സർവകലാശാലകൾ ഡിജിറ്റലാവുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ സേവനവും ഭരണനിർവഹണവും പൂർണമായും ഡിജിറ്റൽ സാങ്കേതികവിദ്യ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്ന പദ്ധതി ഉടൻ നടപ്പാക്കുന്നു. കേരള റിസോഴ്സ് എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെ-റീപ്) എന്ന് പേരിട്ട പദ്ധതിക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷയായ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവിറക്കി. സർവകലാശാല പരീക്ഷ പരിഷ്കരണവുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ഡോ.സി.ടി. അരവിന്ദ്കുമാർ അധ്യക്ഷനായ കമീഷൻ സർവകലാശാല പ്രവർത്തനം പൂർണമായും ഓട്ടേമേഷനിലേക്ക് കൊണ്ടുവരുന്ന രീതിയിൽ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് (ഇ.ആർ.പി) പദ്ധതി നടപ്പാക്കാൻ ശിപാർശ ചെയ്തിരുന്നു.
സർവകലാശാല അക്കാദമിക്, പരീക്ഷ, ആസൂത്രണം, ഫിനാൻസ്, ഭരണവിഭാഗങ്ങൾ എന്നിവ പൂർണമായും ഡിജിറ്റൽ സാങ്കേതികവിദ്യക്ക് കീഴിൽ കൊണ്ടുവരുന്ന ഇ -ഗവേണൻസ് സോഫ്റ്റ്വെയറായിരിക്കും ഇതിനായി കൊണ്ടുവരുന്നത്. കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ പഠനത്തിനായി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥി മറ്റൊരു സർവകലാശാലയിൽ ഉപരിപഠനത്തിനായി ചേരുമ്പോൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനാകുന്നത് പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്നാണ്.
കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മോണിറ്ററിങ് കമ്മിറ്റിയുടെ വൈസ് ചെയർമാനും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് മെംബർ സെക്രട്ടറിയുമായിരിക്കും.
എം.ജി യൂനിവേഴ്സിറ്റി പ്രോ വി.സി ഡോ. സി.ടി. അരവിന്ദകുമാർ, കേരള യൂനിവേഴ്സിറ്റി രജിസ്ട്രാർ കെ.എസ്. അനിൽകുമാർ, കെ.ടി.യു രജിസ്ട്രാർ ഡോ.എ. പ്രവീൺ, ഡോ.സി.എൽ. ജോഷി, ഡോ.കെ.ജി. ഗോപ്ചന്ദ്രൻ (കേരള സർവകലാശാല), ഡോ.ടി.എസ്. സാജു (കാലടി ശ്രീശങ്കര സർവകലാശാല), ഡോ. മധു എസ്. നായർ (കുസാറ്റ്), ഡോ. രാജീവ് മോഹൻ (മലയാളം സർവകലാശാല), ഡോ. വി.എൽ ലജീഷ് (കാലിക്കറ്റ് സർവകലാശാല), ഡോ. ജയമോഹൻ (ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല), ഡോ.എൻ.എസ്. ശ്രീകാന്ത് (കണ്ണൂർ സർവകലാശാല), ഡോ. രതീഷ് കാളിയാടൻ, ആർ. ശ്രീരജ്, ടി. ബിജുമോൻ, എസ്. അരുൺകുമാർ, ഡോ.പി. പ്രദീപ്, ഡോ. കെ. ബിജു, ഡോ. വി. ഷെഫീഖ് (റിസർച്ച് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി), ഡോ.കെ സുധീന്ദ്രൻ (ജോയൻറ് സെക്രട്ടറി) എന്നിവരാണ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.