നോക്കുകൂലി നൽകിയില്ല; കോട്ടൂരിലെത്തിച്ച പൈപ്പുകൾ ഇറക്കുന്നത് തടഞ്ഞു
text_fieldsകാട്ടാക്കട: തമിഴ്നാട്ടില്‍നിന്നും ലോറിയില്‍ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെത്തിച്ച കൂറ്റൻ പൈപ്പുകള്‍ ഇറക്കുന്നത് ഒരു വിഭാഗം തൊഴിലാളികൾ തടഞ്ഞു. ക്രെയിൻ ഉപയോഗിച്ചാണ് പൈപ്പുകൾ ഇറക്കേണ്ടതെങ്കിലും നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ രംഗത്തുവരുകയായിരുന്നു.
ലോഡ് ഇറക്കാൻ അനുവദിക്കണമെങ്കില്‍ 30000 രൂപ യൂനിയന്‍ തൊഴിലാളികള്‍ക്ക് നൽകണമെന്നായിരുന്നു ആവശ്യം. കരാറുകാരന് 25000രൂപ വരെ നല്കാന് തയാറായെങ്കിലും 30000രൂപ കിട്ടാതെ പൈപ്പുകള്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് തൊഴിലാളികള്‍ സ്വീകരിച്ചതോടെയാണ് പൈപ്പ് ഇറക്കുന്നത് തടസ്സപ്പെട്ടത്.
ഒടുവില്‍ പൈപ്പുകള്‍ ഇറക്കാനായെത്തിയ െക്രയിന് ഉടമക്ക് 7500രൂപ വാടക നല്കി തിരികെ വിട്ടു. എന്നാല്‍ യൂനിയന്‍ തൊഴിലാളികള്‍ ഇത്തരത്തില്‍ ഒരു തര്‍ക്കവും ഉന്നയിച്ചിട്ടില്ലെന്ന് ഐ.എന്‍.ടി.യു.സി കുറ്റിച്ചല്‍ മണ്ഡലം പ്രസിഡൻറ് സുധീറും സി.ഐ.ടി.യു നേതാവും സി.പി.എം കുറ്റിച്ചല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ അഭിലാഷും പറഞ്ഞു. തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നും പൈപ്പുകള്‍ കോട്ടൂരിലെത്തിക്കുന്നതിെനക്കാളും കൂടുതല്‍ തുകയാണ് നോക്കുകൂലിയായി ആവശ്യപ്പെട്ടതെന്ന് കാരാറുകാരെൻറ പ്രതിനിധി ഷെറിന് പറഞ്ഞു.
കാപ്പുകാട് ആന പുനരധിവാസകേന്ദ്രം അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിെൻറ ഭാഗമായി കിഫ്ബി വഴി 108 കോടി രൂപ െചലവിട്ട് നിര്‍മാണം പുരോഗമിക്കുകയാണ്. നിർമാണത്തിെൻറ ഭാഗമായാണ് പൈപ്പുകള്‍ എത്തിച്ചത്. കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി പിണറായി വിജയനാണ് നവീകരണപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. അഗസ്ത്യവനത്തിലെ കാപ്പുകാട് വനമേഖലയിൽ 2008 ലാണ് ആന പുനരധിവാസ കേന്ദ്രം ആരംഭിച്ചത്. കാട്ടിൽ കൂട്ടംതെറ്റി ഒറ്റപ്പെടുന്ന കുട്ടിയാനകൾ, ജനവാസമേഖലകളിലിറങ്ങി സ്ഥിരമായി നാശം വരുത്തുന്ന കാട്ടാനകൾ, ആനക്യാമ്പുകളിലെ പ്രായം ചെന്ന ആനകൾ, മനുഷ്യെൻറ ക്രൂരതക്ക് ഇരയാകുന്ന നാട്ടാനകൾ എന്നിവയാണ് ഇപ്പോള്‍ ഇവിടുള്ളത്.
മനുഷ്യമേഖലയെന്നും ആനകളുടെ മേഖലയെന്നും രണ്ടായി തിരിച്ചാണ് കേന്ദ്രം സജ്ജമാകുന്നത്. കാട്ടാനകളെ ഒറ്റയായും കൂട്ടമായും പാർപ്പിക്കുന്നതിനുള്ള സങ്കേതം, ആനകൾക്കായി വലിയ കുളങ്ങള്‍. ആനകളെ ചികിത്സിക്കുന്നതിനുള്ള ആശുപത്രി, ലബോറട്ടറി, ഓപറേഷൻ തിയറ്റർ, ഇണചേരുന്നതിനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഒരുഭാഗത്ത് ആനകൾക്കായി ശ്മശാനവും നിർമിക്കും.
വിനോദസഞ്ചാരികള്‍ക്ക് ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളെ കാണുന്നതുപോലെ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തില്‍ വിവിധ പ്രായത്തിലുള്ള ആനകളെ കാണാനും അടുത്തറിയാനുമാണ് അവസരം ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.