ഉണ്ണികുളം ബലാത്സംഗം: ചികിത്സയും കുടുംബത്തിന് താമസ സൗകര്യവും സര്‍ക്കാര്‍ നൽകും
text_fieldsഎകരൂല്‍: ഉണ്ണികുളം വള്ളിയോത്ത് ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത വീടിെൻറ സുരക്ഷിതത്വക്കുറവ് കാരണമായെന്ന് സംസ്ഥാന ബാലാവകാശ കമീഷന്. വീടിെൻറ ഉടമയെ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ശോച്യാവസ്ഥയിലുള്ള വീടിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്കിയിട്ടുണ്ടെങ്കില് അത് റദ്ദാക്കുന്നതിനും ഉണ്ണികുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമീഷന് അംഗങ്ങളായ നസീര്‍ ചാലിയം, ബി. ബബിത എന്നിവര്‍ പറഞ്ഞു.
ബലാത്സംഗത്തിനിരയായ ആറുവയസ്സുകാരിയുടെ താമസസ്ഥലത്ത് സന്ദര്‍ശനം നടത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. തിങ്കളാഴ്ച രാവിലെയാണ് വള്ളിയോത്തെ വീട്ടില്‍ കമീഷന് അംഗങ്ങള്‍ സന്ദര്‍ശനം നടത്തിയത്. കുട്ടിയുടെ കുടുംബം നാട്ടിലേക്ക് മടങ്ങാന്‍ താല്പര്യം അറിയിച്ചിട്ടുണ്ടെന്നും കേസിെൻറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതു വരെ കുടുംബത്തിെൻറ താമസ സൗകര്യവും ചികിത്സയും സര്‍ക്കാര്‍ തലത്തില്‍ ഏറ്റെടുത്ത് ഒരുക്കുമെന്നും ഇരുവരും വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ്, എക്സൈസ് സംയുക്തമായി കോളനികള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ നടപടികള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും കമീഷന് അംഗങ്ങള്‍ പറഞ്ഞു.
ബന്ധുവീട്ടില്‍ താമസിക്കുന്ന കുട്ടിയുടെ സഹോദരങ്ങളെയും കമീഷന് അംഗങ്ങള്‍ സന്ദര്‍ശിച്ചു. ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ ഇരുവരെയും ചില്‍ഡ്രന്‍സ് കെയര്‍ ഹോമിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് കുടുംബം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്തത്. കേസിലെ പ്രതി വള്ളിയോത്ത് നെല്ലിപ്പറമ്പില്‍ രതീഷിനെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യുന്നതിനിടെ ബാലുശ്ശേരി പൊലീസ് സ്റ്റേഷെൻറ മുകള്‍ നിലയില്‍നിന്ന് താഴേക്ക് ചാടി പരിക്കേറ്റ രതീഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ ആത്മഹത്യ ശ്രമത്തിനും കേസെടുത്തിട്ടുണ്ട്. പ്രതിയെ പോക്സോ കോടതി റിമാന്‍ഡ് ചെയ്തു. പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യശ്രമം നടത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഉടന്‍ തെളിവെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.