ബി. അശോകിനെതിരെ യൂനിയനുകൾ സർക്കാറിന് മുന്നിലേക്ക്
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ സമരം ശക്തമാക്കിയ ഇടത് തൊഴിലാളി യൂനിയനുകൾ ചെയർമാൻ ബി. അശോകിനെതിരെ ഗുരുതര ആരോപണവുമായി സർക്കാറിനും സി.പി.എമ്മിനും മുന്നിലേക്ക്.
വയനാട് മേപ്പാടിയിലുള്ള അശോകിന്റെ റിസോർട്ടിന് വൈദ്യുതി കണക്ഷൻ ലഭിക്കാൻ റിസോർട്ടാണെന്ന കാര്യം മറച്ചുവെച്ചെന്നാണ് ആരോപണം. ആൾതാമസമുള്ള വീടാണെന്നും സ്വന്തമായി പണം മുടക്കി വൈദ്യുതി കണക്ഷൻ എടുക്കാൻ ശേഷിയില്ലെന്നും കാണിച്ച് അശോക് അപേക്ഷ നൽകിയെന്ന് ജീവനക്കാർ പറയുന്നു. സമ്പൂർണ വൈദ്യുതീകരണ പദ്ധതിയിൽ, സ്വന്തമായി വൈദ്യുതി കണക്ഷൻ എടുക്കാൻ കഴിയുന്നവർക്കും റിസോർട്ടുകൾ പോലുള്ള വാണിജ്യ ആവശ്യങ്ങൾക്കും കണക്ഷൻ നൽകില്ല. ഇതുസംബന്ധിച്ച് ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ നടത്തിയ അന്വേഷണത്തിൽ സമഗ്രന്വേഷണം ശിപാർശ ചെയ്തിട്ടും അശോക് ചെയർമാനായി വന്നശേഷം അത് മരവിപ്പിച്ചെന്നാണ് ആരോപണം. ഇത് യൂനിയനുകൾ തെളിവടക്കം പാർട്ടി നേതൃത്വത്തെയും സർക്കാറിനെയും അറിയിച്ചു.
2020 ജൂലൈ 10 നാണ് ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി വിജിലൻസിന് പരാതി ലഭിച്ചത്. കൽപറ്റ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയറുടെ പരിശോധനയിൽ കണക്ഷനിൽ കുഴപ്പമുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ശിപാർശ ചെയ്തു. 'സമ്പൂർണ വൈദ്യുതീകരണ പദ്ധതിയിൽ നൽകുന്ന കണക്ഷനുകൾ ഗാർഹിക താരിഫിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സർവിസ് കണക്ഷൻ നൽകിയത് പദ്ധതി പ്രകാരമാണ്. എന്നാൽ, ഉപഭോക്താവ് ഈ സ്ഥലം ഫാം ഹൗസായി ഉപയോഗിക്കുന്നതിനാൽ സമ്പൂർണ വൈദ്യുതീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയത് സംശയാസ്പദമാണ്. ഫാം ടൂറിസം നടത്തുവരെ ഉൾപ്പെടുത്തിയത് പദ്ധതിയുടെ ദുരുപയോഗമാണ്' -റിപ്പോർട്ടിൽ പറയുന്നു. ഇക്കാലയളവിലാണ് കെ.എസ്.ഇ.ബി ബോർഡ് ചെയർമാനായി ബി. അശോക് ചുമതലയേറ്റത്. അതിനുശേഷം പരാതിയിലും ശിപാർശയിലും തുടരന്വേഷണം നടന്നില്ലെന്നാണ് ആരോപണം. റിപ്പോർട്ടിലെ ശിപാർശയിൽ തുടരന്വേഷണം നടത്തണമെന്നും അശോകിനെ സ്ഥാനത്തുനിന്ന് മാറ്റി നിർത്തണമെന്നുമാണ് തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.