സെക്രട്ടറിയേറ്റിൽ ആളില്ലാ കസേരകൾ; മുഖ്യമന്ത്രിയുടെ ഓഫിസ് ഭരണസ്തംഭനം സൃഷ്ടിക്കുന്നുവെന്ന് ആരോപണം
text_fieldsകോഴിക്കോട്: സെക്രട്ടറിയേറ്റിൽ പല വകുപ്പുകളിലും ഉന്നത ഉദ്യോഗസ്ഥരുടെ കസേരകളിൽ മെയ്13ന് ശേഷം ആളില്ല. അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെ 25ലധികം പ്രധാന ഉദ്യോഗസ്ഥരാണ് മെയ് 31ന് വിമരമിച്ചത്. തുടർന്ന് വിവിധ വകുപ്പുകളിൽ സ്പെഷ്യൽ സെക്രട്ടറിമാരുടെ നാല് കേസര ഒഴിഞ്ഞു കിടക്കുന്നു. സെക്രട്ടറിയേറ്റിന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അസാധാരണമായൊരു കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഉന്നത ഉദ്യോഗസ്ഥൻ 'മാധ്യമം ഓൺ ലൈനി'നോട് പറഞ്ഞു.
പല വകുപ്പിലെയും അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങി പോസ്റ്റുകളിലും ആളില്ല. കർഷക കടാശ്വാസ കമീഷനിലെ രജിസ്റ്റാറിന്റെ കസേരയിലും നിലവിൽ ആരുമില്ല. റവന്യൂ, ജലവിഭവം തുടങ്ങിയ പ്രധാന വകുപ്പുകളിൽ കസേര ഒഴിഞ്ഞ് കിടക്കുകയാണ്. മെയ് 31ന് വിരമിച്ച് പല ഉന്നത ഉദ്യോഗസ്ഥരുടെയും നെയിം ബോർഡുകൾ ഇപ്പോഴും എടുത്തു മാറ്റിയിട്ടില്ല. ഉദാഹരണമായി ആർ.എസ്. കണ്ണൻ എൽ.എസ്.ജി.ഡിയിലെ സ്പെഷ്യൽ സെക്രട്ടറിയായിരുന്നു. അദ്ദേഹം വിരമിച്ചിട്ടും ബോർഡ് മാറ്റിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ താൽപര്യ പ്രകാരമാണ് പ്രമോഷൻ ലിസ്റ്റ് വൈകുന്നതെന്നാണ് ആരോപണം.
ഇക്കാര്യത്തിൽ ലിസ്റ്റ് തയാറാക്കി ഡി.പി.സി കമ്മിറ്റി കൂടുമായിരുന്നു. സർവീസ് സെക്ഷനിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ ഫയൽ എത്തി തീരുമാനമെടുക്കും. തുടർന്ന് ഫയൽ തിരിച്ചെത്തി ഉത്തരവാകുന്ന രീതിയാണ് നേരത്തെ പിന്തുടർന്ന രീതി. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫിസ് പതിവ് രീതിയെല്ലാം മാറ്റി. ഒഴിഞ്ഞ തസ്തികകളും പ്രമോഷന് അർഹരായവരുടെ പേരുകളും പേപ്പറിൽ രേഖപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിക്കുകയാണ് പുതിയ രീതി.
മുഖ്യമന്ത്രിയുടെ ഓഫിസ് പ്രമോഷനുള്ളവരുടെ പട്ടിക തയാറാക്കി നൽകിയാൽ മാത്രമേ ഫയൽ അയക്കാൻ പാടുള്ളു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഫയൽ പെന്റിങ്ങിലാണെന്ന് ആർക്കും പറയാനാവില്ല. കാരണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഫയൽ പോയതിന് രേഖയില്ല. ചരിത്രത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രമോഷന് ഇത്രയും കാലതാമസം ഉണ്ടായിട്ടില്ല. അദാലത്ത് നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫിസിൽ കെട്ടിക്കിടക്കുന്ന ഫയലുകളിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പഴയ രീതി പിന്തുടർന്നുവെങ്കിൽ 31ന് വിരമിക്കുന്നവർക്ക് പകരം ഒന്നാം തീയതി പ്രമോഷൻ ഉത്തരവ് ഇറങ്ങി പുതിയ ആൾ കസേരയിൽ എത്തുമായിരുന്നു. വിരമിച്ച ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് എത്തിയത് ഫയലുകളുടെ വലിയ കെട്ടാണ്. ഫയലിൽ തീരുമാനമെടുക്കേണ്ട കസേരികളിലാണ് ആളില്ലാത്തത്. തീരുമാമെടുക്കേണ്ട ഉദ്യോഗസ്ഥന്മാരില്ലാതെയാണ് അദാലത്ത് നടത്തുന്നത്.
എല്ലാ തീരുമാനവും ഐ.എ.എസ് ഉദ്യോഗസ്ഥരല്ല എടുക്കുന്നത്. അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, സ്പെഷ്യൽ സെക്രട്ടറി തുടങ്ങിയവരെല്ലാം തീരുമാനമെടുക്കേണ്ട ഫയലുകളുണ്ട്. അത്യാവശ്യം വേണ്ട ഉദ്യോഗസ്ഥരുടെ തസ്തികയിലാണ് ആളില്ലാത്തത്. ഇത് സർക്കാർ തലത്തിൽ സംഭവിച്ച് വലിയ വീഴ്ചയാണ്. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് കീഴിലാണ് ഇതെല്ലാം സഭിവിക്കുന്നത്.
നിയമസഭ സമ്മേളനം തുടങ്ങാൻ പോകുമ്പോഴാണ് കസേരകൾ ഒഴിഞ്ഞ് കിടക്കുന്നത്. കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ഫയൽ തീർപ്പ് കൽപ്പിക്കാനാണ് അദാലത്ത് നടത്താൻ മുഖ്യമന്ത്രി തീരുമാനിച്ചത്. എന്നാൽ, പല വകുപ്പിലും പ്രധാന ഉദ്യോഗസ്ഥരില്ലാതെയാണ് സർക്കാരിന്റെ അദാലത്തും നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഭരണസ്തംഭനം ഉണ്ടാക്കുന്നതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.