കാലിക്കറ്റ് സർവകലാശാല: പി.എസ്.സിയെ മറികടന്ന് നിയമനത്തിന് നീക്കം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഒഴിവുള്ള തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ അധികൃതരുടെ കള്ളക്കളി. സർവകലാശാലയുടെ ബൊട്ടാണിക്കൽ ഗാർഡനിലെ 13 ഗാർഡനർമാരുടെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെയാണ് ഇടതുപക്ഷ സിൻഡിക്കേറ്റ് നിയമനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. സർവകലാശാലകളിലെ അധ്യാപകേതര നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന സർക്കാർ ഉത്തരവുകൾ കാറ്റിൽപറത്തിയാണ് സർവകലാശാലയുടെ പുതിയ തീരുമാനം.
ഇ–വേക്കൻസി സംവിധാനത്തിലേക്ക് ഗാർഡനർ തസ്തികയടക്കം ഉൾപ്പെടുത്താൻ പി.എസ്.സി 2020 നവംബറിൽ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഗാർഡനർ തസ്തിക ഇ–വേക്കൻസി സംവിധാനത്തിലുൾപ്പെടുത്തുകയും ചെയ്തതാണ്. നിലവിലുള്ള താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനും പുതുതായി പിൻവാതിൽ നിയമനം നടത്താനുമാണ് ചട്ടലംഘനം നടത്തുന്നത്. 10 വർഷത്തിലധികം സർവിസുള്ള ഗാർഡനർ, റൂംബോയ്, സെക്യൂരിറ്റി ഗാർഡ്, ഇലക്ട്രിസിറ്റി വർക്കർ, ഡ്രൈവർ, കമ്പ്യൂട്ടർ പ്രോഗ്രാമർ തുടങ്ങിയ തസ്തികകളിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം കഴിഞ്ഞ വർഷം ജനുവരിയിൽ ഹൈകോടതി തടഞ്ഞിരുന്നു. പി.എസ്.സി വഴി മാത്രമേ നിയമനം പാടുള്ളൂവെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതിനിടെയാണ് ഗാർഡനർ തസ്തിക പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ പിൻവാതിൽ നിയമനത്തിന് നീക്കം നടത്തുന്നത്.
പ്രഫസർ പദവി: തീരുമാനത്തിലുറച്ച് സർവകലാശാല
കോഴിക്കോട്: വിരമിച്ച കോളജ് അധ്യാപകർക്ക് മുൻകാലപ്രാബല്യത്തോടെ പ്രഫസർ പദവി നൽകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ കാലിക്കറ്റ് സർവകലാശാല. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് പ്രഫസർ പദവി നൽകാൻ നൂറോളം അധ്യാപകർക്ക് ആനുകൂല്യം നൽകുന്നതായി പരാതിയുയർന്നിരുന്നു. സംഭവത്തിൽ കഴിഞ്ഞദിവസം ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലറുടെ വിശദീകരണം തേടിയിരുന്നു. നേരത്തെ സിൻഡിക്കേറ്റ് തീരുമാനിച്ചതിൽ ഉറച്ചുനിൽക്കുന്നതായുള്ള മറുപടി ഗവർണർക്ക് സമർപ്പിക്കാനും ശനിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം തന്നെ നടത്താനും ചോദ്യക്കടലാസ് ഓണ്‍ലൈനായി നല്‍കുന്നതിന് സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാനും തീരുമാനമായി. ഡോ. ശ്രീകല മുല്ലശ്ശേരി ഗവേഷണ പ്രബന്ധം കോപ്പിയടിച്ചെന്ന പരാതി തള്ളിക്കൊണ്ടുള്ള സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ടും അംഗീകരിച്ചു. ഉത്തരക്കടലാസ് കാണാതായ വിഷയത്തിൽ കെ. ഷീന എന്ന വിദ്യാർഥിനിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാനുള്ള കോടതിവിധിയിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരെന്ന് കണ്ടെത്തി അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്യാൻ രജിസ്ട്രാർ ചുമതലപ്പെടുത്തി. നഷ്ടപരിഹാരം തനത് ഫണ്ടിൽനിന്ന് നൽകും. ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകൻ ഡോ. ഹാരിസ് കോടമ്പുഴക്കെതിരായ ലൈംഗികാരോപണ വിവാദത്തിൽ അദ്ദേഹം കുറ്റവാളിയാണെന്ന കണ്ടെത്തൽ സിൻഡിക്കേറ്റ് അംഗീകരിച്ചു. തുടർ നടപടി സ്വീകരിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. 2021 ജൂലൈയിൽ ഡോ. ഹാരിസിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.