സ്മാർട്ട് മീറ്ററുമായി കേന്ദ്ര ഊർജ മന്ത്രാലയം; മുഖം തിരിച്ച് കേരളം
text_fieldsപാലക്കാട്: സ്മാർട്ട് മീറ്റർ പദ്ധതിയോട് കേരളം വീണ്ടും മുഖം തിരിച്ചതോടെ വൈദ്യുതി വിതരണ ശൃംഖല ‘സ്മാർട്ട് ഗ്രിഡ്’ ആക്കാനുള്ള കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ നിരന്തര ആവശ്യം വീണ്ടും പാഴായി. വൈദ്യുതി വിതരണ മേഖലയിലെ കോടികളുടെ കേന്ദ്രാവിഷ്കൃത ധനസഹായ പദ്ധതികൾക്കാണ് ഇത് വിലങ്ങുതടിയാകുക. വൈദ്യുതിയുടെ ഉപഭോഗം, ശൃംഖലയിലേക്ക് കടത്തിവിടുന്ന വൈദ്യുതിയുടെ അളവ്, സബ്സ്റ്റേഷനുകളിലെ ഫീഡറുകളുടെ ലോഡ്, ഓരോ ട്രാൻസ്ഫോർമറുകൾ വഴി വിതരണം ചെയ്യുന്ന വൈദ്യുതിയുടെ അളവ് തുടങ്ങിയ എല്ലാ കാര്യങ്ങളും തത്സമയം അറിയുന്ന സംവിധാനം ഒരുക്കുന്നതാണ് സ്മാർട്ട് ഗ്രിഡ് പദ്ധതി. ഇതിന്റെ ഭാഗമായ സ്മാർട്ട് മീറ്റർ സംസ്ഥാനത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയിട്ട് പതിറ്റാണ്ടോളമായി.
ഒടുവിൽ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ച ഉപഭോക്താക്കള്‍ക്ക് ബാധകമായ ചട്ടങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ഊർജ മന്ത്രാലയം 2023 ജൂണ്‍ 14ന് ഇലക്ട്രിസിറ്റി (ഉപഭോക്താക്കളുടെ അവകാശങ്ങള്‍) സംബന്ധിച്ച ചട്ടങ്ങൾ ഭേദഗതി ചെയ്തു. ഈ ഭേദഗതിയനുസരിച്ചുള്ള കോടികളുടെ വൈദ്യുതി പദ്ധതികൾ ഇനിയും വരാനിരിക്കേ അവ സംസ്ഥാനത്തിന് ലഭ്യമാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.
സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനുള്ള ‘ഉദയ്’ പദ്ധതിയിൽ 2017 മാര്‍ച്ച് 15ന് കേന്ദ്ര സർക്കാറിന്റെ ഊര്‍ജ മന്ത്രാലയവും കേരള സര്‍ക്കാറും കെ.എസ്.ഇ.ബിയും ഒപ്പിട്ടിരുന്നെങ്കിലും സംസ്ഥാനം പിൻവാങ്ങുകയായിരുന്നു. 9.81 ലക്ഷം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ 127.15 കോടി രൂപയുടെ തുക ഉള്‍പ്പെടുത്തിയിരുന്നു. 500 യൂനിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 2017 മാര്‍ച്ചിന് മുമ്പും 200 യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 2019 ഡിസംബറിന് മുമ്പും സ്ഥാപിക്കണമെന്നായിരുന്നു വ്യവസ്ഥ. പദ്ധതി നടപ്പായാൽ ഈ കാലയളവിലെ കെ.എസ്.ഇ.ബിയുടെ കടത്തിന്റെ പകുതി കേന്ദ്രവും സംസ്ഥാനവും പങ്കിട്ടെടുത്ത് വീട്ടാമെന്നായിരുന്നു ധാരണ. ഇതുൾപ്പെടെ ഊർജ മന്ത്രാലയം വെച്ച നിർദേശം നടപ്പാക്കാനാവില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
പിന്നീട് കേരളത്തിലെ ആറ് കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമായി പ്രതിമാസം 230 യൂനിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന 3.13 ലക്ഷം ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കാനായി 64.36 കോടിയുടെ പ്രോജക്ടിന് 2018ൽ അനുമതി കിട്ടിയിരുന്നു. ഇതിൽ 60 ശതമാനം തുകയായിരുന്നു (38.94 കോടി രൂപ) ഗ്രാൻഡ്. ഈ കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പാക്കാൻ മീറ്ററിന് ടെൻഡർ വിളിച്ചെങ്കിലും ഉയർന്ന ടെൻഡർ തുകയാണെന്ന് പറഞ്ഞ് പദ്ധതിയിൽനിന്ന് പിൻവാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.