കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
text_fieldsഗുരുവായൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ആഹിറിനൊപ്പമാണ് രാജ്നാഥ് സിങ് ദർശനത്തിനെത്തിയത്. ശനിയാഴ്ച പുലർച്ചെയായിരുന്നു മന്ത്രിമാരുടെ ദർശനം. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ ഇവർ പുലർച്ചെ 2.50നാണ് ക്ഷേത്രത്തിലെത്തിയത്. നിർമാല്യ ദർശനത്തിന് ശേഷം വിഗ്രഹത്തിലെ അലങ്കാരങ്ങൾ നീക്കി എണ്ണ അഭിഷേകം, വാകച്ചാർത്ത് എന്നിവ കഴിയും വരെ ശ്രീകോവിലിന് മുന്നിൽ നിന്നു. മേൽശാന്തി ഭവൻ നമ്പൂതിരി പ്രസാദം നൽകി.
ക്ഷേത്ര ഗോപുരത്തിൽ അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ പ്രസാദം നൽകി. 3.20നാണ് മന്ത്രിമാർ ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും മന്ത്രിമാരോടൊപ്പം ദർശനം നടത്തി. ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ഗുരുവായൂരപ്പെൻറ ചിത്രം മന്ത്രിക്ക് സമ്മാനിച്ചു. ദർശനത്തിന് ശേഷം ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ വിശ്രമിച്ച് 8.45നാണ് ഇരുമന്ത്രിമാരും ഗുരുവായൂരിൽ നിന്ന് മടങ്ങിയത്. ഐ.ജി എം.ആർ. അജിത്കുമാർ, കമീഷണർ യതീഷ്ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് രണ്ട് ദിവസമായി ഗുരുവായൂരിൽ സുരക്ഷ ഒരുക്കിയിരുന്നത്.
ഗുരുവായൂരിലെ റെയിൽ വികസനത്തിന് മുന്തിയ പരിഗണന- മന്ത്രി രാജ്നാഥ് സിങ്
ഗുരുവായൂര്‍: ഗുരുവായൂരിലെ റെയിൽ വികസനത്തിന് മുന്തിയ പരിഗണന നൽകുമെന്ന് മന്ത്രി രാജ്നാഥ് സിങ്. തൃശൂരിൽ നിന്ന് ഗുരുവായൂരിലെത്തി നിൽക്കുന്ന റെയിൽപാത വടക്കോട്ട് ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിെൻറ വികസന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് നൽകിയ നിവേദനത്തെ തുടർന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള ചന്ദനം അരക്കാനുള്ള ചാണക്കല്ലുകൾ ആന്ധ്രപ്രദേശിൽ നിന്നും ഒഡിഷയിൽ നിന്നും ലഭിക്കുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭിക്കാത്ത തടസ്സം നീക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വത്തിന് ഫോറിൻ കറൻസി റെഗുലേഷൻ ആക്ട് അനുസരിച്ചുള്ള രജിസ്േട്രഷൻ ഉടൻ അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
മന്ത്രിയുടെ വരവ് േക്ഷത്ര ദർശനത്തിലൊതുങ്ങി
ഗുരുവായൂര്‍: മാധ്യമങ്ങൾക്ക് മുഖം നൽകാതെ തീർത്തും ക്ഷേത്ര ദർശനമായി മാത്രം ഒതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഗുരുവായൂർ സന്ദർശനം. ഇതിന് മുമ്പ് 2016 ഡിസംബർ 29ന് രാജ്നാഥ് സിങ് ഗുരുവായൂരിൽ ദർശനത്തിനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരുമായി സംസാരിച്ചിരുന്നു. അന്ന് യമനിൽ ഭീകരരുടെ പിടിയിലായിരുന്ന ഫാ. ടോം ഉഴുന്നാലിനെ അറിയില്ലെന്ന് പ്രതികരിച്ചത് വിവാദമാവുകയും ചെയ്തു. ഇത്തവണ മന്ത്രി ശ്രീവത്സത്തിൽ നിന്ന് മടങ്ങുമ്പോൾ മാധ്യമ പ്രവർത്തകർ കാത്തുനിന്നെങ്കിലും മന്ത്രി ശ്രദ്ധിക്കാതെ കാറിൽ കയറി. വെള്ളിയാഴ്ച രാത്രി ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ മന്ത്രിയെ കാണാൻ ബി.ജെ.പി സംസ്ഥാന നേതാക്കളെയടക്കം പൊലീസ് അനുവദിച്ചിരുന്നില്ല. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ രൂക്ഷമായി സംസാരിച്ചതോടെയാണ് നേതാക്കളെ ശ്രീവത്സത്തിലേക്ക് പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.