‘കേരളത്തോട് ധനകാര്യ കമീഷനെ സമീപിക്കാനാണ് പറഞ്ഞത്’; ‘പിന്നാക്ക’ പരാമർശത്തിൽ മലക്കംമറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
text_fieldsന്യൂഡൽഹി: കേരളത്തെ പരിഹസിക്കുന്ന വിവാദ പരാമർശത്തിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യന്. കേരളത്തോട് ധനകാര്യ കമീഷനെ സമീപിക്കാനാണ് പറഞ്ഞതെന്ന് ജോർജ് കുര്യന് വിശദീകരിച്ചു. കൂടുതൽ വിഹിതത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ധനകാര്യ കമീഷനാണ്. അതിന്ശേഷമെ കേന്ദ്ര സർക്കാറിന് തീരുമാനമെടുക്കാനാവൂ എന്നാണ് ഉദ്ദേശിച്ചതെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
കേന്ദ്ര ബജറ്റിലെ കടുത്ത അവഗണനക്ക് പിന്നാലെ കേരളത്തെ പരിഹസിച്ചുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴിവെച്ചത്. ബജറ്റിൽ കേരളത്തോട് മുഖം തിരിച്ചത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ‘കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ ബജറ്റിൽ സഹായം പ്രഖ്യാപിക്കാമെന്നാ’യിരുന്നു കേന്ദ്രമന്ത്രിയുടെ പരമാർശം.
പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം നൽകുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കിൽ കമീഷൻ പരിശോധിച്ച് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
'പിന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് കൊടുക്കുന്നത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ, അപ്പോള്‍ കിട്ടും. ഞങ്ങള്‍ക്ക് റോഡില്ല, ഞങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല, ഞങ്ങള്‍ക്ക് അങ്ങനെയുള്ള കാര്യമില്ല എന്ന് കേരളം പ്രഖ്യാപിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ് എന്ന് പറഞ്ഞാൽ അത് കമീഷന് പരിശോധിക്കും. പരിശോധിച്ചു കഴിഞ്ഞാല്‍ സർക്കാറിന് റിപ്പോര്‍ട്ട് കൊടുക്കും. അങ്ങനെയാണ് തീരുമാനിക്കുക. അല്ലാതെ സർക്കാർ അല്ലല്ലോ' എന്നായിരുന്നു ജോർജ് കുര്യന് പറഞ്ഞത്.
കേന്ദ്ര മന്ത്രിയുടെ പരമാർശത്തിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ശക്തമായ സ്വരത്തിലാണ് പ്രതികരിച്ചത്. ദാരിദ്ര്യം സ്വയം സാക്ഷ്യപ്പെടുത്തിയാൽ സഹായം അനുവദിക്കാമെന്ന പരിഹാസ്യ നിലപാടാണിതെന്നാണ് വിമർശനം. കേരളത്തിന്റെ നേട്ടങ്ങളെ ബോധപൂർവം തമസ്കരിക്കാനുള്ള അജണ്ടയാണെന്നും ആക്ഷേപമുയരുന്നു.
കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവന അപക്വമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. കേരളം പിന്നാക്കം നില്‍ക്കുന്നുവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞാല്‍ എന്തെങ്കിലും തരാമെന്നാണ് ജോര്‍ജ് കുര്യന് പറഞ്ഞത്. ഇവരുടെയൊക്കെ തറവാട്ടില്‍ നിന്നുള്ള ഔദാര്യമല്ല, നികുതിയില്‍ നിന്നുള്ള വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ചോദിച്ചത്. ഭരണഘടനയില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍, ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കുമെന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേരളത്തെ അപമാനിച്ച കേന്ദ്ര മന്ത്രിക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ബി.ജെപി നേതാക്കൾക്ക് കേരള വിരുദ്ധ സമീപനമാണെന്നും കേരളം പിടിക്കാൻ കഴിയാത്തതിനാൽ അവഹേളിക്കാനാണ് ശ്രമിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.
അതേസമയം, സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുടെ പ്രതികരണം രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി കണ്ട് അവഗണിച്ചപ്പോഴാണ് കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയത്. പ്രതിരോധത്തിലായ ബി.ജെ.പി നേതാക്കൾ ജോർജ് കുര്യന്റെ വാദങ്ങളെ നേരിട്ട് പിന്തുണക്കാതെ സംസ്ഥാന സർക്കാറിനെ വിമർശിക്കുന്ന വളഞ്ഞവഴി നീക്കമാണ് സ്വീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.