പരിഷ്‍കാരത്തിൽ വിട്ടുവീഴ്ചക്ക് തയാറായി മന്ത്രിയും മോട്ടോർ വാഹന വകുപ്പും; ഡ്രൈവിങ് ടെസ്റ്റ് സമരം പിൻവലിച്ചു
text_fieldsതിരുവനന്തപുരം: പുതുതായി നടപ്പാക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറും യൂനിയൻ ഭാരവാഹികളും ബുധനാഴ്ച വൈകീട്ട് നടത്തിയ ചർച്ചക്കു പിന്നാലെയാണ് സമരം പിൻവലിച്ചത്. ഡ്രൈവിങ് പരിഷ്കരണത്തില്‍ കടുംപിടുത്തവുമായി മുമ്പോട്ടുപോയിരുന്ന ഗതാഗത മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും വിട്ടുവീഴ്ചക്ക് തയാറായതോടെയാണ് സമരം പിന്‍വലിക്കാൻ ഡ്രൈവിങ് സ്കൂള്‍ യൂനിയൻ സമരസമിതി തീരുമാനിച്ചത്. സമരം നടത്തിവന്നിരുന്ന മുഴുവൻ യൂനിയനുകളും സമരം പിന്‍വലിച്ചിട്ടുണ്ട്.
യൂനിയൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ പുതിയ തീരുമാനങ്ങൾ മന്ത്രി ഗണേഷ് കുമാർ പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു. ഡ്രൈവിങ് പരിഷ്കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. സർക്കുലറിൽ യൂനിയൻ മുന്നോട്ടുവെച്ച ചില ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിൽ മാറ്റം വരും. ഒരു എം.വി.ഐ ഉദ്യോഗസ്ഥൻ ഉള്ള സ്ഥലത്ത് 40 ടെസ്റ്റ് നടത്തും. രണ്ടു ഉദ്യോഗസ്ഥർ ഉള്ളിടത്ത് 80 ടെസ്റ്റ് നടക്കും. പഴയതുപോലെ ‘എച്ച്’ ആദ്യം നടത്തുമെന്നും അതിനുശേഷം റോഡ് ടെസ്റ്റ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇരട്ട ക്ലച്ചും ബ്രേക്കും ഉള്ള വാഹനം ടെസ്റ്റിന് ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകള്‍. ടെസ്റ്റ് വാഹനങ്ങളിലെ കാമറ മോട്ടോര്‍ വാഹന വകുപ്പ് സംവിധാനിക്കും. ടൂവീലർ ലൈസൻസിനുള്ള ഡ്രൈവിങ് ടെസ്റ്റിന് എം80 വണ്ടികൾ ഒഴിവാക്കും. ഇതിനായി മൂന്നുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റ് കാലിൽ ഗിയറുള്ള വാഹനത്തിലേക്ക് നിർബന്ധമായും മാറും. ഡ്രൈവിങ് ടെസ്റ്റ് വാഹനങ്ങളുടെ കാലപ്പഴക്കം 15ൽനിന്ന് 18 വർഷമായി ഉയർത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
ഡ്രൈവിങ് സ്കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കും. ഇത് പഠിക്കുന്നതിനായി കമീഷനെ നിയോഗിക്കും. കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂളുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
‘ലൈസൻസ് എടുക്കുന്നയാളിന് അത് നല്ല ലൈസൻസ് തന്നെയായിരിക്കണം. ഡ്രൈവിങ് അറിയാവുന്നവർ വണ്ടിയോടിച്ചാൽ മതി. ഇത് ജനങ്ങളുടെ ആവശ്യമാണ്. ഈ സമരം നന്നായി എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. കേരളത്തിന്റെ ലൈസൻസ് രാജ്യത്തുതന്നെ ഏറ്റവും നിലവാരമുള്ളതായി മാറണം. ഈ സമരം നല്ല ലൈസൻസ് നാട്ടിൽ ഉണ്ടാകാനും അപകടങ്ങൾ കുറക്കാനും വഴിയൊരുക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.