പും സിനഡ് സെക്രട്ടറിയുമായ മാർ ജോസഫ് പാംപ്ലാനിയുടെ നിർബന്ധത്തെ തുടർന്നാണ് ജോർജു കുര്യനു പ്രമുഖസ്ഥാനം നൽകിയതെന്ന് അൽമായ നേതാക്കൾ പറയുന്നു.

വിവാദകാരണം മധ്യപ്രദേശിലെ വികാരി ജനറാളിന്‍റെ അറസ്റ്റും

ജോർജ് കുര്യൻ ഡൽഹി കേന്ദ്രമായി പ്രവർത്തിച്ചിരുന്നപ്പോൾ ചുമതലയുണ്ടായിരുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവിടം ഭരിക്കുന്നതു ബി.ജെ.പി സർക്കാറാണ്. മധ്യപ്രദേശിലെ മിക്ക നഗരങ്ങളിലെയും കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതു ക്രൈസ്തവ സഭകളാണ്. ഇത്തരം സ്ഥാപനങ്ങളെ പൂട്ടിക്കാനായി സംഘപരിവാർ നേതൃത്വത്തിൽ വിദ്യാലയങ്ങൾ ആരംഭിച്ചെങ്കിലും കത്തോലിക്കാ സഭയുടെ മേധാവിത്വം തകർക്കാനായില്ല. മാത്രമല്ല, മികച്ച നിലവാരം പുലർത്തിയ സഭയുടെ വിദ്യാലയങ്ങളിലേക്ക് ബി.ജെ.പി പ്രവർത്തകർ പോലും കുട്ടികളെ ചേർക്കുന്ന അവസ്ഥയുണ്ടായി. ഈ അവസ്ഥ നേരിടാൻ ബി.ജെ.പി സർക്കാർ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിവിധ നിയമകുരുക്കുകളിൽ പെടുത്താനാരംഭിച്ചു. ഇതിന്‍റെ ഭവിഷ്യത്ത് എറ്റവും കൂടുതൽ അനുഭവിക്കേണ്ടിവന്നതു ജബൽപൂർ രൂപതയിലെ വികാരി ജനറാളും ‘പാലാക്കാരൻ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാദർ അബ്രഹാം താഴത്തേടത്താണ്.

കത്തോലിക്കാ സഭയെ സംബന്ധിച്ച് സ്വയംഭരണാവകാശമുള്ള സാമ്രാജ്യങ്ങളാണ് രൂപതകൾ. കാനോൻ നിയമവും ആലോചനാ യോഗങ്ങളും എടുത്തു കാട്ടാമെങ്കിലും അധികാരവും തീരുമാനങ്ങളും പൂർണമായും മെത്രാനു സ്വന്തമാണ്. മെത്രാൻ കഴിഞ്ഞാൽ രൂപതയിലെ ഏറ്റവും വലിയ അധികാര കേന്ദ്രമാണ് വികാരി ജനറാൾ. ജബൽപൂർ രൂപതയിലെ വികാരി ജനറാൾ എന്ന നിലയിൽ അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ട്രസ്റ്റിന്‍റെ വൈസ് ചെയർമാൻ കൂടിയാണ് ഫാദർ അബ്രഹാം താഴത്തേടത്ത്. ജബൽപൂരിലെ പ്രശസ്തമായ സെന്‍റ് അലോഷ്യസ് സീനിയർ സെക്കണ്ടറി സ്കൂൾ അടക്കമുള്ളവ ഈ ട്രസ്റ്റിനു കീഴിലാണ്. സ്കൂൾ നടത്തിപ്പുമായി നേരിട്ടു ബന്ധമില്ലാതിരുന്നിട്ടും 2024 മെയ് 27ന് ഫാദർ അബ്രഹാം താഴത്തേടത്തിനെ മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ അറസ്റ്റുചെയ്തു ജബൽപൂർ ജയിലിൽ അടച്ചു. പാഠപുസ്തകങ്ങൾ വിറ്റതിലും സ്കൂൾ ഫീസ് വാങ്ങിയതിലും അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

