കേരളത്തിൽ എയിംസ് അനുവദിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശിപാർശ
text_fieldsന്യൂഡൽഹി: കേരളത്തിനുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കേന്ദ്രസർക്കാറിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ. ഇതിനായി സ്ഥലം നിർദേശിക്കാൻ കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
എയിംസിന് തത്ത്വത്തിലുള്ള അനുമതിക്കായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ധനമന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ബജറ്റ് വിഹിതം വകയിരുത്തുന്നതിനും പ്രാഥമിക നടപടികളുമായി മുന്നോട്ടുപോകുന്നതിനും ധനമന്ത്രാലയത്തിന്റെ തത്ത്വത്തിലുള്ള അംഗീകാരം വേണം. കഴിഞ്ഞ ലോക്സഭ സമ്മേളനത്തിൽ കെ. മുരളീധരൻ എം.പിയാണ് കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഇതിന് ഏപ്രിൽ 19ന് ആരോഗ്യ സഹമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് എയിംസ് പരിഗണനയിലാണെന്ന് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജനക്ക്(പി.എം.എസ്.എസ്.വൈ) കീഴിൽ എല്ലാ സംസ്ഥാനങ്ങളിലും ഘട്ടം ഘട്ടമായി എയിംസ് സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് കേന്ദ്രസർക്കാർ എന്ന് മന്ത്രി അറിയിച്ചു. എയിംസിനായി നാല് സ്ഥലങ്ങൾ കേരളസർക്കാർ മന്ത്രാലയത്തിന് മുമ്പാകെ നിർദേശിച്ചിട്ടുണ്ട്.
ദേശീയ ആരോഗ്യദൗത്യത്തിന് (എൻ.എച്ച്.എം) കീഴിൽ ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആരോഗ്യസംവിധാനങ്ങൾക്കായി സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആവശ്യപ്പെടുന്നതിന് അനുസരിച്ചാണിത്. കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ കേന്ദ്രത്തിന് സന്തോഷമാണുള്ളതെന്നും മന്ത്രി തുടർന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാർശയിൽ സന്തോഷമുണ്ടെന്ന് കെ. മുരളീധരൻ എം.പി പ്രതികരിച്ചു. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. എയിംസിനായി സംസ്ഥാനം നിർദേശിച്ച നാല് സ്ഥലങ്ങളിൽ അനുയോജ്യമായത് വിദഗ്ധ സംഘം തീരുമാനിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
2025ഓടെ രാജ്യത്ത് 22 പുതിയ എയിംസ് ആശുപത്രികൾ പ്രവർത്തനം ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ മറ്റു സംസ്ഥാനങ്ങളിൽ പുതിയ എയിംസ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഏറെക്കാലമായി തുടരുന്ന മുറവിളിക്ക് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം.
എയിംസ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ 200 ഏക്കർ സ്ഥലം കിനാലൂരിൽ കണ്ടെത്തി റവന്യു വകുപ്പിന് കൈമാറിയിരുന്നു. മാത്രമല്ല കിനാലൂരിലെ നിർദിഷ്ട സ്ഥലം സംസ്ഥാന ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സന്ദർശിച്ച് ഏറെ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
തദ്ദേശീയരായ നാട്ടുകാരും എയിംസ് സ്ഥാപിക്കുന്നതിന് അനുകൂലമായ നിലപാട് എടുക്കുക മാത്രമല്ല, കൂടുതൽ സ്ഥലം ആവശ്യമായാൽ തങ്ങളുടെ കിടപ്പാടം പോലും നൽകാൻ സന്നദ്ധരാണെന്ന് അറിയിക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകി. 1500 കോടിയോളം രൂപ കേന്ദ്രം ചെലവാക്കിയാൽ മാത്രമേ എയിംസ് എന്ന കേരളത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.