സർവകലാശാലക്ക് കീഴിലുള്ള കോളജുകളുടെ എണ്ണം 200ൽ ഒതുക്കാൻ ലക്ഷ്യമിട്ട് ‘റുസ’
text_fieldsതിരുവനന്തപുരം: സർവകലാശാലകൾക്ക് കീഴിലെ അഫിലിയേറ്റിങ് കോളജുകളുടെ എണ്ണം 200ൽ പരിമിതപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. മാനവശേഷി മന്ത്രാലയം ആവിഷ്കരിച്ച ഉന്നത വിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ (റുസ)യുടെ രണ്ടാംഘട്ട ലക്ഷ്യമായി ഇതംഗീകരിച്ചു. മൂന്നു വർഷം നീളുന്നതാണ് രണ്ടാം പദ്ധതികാലയളവ്.
മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2020 മാർച്ചിനകം നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിെൻറ (നാക്) അക്രഡിറ്റേഷനും നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനു പുറമേ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-വിദ്യാർഥി അനുപാതം 2020 മാർച്ചോടെ 1:15 ആയി കുറക്കാനും റുസ ലക്ഷ്യമിടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് എത്തുന്നവരുടെ എണ്ണം ഇൗ കാലയളവിൽ 32 ശതമാനമായി ഉയർത്തലും ലക്ഷ്യമാണ്. ഇതിൽ എസ്.സി/ എസ്.ടി/ പെൺ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകും.
സർവകലാശാലകൾക്ക് കീഴിലുള്ള കോളജുകളുടെ എണ്ണം 200ൽ പരിമിതപ്പെടുത്താനുള്ള തീരുമാനം കേരളത്തിൽ നടപ്പാക്കിയാൽ സംസ്ഥാനത്തെ മൂന്ന് സർവകലാശാലകൾ വിഭജിക്കേണ്ടി വരും. കേരള, എം.ജി, കാലിക്കറ്റ് സർവകലാശാലകളിൽ നിലവിൽ 200ൽ കൂടുതൽ അഫിലിയേറ്റഡ് കോളജുകളുണ്ട്. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലാണ് ഏറ്റവും കൂടുതൽ കോളജുകൾ. സർവകലാശാലകളുടെ സുഗമമായ പ്രവർത്തനത്തിനും അക്കാദമിക നിലവാരം ഉയർത്താനും അഫിലിയേറ്റിങ് സ്ഥാപനങ്ങളുടെ എണ്ണം 200ൽ പരിമിതപ്പെടുത്തണമെന്ന നിലപാടാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. എന്നാൽ, പുതിയ സർവകലാശാലക്കായി റുസ ഏർപ്പെടുത്തിയ മാനദണ്ഡം കേരളത്തിന് തിരിച്ചടിയുമാണ്.
സ്വയംഭരണ പദവിയുള്ള ഉന്നത നിലവാരമുള്ള കോളജുകളെ സർവകലാശാലയാക്കി മാറ്റാനുള്ള പദ്ധതി റുസയുടെ രണ്ടാം ഘട്ടത്തിലുണ്ട്. 3.51 സ്കോറിന് മുകളിൽ നാക് അക്രഡിറ്റേഷൻ നേടിയ കോളജുകൾക്ക് മാത്രമേ ഇൗ പദ്ധതിക്ക് അപേക്ഷിക്കാനാകൂ. കേരളത്തിൽ നാല് എയ്ഡഡ് കോളജുകൾ ഇൗ ഗണത്തിൽ ഉണ്ടെങ്കിലും ഇവയ്ക്ക് റുസ ഫണ്ട് ലഭ്യമാക്കാൻ സർക്കാർ നയപരമായ തീരുമാനം എടുത്തിട്ടില്ല. കൂടുതൽ കോളജുകൾ ഒന്നിച്ചുള്ള ക്ലസ്റ്റർ കോളജ് സംവിധാനത്തെ സർവകലാശാലയാക്കി മാറ്റാനുള്ള റുസ പദ്ധതിയിലേക്കും കേരളത്തിന് അപേക്ഷ സമർപ്പിക്കാനാകില്ല.
ക്ലസ്റ്റർ കോളജിലെ ലീഡിങ് കോളജിന് 3.51 സ്കോറിന് മുകളിൽ അക്രഡിറ്റേഷനും അംഗ കോളജുകൾക്ക് 3.25ൽ കുറയാത്ത സ്കോറിൽ അക്രഡിറ്റേഷനും വേണമെന്നതാണ് റുസയുടെ മാർഗ നിർദേശം. റുസ രണ്ടാം ഘട്ട പദ്ധതിയുടെ മാർഗരേഖയിലാണ് മൂന്നു വർഷംകൊണ്ട് ലക്ഷ്യമിടുന്ന കാര്യങ്ങൾ എണ്ണിപ്പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.