സർവകലാശാല പരീക്ഷകൾക്ക് ഇന്ന് തുടക്കം; ഹാൾടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം
text_fieldsതിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗ ഭീതി അകലും മുമ്പ് സംസ്ഥാനത്തെ സർവകലാശാലകളിൽ അവസാന സെമസ്റ്റർ ബിരുദപരീക്ഷകൾക്ക് ഇന്ന് തുടക്കം. കോവിഡിൽ കാര്യമായ കുറവ് വരാതിരിക്കുകയും ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മാറ്റണമെന്ന ആവശ്യം തള്ളിയാണ് കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ പരീക്ഷ തുടങ്ങുന്നത്.
കണ്ണൂർ സർവകലാശാലയിൽ െറഗുലർ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ ബിരുദപരീക്ഷ 30നും വിദൂര വിഭാഗത്തിലേത് 29നുമാണ് ആരംഭിക്കുന്നത്. മറ്റ് മൂന്ന് സർവകലാശാലകളിലും തിങ്കളാഴ്ചയാണ് പരീക്ഷ ആരംഭിക്കുന്നത്. പൊതുഗതാഗതം ആരംഭിക്കാതെ എങ്ങനെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തുമെന്നതാണ് വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും ആശങ്ക. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഒറ്റ, ഇരട്ട അക്ക നമ്പർ അനുസരിച്ച നിയന്ത്രണത്തിലാണ് സർവിസ്. പല സ്വകാര്യ ബസുകളും സർവിസ് നടത്തുന്നുമില്ല.
ചില സർവകലാശാലകൾ വീടിനടുത്ത കോളജുകളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒേട്ടറെ വിദ്യാർഥികൾക്ക് പ്രയോജനം ലഭിച്ചിട്ടില്ല. കോവിഡ് ബാധിതർക്ക് പരീക്ഷ എഴുതാൻ അനുമതിയില്ല. ഇവർക്ക് പിന്നീട് നടത്താനാണ് തീരുമാനം. ക്വാറൻറീനിൽ കഴിയുന്നവർക്ക് രേഖ ഹാജരാക്കിയാൽ പിന്നീട് നടത്തുന്ന പരീക്ഷ എഴുതാം. ഹോസ്റ്റൽ വിദ്യാർഥികൾക്കും പരീക്ഷക്ക് ഹാജരാകുന്നത് വെല്ലുവിളിയാണ്. ഒരു ഡോസ് വാക്സിൻ പോലും എടുക്കാൻ കഴിയാതെയാണ് മിക്ക വിദ്യാർഥികളും പരീക്ഷക്ക് ഹാജരാകേണ്ടിവരുന്നത്.
ഒന്നര മീറ്റർ അകലം; പരമാവധി 20 പേർ
പരീക്ഷനടത്തിപ്പിന് സർക്കാറും സർവകലാശാലകളും മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. പരീക്ഷ ഹാളിൽ വിദ്യാർഥികൾക്കിടയിൽ ഒന്നര മീറ്റർ അകലം ഉറപ്പാക്കി പരമാവധി 20 പേരെയേ അനുവദിക്കാൻ പാടുള്ളൂ. വിദ്യാർഥികൾ ഹാജർ ഷീറ്റിൽ ഒപ്പ് രേഖപ്പെടുത്തേണ്ട. മറ്റ് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
ഹാൾടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം
പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് കാണിച്ചാൽ യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.