ശമനമില്ലാതെ ചൂട്: ആശങ്കയിൽ വൈദ്യുതി, ജലവിതരണ മേഖല
text_fieldsതിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ സംസ്ഥാനം വിയർക്കുമ്പോൾ ആശങ്കയിൽ വൈദ്യുതി, ജലവിതരണ മേഖല. മഴയുടെ അളവ് കുറയുകയും ചൂട് തുടരുകയും ചെയ്യുന്ന സാഹചര്യം ഗൗരവത്തോടെയാണ് കെ.എസ്.ഇ.ബിയും ജല അതോറിറ്റിയും കാണുന്നത്. ഏപ്രിൽ-മേയ് മാസങ്ങളിൽ ഈ ‘താപനില’ തുടർന്നാൽ വൈദ്യുതി, ജലവിതരണ രംഗങ്ങളിൽ കടുത്ത പ്രതിസന്ധിയാകുമുണ്ടാകുക.
മാർച്ച് ഒന്നു മുതൽ 17 വരെ ലഭിക്കേണ്ട മഴയിൽ 92 ശതമാനം കുറവാണുള്ളത്. 18.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 1.4 മില്ലി മീറ്റർ മാത്രം. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ മഴ തീരെ ലഭിച്ചില്ല. മറ്റ് ജില്ലകളിൽ നാമമാത്രമായിരുന്നു. പമ്പിങ് സ്റ്റേഷനുകളിലടക്കം ജലവിതാനം കുറഞ്ഞതിനാൽ കരുതൽ വേണമെന്ന് ജല അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ മാസം കാര്യമായ പ്രതിസന്ധിയില്ലെങ്കിലും ഏപ്രിലോടെ ജലക്ഷാമം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. കുടിവെള്ളം പാഴാക്കരുതെന്നും വാഹനങ്ങൾ കഴുകാനും നിർമാണ പ്രവർത്തനത്തിനുമടക്കം ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും ജല അതോറിറ്റി നിർദേശം നൽകി. പ്രതിദിന വൈദ്യുതി ഉപഭോഗം റെക്കോഡിലെത്തുന്ന സ്ഥിതിയാണ് കെ.എസ്.ഇ.ബിയെ അലട്ടുന്നത്.
അണക്കെട്ടുകളിലും ജലനിരപ്പ് കുറയുകയാണ്. ഇടുക്കിയിൽ സംഭരണശേഷിയുടെ 47.51 ശതമാനം വെള്ളമാണുള്ളത്. ഉപഭോഗം കൂടിയതോടെ, ഇതര സംസ്ഥാന കമ്പനികളിൽ നിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.