ഫാദർ അബ്രഹാം താഴത്തേടത്തിന്‍റെ കുടുംബാംഗങ്ങളിൽ നിന്നും വിവരമറിഞ്ഞ ജോസ് കെ. മാണി എം.പി 2024 ജൂലൈ ഒന്നിനു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവരെ നേരിട്ടു കണ്ടു ഫാദർ അബ്രഹാം താഴത്തേടത്തിന്‍റെ മോചനത്തിനായി ഇടപെടണമെന്ന് അഭ്യർഥിച്ചു. അനുകൂല മറുപടി കിട്ടാതായതോടെ പ്രശ്നം പാർലമെന്‍റിലും ഉന്നയിച്ചു. തുടർന്നു, ബി.ജെ.പി കോട്ടയം ജില്ല നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടു. 2024 ജലൈ 20നു ജോർജ് കുര്യനു മോചനം സംബന്ധിച്ച് കത്തുനൽകി. ഒരു നടപടിയുമുണ്ടായില്ല. രാഷ്ട്രീയ ഇടപെടൽ ഫലംകാണാതെ വന്നതോടെ ഫാദർ അബ്രഹാം താഴത്തേടത്തിന്‍റെ ബന്ധുക്കൾ സുപ്രീംകോടതിയെ സമീപിച്ചു. (ക്രിമിനൽ അപ്പീൽ നമ്പർ 9625/2024) കേസ് പരിഗണിച്ച ജസ്റ്റീസ് ബി.വി. നാഗരത്ന, ജസ്റ്റീസ് എൻ. കോട്ടീശ്വർ സിങ് എന്നിവരടങ്ങിയ ഡിവിഷൻബഞ്ച് ഫാദർ അബ്രഹാം താഴത്തേടത്തിനു ജാമ്യം നൽകി. ഉന്നത വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന വൈദികനെ നിസാര കാരണത്തിനു 85 ദിവസം ജയിലിലടച്ച സർക്കാറിനെ വിമർശിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചതു.

ന്യായമായ കാര്യത്തിനുപോലും സഭക്കൊപ്പം നിൽക്കാതിരിക്കുകയും അധികാരമുണ്ടായിട്ടും വികാരി ജനറാൾ പദവിയിലുള്ള ഒരു വൈദികന്‍റെ മോചനത്തിനു പരിശ്രമിക്കാതിരിക്കുകയും ചെയ്ത ഒരാളെ ‘സീറോമലബാർ സഭാംഗമായ കേന്ദ്രമന്ത്രി’ എന്ന വിശേഷണത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ സുപ്രധാന പരിഗണന നൽകിയതാണ് സഭാംഗങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. സീറോ മലബാർ സഭയിലെ അമ്പതോളം മെത്രാൻമാർക്കും 100 ൽ ഏറെ വികാരി ജനറാൾമാർക്കും മുന്നിലേക്കാണ് പ്രത്യേക പരിഗണന നൽകി ജോർജ് കുര്യനെ ആനയിച്ചത്. ദേശീയ തലത്തിൽ സംഘപരിവാർ അനുകൂലികൾ ക്രൈസ്തവരെ വ്യാപകമായി ആക്രമിക്കുമ്പോൾ സംഘപരിവാറുകാരനെ തന്നെ വിശിഷ്ടാതിഥിയായി അവതരിപ്പിക്കുന്നതിലെ വൈരുധ്യമാണ് ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നത്. മണിപ്പൂരിലടക്കം ക്രൈസ്തവരെ ആക്രമിക്കുന്നവരെ നേരിടുന്നത് കമ്യൂണിസ്റ്റു പാർട്ടിയിൽപെട്ടവരാണ്. അവർ ഭരിക്കുന്ന കേരളത്തിൽ സഭയുടെ സുപ്രധാന സമ്മേളനം നടന്നിട്ടും കമ്യൂണിസ്റ്റ് നേതാക്കളെ പങ്കെടുപ്പിക്കാത്തതിലും വിമർശനം ഉയരുന്നുണ്ട്.

അൽമായ പ്രതിനിധി സംഘത്തിലും ജനപ്രതിനിധികൾക്കു സ്ഥാനമില്ല

മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ ആകെ പങ്കെടുക്കുന്നതു 348 പേരാണ്. അതിൽ 80 വയസിൽ താഴപ്രായമുള്ള 50 െമത്രാൻമാർ, 108 വൈദികർ, 37 സന്യാസിനിമാർ, ഏഴ് സന്യാസ സഹോദരങ്ങൾ എന്നിവരടക്കം 202 പേർ വൈദിക, സമർപ്പിത സമൂഹത്തിൽ നിന്നുള്ളവരാണ്. ഈ വിഭാഗത്തിൽ ആഗോള തലത്തിൽ തന്നെ 25,000 ൽ താഴെ മാത്രമാണ് അംഗങ്ങളുള്ളത്. 2011ലെ സെൻസസ് പ്രകാരം സീറോ മലബാർ സഭയിൽ വിശ്വസിക്കുന്ന ജനങ്ങളുടെ എണ്ണം 2346000 ആണ്. ഇത്രയുംപേരെ പ്രതിനിധീകരിച്ച് 146 സാധാരണക്കരെ മാത്രമാണ് അസംബ്ലിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇവരിൽ സഭാവിശ്വാസികളായ എം.പിയോ എം.എൽ.എയോ ഇല്ല. സമാപന ദിവസമായ ഞായറാഴ്ച രാവിലെ എം.പിമാരെയും എം.എൽ.എമാരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട് എന്നതാണ് ഇക്കാര്യത്തിൽ സംഘാടകർ നൽകുന്ന വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:george kuriansyro malabar sabhaMajor Archi Episcopal Assembly
News Summary - Union Minister George kurian's presence in Major Archi Episcopal Assembly is in controversy
Next Story