സി.പി.എമ്മിനോട് സി.പി.ഐ ; എസ്.എഫ്.ഐക്ക് മൂക്കുകയറിടണം
text_fieldsതിരുവനന്തപുരം: സർവകലാശാലകളിൽ എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട ക്രമക്കേട്, മാധ്യമവേട്ട തുടങ്ങിയ വിഷയങ്ങളിൽ ഇടപെടാനൊരുങ്ങി സി.പി.ഐ. എസ്.എഫ്.ഐ വിഷയം സി.പി.എമ്മുമായി ഉഭയകക്ഷി ചർച്ചയിൽ ഉന്നയിക്കാനും എസ്.എഫ്.ഐക്കുമേൽ പാർട്ടിയുടെ നിയന്ത്രണം ഉണ്ടാകണമെന്ന നിർദേശം മുന്നോട്ടുവെക്കാനും സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ ധാരണയായി. എന്നാൽ ഇക്കാര്യത്തിൽ സി.പി. ഐ നേതാക്കളുടെ പരസ്യ പ്രതികരണം വേണ്ടെന്നും തീരുമാനമുണ്ട്. ഇടതുസർക്കാർ മാധ്യമവേട്ട നടത്തുന്നെന്ന പരാതിക്ക് ഇട നൽകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും സി.പി.എം നേതൃത്വത്തെ അറിയിക്കും. മാധ്യമ പ്രവർത്തകർക്കെതിരായ കേരള സർക്കാർ നീക്കം ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയാകും വിധം വഷളാക്കിയതിൽ സി.പി.ഐക്ക് അതൃപ്തിയുണ്ട്.
ഇതോടൊപ്പം എസ്.എഫ്.ഐ നേതാക്കൾ പ്രതികളായ വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്തുവരുന്നത് ഇടതുമുന്നണിയുടെയും സർക്കാറിന്റെയും പ്രതിച്ഛായ തകർക്കുന്ന നിലയിലേക്ക് വളരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സി.പി.ഐ ഇടപെടൽ. സർവകലാശാല വിവാദത്തിൽ ഉടൻ തിരുത്തലുണ്ടായില്ലെങ്കിൽ മുന്നണിക്ക് ക്ഷീണമായി മാറുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു
. പരാതികൾ തിരുത്തിപ്പോകുന്നതിന് പകരം ഉന്നയിക്കുന്നവരെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ഇടതുസംഘടനകൾക്ക് ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണിത്, ക്രിമിനൽ സംഘത്തെപ്പോലെ പോകുന്ന വിദ്യാർഥി സംഘടനയെ നിയന്ത്രിക്കാൻ സി.പി.എമ്മിന് കഴിയുന്നില്ല തുടങ്ങിയ നിരീക്ഷണങ്ങൾ നേതാക്കൾ പങ്കുവെച്ചതോടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇടപെട്ടു. സി.പി.എമ്മുമായി ഇക്കാര്യം ചർച്ച ചെയ്യാമെന്ന് വിശദീകരിച്ച് ചർച്ചക്ക് വിരാമമിടുകയായിരുന്നു. യോഗത്തിന് മുമ്പ് മാധ്യമങ്ങളെ കണ്ട കാനം എസ്.എഫ്.ഐയെ തള്ളിപ്പറഞ്ഞിരുന്നില്ല. ഇതൊന്നും പുതിയ കാര്യങ്ങളല്ലെന്നായിരുന്നു നിഖിൽ തോമസ് വിഷയത്തിലെ ചോദ്യത്തിനുള്ള മറുപടി. അതേസമയം, ക്രമക്കേട് ഗുരുതരമാണെന്ന് സി.പി.ഐ മുഖപത്രം ജനയുഗം മുഖപ്രസംഗമെഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.