സർവ്വകലാശാല പിൻവാതിൽ നിയമനം: യുവാക്കളോട് ഇടത് സർക്കാരിന്റെ കൊടും ചതി - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളെ അട്ടിമറിച്ച് വിവിധ സർവ്വകലാശാലകളിലെ അനധ്യാപക തസ്തികകളിലെ താൽക്കാലിക ജീവനക്കാരെ പിൻവാതിൽ നിയമനത്തിലൂടെ സ്ഥിരപ്പെടുത്താനുള്ള പിണറായി സർക്കാരിന്റെ തീരുമാനം യുവാക്കളോടുള്ള കൊടും ചതിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം .
ഇടത് അനുകൂലികളായ പാദസേവകരെ കാലിക്കറ്റ്, കേരള, കാലടി സംസ്കൃത സർവകലാശാലകളിൽ തിരുകിക്കയറ്റാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഭരണഘടന സ്ഥാപനമായ പിഎസ്‌സിയെ നോക്കുകുത്തിയാക്കി കൊണ്ട് നടത്തുന്ന ഇത്തരം നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. മൂന്ന് മാസങ്ങൾക്കു മുമ്പ് മുഴുവൻ തസ്തികകളിലേക്കും ആവശ്യമായ വിശേഷാൽ ചട്ടം തയ്യാറാക്കി നൽകിയിട്ടും പി.എസ്.സിയെ അട്ടിമറിച്ച് രാഷ്ട്രീയ ചായ്‌വ് നോക്കി ആളുകളെ തിരുകി കയറ്റാൻ ഇടതുസിൻഡിക്കേറ്റ് നടത്തുന്ന ശ്രമം ജനങ്ങളെ കബളിപ്പിക്കുന്നതാണ്.
കാലിക്കറ്റ് സർവ്വകലാശാലയിൽ മാത്രം 35 ൽ പരം താൽക്കാലിക ജീവക്കാരെയാണ് ഇത്തരം അനധികൃത നിയമനങ്ങളിലൂടെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ചട്ടലംഘനം നടത്തി നിലവിൽ ഒഴിവില്ലാത്തിടങ്ങളിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു കൊണ്ടാണ് പിൻവാതിൽ നിയമനം നടത്തുന്നത്. കേരള സർവകലാശാലയിൽ മുപ്പതിലധികം തസ്തികകളിൽ വിസിയുടെ ഒത്താശയോടെയാണ് ഇടത് പാദസേവകരെ അനധികൃതമായി സ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നത്. ഉദ്യോഗാർത്ഥികളെയും യുവാക്കളെയും വഞ്ചിക്കുന്ന ഇടതു സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭമുയർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.