കാർഷിക സർവകലാശാലയിൽ കടുംവെട്ടിന് വി.സി; സൂം മീറ്റിങ് ചോർന്നു
text_fieldsതൃശൂർ: കാർഷിക സർവകലാശാലയിലെ ഭരണവിഭാഗത്തിന് കാര്യമായ ജോലിയില്ലെന്നും തസ്തികകൾ വെട്ടിക്കുറക്കണമെന്നും വി.സി ഡോ. ബി. അശോക് ആവശ്യപ്പെടുന്ന സൂം മീറ്റിങ്ങിന്റെ വിഡിയോ ചോർന്നു. തിരുവനന്തപുരത്തിരുന്ന് വി.സി തൃശൂർ മണ്ണുത്തിയിലെ സർവകലാശാല ആസ്ഥാനത്തുള്ള രജിസ്ട്രാറുമായി ചർച്ച ചെയ്യുന്നതിന്റെ വിഡിയോ ആണ് പുറത്തായത്. ഭരണവിഭാഗത്തോട് എതിർപ്പുള്ള വിഭാഗമാണ് വിഡിയോ ചോർത്തി പ്രചരിപ്പിച്ചതെന്നാണ് സൂചന.
സർവകലാശാലയിലെ ഭരണവിഭാഗത്തിന് കാര്യമായ പണിയില്ലെന്നാണ് വി.സി ചർച്ചയിൽ പറയുന്നത്. ഇ-ഓഫിസ് പൂർണമാകുമ്പോൾ തസ്തികകൾ പരമാവധി ഒഴിവാക്കണം. സംസ്ഥാനത്ത് സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലായി ഭരണവിഭാഗത്തിൽ ജോലിചെയ്യുന്ന 400 പേരിൽ മാർച്ചിന് മുമ്പ് കുറഞ്ഞത് 100 തസ്തികയെങ്കിലും ഇല്ലാതാക്കണം. ഇ-ഓഫിസ് വന്നതോടെ 10 ശതമാനം അസിസ്റ്റന്റുമാർക്ക് ദിവസം ഒരു ഫയൽപോലും കൈകാര്യം ചെയ്യാനില്ല.
ജോയന്റ് രജിസ്ട്രാർ മുതൽ അസിസ്റ്റന്റ് വരെ വിവിധ ശ്രേണികളിലുള്ള ഭരണവിഭാഗം തസ്തികകൾ വെട്ടിക്കുറക്കണം. അത് എങ്ങനെ ചെയ്യണമെന്ന് താൻ പറഞ്ഞുതരാം. ജോലിഭാരം പഠിച്ച് അനാവശ്യ തസ്തികകൾ ഇല്ലാതാക്കൽ സ്വാഭാവിക നടപടിക്രമം മാത്രമാണ്. ഈ വിഭാഗത്തിലേക്ക് പുതിയ നിയമനത്തിന് ഇനി അപേക്ഷ ക്ഷണിക്കരുതെന്നും വി.സി പറയുന്നുണ്ട്. അനാവശ്യ തസ്തികകൾ കണ്ടെത്താനും നിർത്തലാക്കാനുമുള്ള സ്റ്റാറ്റിസ്റ്റിക്കൽ സൂചികകൾ തയാറാക്കാൻ കാലാവസ്ഥ പഠനവിഭാഗം പ്രഫസർ ഡോ. പി.ഒ. നമീറിനെ വി.സി ചുമതലപ്പെടുത്തുന്നതും വിഡിയോയിൽ കാണാം. തസ്തികകൾ നിർത്തലാക്കണമെന്ന വി.സിയുടെ നിർദേശം ഭരണവിഭാഗം മേധാവിയായ രജിസ്ട്രാർ എതിർത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.