സാങ്കേതിക സർവകലാശാല: അനധികൃതമായി സിൻഡിക്കേറ്റിൽ തുടരുന്നവരെ നീക്കണം; ഗവർണർക്ക് നിവേദനം നൽകി
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ഒരുവർഷത്തിലേറെയായി സാങ്കേതിക സർവകലാശാലയിൽ അനധികൃതമായി സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്ന ആറുപേരെ അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. പ്രതിപക്ഷ നേതാവ് കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും സുപ്രീംകോടതി വിധിയെ തുടർന്ന് പുറത്താക്കപ്പെട്ട മുൻ വി.സിയുടെയും ഒത്താശയോടെയാണ് ഇവരെ തുടരാൻ അനുവദിച്ചതെന്നും ഈ കാലയളവിൽ ഇവർ കൈക്കൊണ്ട തീരുമാനങ്ങൾ പുന:പരിശോധിക്കണമെന്നും സാമ്പത്തിക ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കണമെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.പിയുമായ ഡോ. പി.കെ. ബിജു, സി.പി.എം ജില്ല കമ്മിറ്റിയംഗം അഡ്വ. ഐ. സാജു, കേരള സർവകലാശാല മുൻ അധ്യാപിക ഡോ. ബി.എസ്. ജമുനാ, എൻജിനീയറിങ് കോളജ് അധ്യാപകരായ വിനോദ് കുമാർ ജേക്കബ്, ജി. സഞ്ജീവ്, എസ്. വിനോദ് മോഹൻ എന്നിവരെയാണ് കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുന്നതിനു തൊട്ട്മുമ്പ് നാമനിർദേശം ചെയ്തത്.
2021 ഫെബ്രുവരി 20ന് പുറപ്പെടുവിച്ച ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിയമഭേദഗതിയിലൂടെയാണ് ഈ ആറുപേരെ നാമനിർദേശം ചെയ്തത്. ഈ ഓ ഓർഡിനൻസ് ജൂലൈ രണ്ടിനും, ആഗസ്റ്റ് 24നും റീ പ്രമുൽഗേറ്റ് ചെയ്തിരുന്നു.
2021 ഒക്ടോബറിൽ ഈ ഓർഡിനൻസിന് പകരം നിയമസഭ ബിൽ പാസാക്കിയെങ്കിലും നിയമവിരുദ്ധ ഭേദഗതി ചൂണ്ടിക്കാട്ടി ഗവർണർ അംഗീകാരം നൽകിയിട്ടില്ല. നമ്പർ 50, 54 എന്നീ രണ്ട് ബില്ലുകളിലാണ് ഗവർണർ ഒപ്പുവെക്കാത്തത്. ജില്ല ജഡ്ജിയെ സർവകലാശാല ട്രിബൂണലായി ഗവർണർ നിയമിക്കണമെന്ന നിലവിലെ നിയമം ഭേദഗതി ചെയ്ത് പകരം റിട്ടയർ ചെയ്ത ഹൈകോടതി ജഡ്ജിയേയോ, ജില്ല ജഡ്ജിയേയോ സർക്കാറിന് നിയമിക്കാമെന്ന ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയതിനാലാണ് ബില്ല് ഒപ്പുവെക്കാൻ ഗവർണർ വിസമ്മതിച്ചത്.
ബില്ല് ഗവർണർ അംഗീകരിക്കാതായതോടെ നവംബർ 14 മുതൽ ഓർഡിനൻസ് അസാധു ആവുകയായിരുന്നു. അസാധുവാകപ്പെട്ട ഓർഡിനൻസിന്റെ പിൻബലത്തിലാണ് ആറുപേർ സിൻഡിക്കേറ്റിൽ 2021നവംബർ മുതൽ ഒരുവർഷത്തിലേറെയായി തുടരുന്നത്.
സർവകലാശാലയുടെ ദൈനംദിനഭരണത്തിലും പരീക്ഷ നടത്തിപ്പിലും നിയമനങ്ങളിലും അനധികൃതമായി ഇടപെടുന്ന ഇവർ പുതുതായി ചുമതലയേറ്റ താൽക്കാലിക വൈസ് ചാൻസലർ ഡോ. സിസാ തോമസിനുമേൽ നിയന്ത്രണമേർപ്പെടുത്തി വൈസ് ചാൻസിലറെ പുറത്താക്കാനുള്ള സമര പരിപാടികൾ ആസൂത്രണം ചെയ്യുകയാണ്. അതിന്റെ ഭാഗമായി ഇവർ വി.സിയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പത്ര സമ്മേളനവും നടത്തിയിരുന്നതായും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.