അടിയ കോളനിയിൽനിന്ന് ഉണ്ണിയെത്തുന്നു, എം.ബി.ബി.എസ് ക്ലാസിലേക്ക്
text_fieldsകൽപറ്റ: അടിയ കോളനിയുടെ അകത്തളങ്ങളിൽനിന്ന് ഉണ്ണി ഇനി മെഡിക്കൽ കോളജിന്റെ ക്ലാസ് മുറികളിലേക്ക്. തിരുനെല്ലി അപ്പപ്പാറ നാഗമന അടിയ കോളനിയിലെ കരിയൻ-ജോവിന ദമ്പതികളുടെ ആറു മക്കളിൽ അഞ്ചാമനായ കെ. ഉണ്ണി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർഥിയായി പ്രവേശനം നേടി.
നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് പട്ടികവർഗ വിദ്യാർഥികൾക്കിടയിൽ ഒമ്പതാം റാങ്കുമായാണ് ഉണ്ണി സ്വപ്നങ്ങളിലേക്ക് സ്റ്റെതസ്കോപ്പ് അണിയുന്നത്. ബ്രഹ്മഗിരി ടീ എസ്റ്റേറ്റിൽ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ പൂർണപിന്തുണയിൽ പഠിച്ച് മുന്നേറിയ ഉണ്ണിക്ക് ഡോക്ടറായി വയനാട്ടിൽ നാട്ടിൻപുറങ്ങളിലെ സാധാരണക്കാർക്കുവേണ്ടി സേവനം ചെയ്യണമെന്നാണ് ആഗ്രഹം. പത്തുവരെ തിരുനെല്ലി ആശ്രാമം റെസിഡൻഷ്യൽ സ്കൂളിലായിരുന്നു പഠനം.
പ്ലസ്വണിന് നല്ലൂർനാട് അംബേദ്കർ സ്കൂളിൽ ചേർന്നു. പ്ലസ് ടു കഴിഞ്ഞ് സർക്കാർ പദ്ധതിക്കു കീഴിൽ പാലാ ബ്രില്യന്റ് അക്കാദമിയിൽ എൻട്രൻസ് പരിശീലനം. 2019ൽ കോച്ചിങ്ങിന് ചേർന്ന ഉണ്ണിക്ക് ആദ്യശ്രമത്തിൽ ലഭിച്ചത് ബി.എ.എം.എസ്. തിരുവനന്തപുരത്ത് പഠനം തുടരുന്നതിനിടയിൽ ഒറ്റക്ക് പഠിച്ച് ഒരുതവണകൂടി ശ്രമം. കിട്ടുമെന്ന ആത്മവിശ്വാസവും മുമ്പ് എഴുതിയതിന്റെ അനുഭവപരിചയവും ചേർന്നപ്പോൾ രണ്ടാം വട്ടം സ്വപ്നസാക്ഷാത്കാരം. 'വയനാട്ടിലെ മറ്റു കുട്ടികളെപ്പോലെ പഠനം നിർത്തി ജോലിക്കുപോകാനൊക്കെ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പണിക്കുപോയി നാലുകാശ് കൈയിൽ കിട്ടുമ്പോൾ വളരെ സന്തോഷമാകും. അത് പിന്നെയൊരു അഡിക്ഷനാകും.
അങ്ങനെയാണ് ഗോത്രവർഗ വിദ്യാർഥികൾ പലരും പാതിവഴിയിൽ പഠനം നിർത്തുന്നത്. എന്നെ പക്ഷേ, അമ്മയും അച്ഛനും പണിക്ക് വിടാറില്ലായിരുന്നു. പഠനകാര്യങ്ങളിൽ വലിയ പിന്തുണയാണ് അവർ നൽകിയത്, ഗോത്രവർഗ വിദ്യാർഥികളിൽ മികച്ച ഫുട്ബാൾ, ക്രിക്കറ്റ് താരങ്ങളടക്കം പല കഴിവുകളുമുള്ളവരുണ്ട്. സ്വന്തം കഴിവ് മനസ്സിലാക്കി അതിനു വേണ്ടി പരിശ്രമിക്കണം- ഉണ്ണി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.