കൊല്ലം തീരത്തെ എണ്ണ ഖനന സാധ്യത പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
text_fieldsന്യൂഡൽഹി: കൊല്ലം തീരത്തെ എണ്ണ ഖനന സാധ്യത പരിശോധിക്കുമെന്ന് കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. കൊല്ലത്ത് എണ്ണ ഖനനം സാധിക്കുമെന്ന് ഊഹാപോഹമുണ്ട്. ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം നടത്താൻ മലയാളി മന്ത്രി എന്ന നിലയിൽ സാധിക്കും.
കേരളം ടൂറിസത്തിന്‍റെ ഇന്ത്യൻ ഡെസ്റ്റിനേഷനാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് ടൂറിസത്തിൽ പുതിയ പടവുകൾ സൃഷ്ടിക്കും. ലോകത്തിനായുള്ള ഒരു ദേശീയ പാക്കേജാണ് ലക്ഷ്യം. വിശദമായി പഠിച്ച് ഉചിതമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പെട്രോളിയം, ടൂറിസം സഹമന്ത്രി എന്നത് വലിയ ഉത്തരവാദിത്തമാണ്. വകുപ്പുകൾക്ക് തന്‍റേതായ സംഭാവനകൾ നൽകും. അടുത്ത വർഷം ജനഹിതമനുസരിച്ച് തൃശൂർ പൂരം നടത്തുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
നടനും തൃശൂർ എം.പിയുമായ സുരേഷ് ഗോപി കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയായി ഇന്ന് ചുമതലയേറ്റു. പെട്രോളിയം, ടൂറിസം മന്ത്രാലയങ്ങളുടെ ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്.
തൃശൂർ ലോക്സഭ മണ്ഡലത്തിൽ നിന്നാണ് എൻ.ഡി.എ സ്ഥാനാർഥിയായ സുരേഷ് ഗോപി വിജയിച്ചത്. 74,686 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.