സർവകലാശാല നിയമഭേദഗതി ബിൽ സഭയിൽ
text_fieldsതിരുവനന്തപുരം: ഗവർണറുടെ മുൻകൂർ അനുമതി വൈകിയ സർവകലാശാല നിയമഭേദഗതി ബിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിയമസഭയിൽ അവതരിപ്പിച്ചു. കുസാറ്റ്, മലയാളം, സാങ്കേതിക സർവകലാശാലകളുടെ നിയമത്തിൽ ഭേദഗതി നിർദേശിക്കുന്ന ബിൽ സഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.
പ്രോ-ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സർവകലാശാലകളിൽ നേരിട്ട് ഇടപെടാൻ അധികാരം നൽകുന്ന ബില്ലിലെ വിവാദ വ്യവസ്ഥകളെ തുടർന്നാണ് ഗവർണർ മുൻകൂർ അനുമതി നൽകാതിരുന്നത്. ഇതിനെ തുടർന്ന് കഴിഞ്ഞ മൂന്നിന് അവതരിപ്പിക്കേണ്ട ബില്ലവതരണം മാറ്റിവെക്കുകയായിരുന്നു. പിന്നീട്, മന്ത്രിമാരായ ഡോ. ആർ. ബിന്ദു, പി. രാജീവ് എന്നിവർ രാജ്ഭവനിലെത്തി ഗവർണറെ നേരിൽ കണ്ട് ബിൽ സംബന്ധിച്ച് വിശദീകരണം നൽകിയതിനെ തുടർന്നാണ് അനുമതി നൽകിയത്.
പ്രോ-ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സർവകലാശാലകളുടെ ഭരണ, അക്കാദമിക കാര്യങ്ങളിൽ ഇടപെടാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. സർവകലാശാലയുടെ ഭരണ, അക്കാദമിക കാര്യങ്ങളിൽ ഉൾപ്പെടെ ആവശ്യമെന്ന് തോന്നുന്ന ഘട്ടത്തിൽ അന്വേഷണം പ്രഖ്യാപിക്കാനും ഏത് ഫയലുകളും വിളിച്ചുവരുത്താനും ബിൽ മന്ത്രിക്ക് അധികാരം നൽകുന്നു. നിലവിൽ വി.സിയിൽ നിക്ഷിപ്തമായ അധികാരങ്ങളിൽ പലതും സിൻഡിക്കേറ്റിന് നൽകാനും വ്യവസ്ഥയുണ്ട്. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കാലടി സർവകലാശാലകളുടെ നിയമത്തിൽ ഭേദഗതി നിർദേശിക്കുന്ന മറ്റൊരു ബിൽ നേരത്തെ സഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടിരുന്നു.
ബില്ലിലെ മറ്റ് പ്രധാന വ്യവസ്ഥകൾ
സർവകലാശാല സിൻഡിക്കേറ്റുകളിൽ അക്കാദമിക് വിദഗ്ധർക്ക് മുൻഗണന നൽകി ഘടനയിൽ മാറ്റം
അക്കാദമിക് കൗൺസിൽ, പഠന ബോർഡ് എന്നിവയുടെ ഘടനയിലും മാറ്റം
ഗവേഷണ മേൽനോട്ടത്തിന് റിസർച്ച് കൗൺസിൽ
റിസർച്ച് പാർക്ക് നിലവിൽ വരും
സർവകലാശാല ചട്ടങ്ങളിൽ ഭേദഗതി സെനറ്റ് പാസാക്കിയാൽ അംഗീകരിക്കാൻ ചാൻസലർക്ക് 60 ദിവസത്തെ സമയപരിധി
ഐ.ക്യു.എ.സി, കോളജ് കൗൺസിൽ സംവിധാനങ്ങൾ നിയമത്തിന്‍റെ ഭാഗമാക്കി
വിദ്യാർഥി, അധ്യാപക സംഘടനാ പ്രവർത്തനത്തിന് നിയന്ത്രണം മറികടക്കാൻ വ്യവസ്ഥകൾ
സർവകലാശാലകൾക്ക് പ്രത്യേകമായി റൂൾസ് ഓഫ് ബിസിനസ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.