ഐ.എൻ.ടി.യു.സിയുടെ പേരിലും കോൺഗ്രസിൽ അസ്വസ്ഥത
text_fieldsതിരുവനന്തപുരം: ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ പ്രതികരണത്തിനെതിരെ ഒരു വിഭാഗം ഐ.എൻ.ടി.യു.സി പ്രവർത്തകർ ചങ്ങനാശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന കോൺഗ്രസിലെ അസ്വസ്ഥത വർധിപ്പിച്ചു. ഐ.എൻ.ടി.യു.സിയിൽ പ്രവർത്തിക്കുന്നത് കോൺഗ്രസ് അനുഭാവികളാണെങ്കിലും തൊഴിലാളി യൂനിയനായതിനാൽ സ്വതന്ത്ര സംഘടനയാണെന്ന പ്രതിപക്ഷനേതാവിന്‍റെ സ്വാഭാവിക പ്രതികരത്തിനെതിരെ പ്രവർത്തകരെ തെരുവിലിറക്കിയതിനു പിന്നിൽ ചിലരുടെ ആസൂത്രിത നീക്കമുണ്ടെന്ന് സതീശൻ അനുകൂലികൾ വിലയിരുത്തുന്നു.
രമേശ് ചെന്നിത്തലയുടെ കഴിഞ്ഞ ദിവസത്തെ ചങ്ങനാശ്ശേരി സന്ദർശനവുമായി ചേർത്തുവെച്ചാണ് ഈ വിലയിരുത്തൽ. അതേസമയം, ഒരു സംഘം പ്രവർത്തകർ പ്രതിപക്ഷ നേതാവിനെതിരെ പരസ്യമായി തെരുവിലിറങ്ങിയത് കൈവിട്ടകളിയാകുമെന്ന് കണ്ടതോടെ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പ്രകടനത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.
ചങ്ങനാശ്ശേരിയിലെ പ്രതിഷേധ പ്രകടനം മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. എന്നാൽ, ഇതു പ്രകടനത്തിന് നേതൃത്വം നൽകിയവർ തള്ളുന്നു. കോൺഗ്രസുകാർ മാത്രം അംഗങ്ങളായ ഐ.എൻ.ടി.യു.സിയെ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞപ്പോൾ ആത്മാഭിമാനത്തിന് മുറിവേറ്റ പ്രവർത്തകരുടെ സ്വാഭാവിക പ്രതികരണമാണെന്നാണ് അവരുടെ നിലപാട്. ഈവാദം അംഗീകരിക്കാൻ സതീശനെ പിന്തുണക്കുന്നവർ തയാറല്ല. ഐ.എൻ.ടി.യു.സി കോട്ടയം ജില്ല പ്രസിഡന്റിന് കോൺഗ്രസ് നേതൃത്വത്തിലെ ചിലരുമായുള്ള അടുപ്പമാണ് അവരുടെ സംശയം വർധിപ്പിക്കുന്നത്.
അതേസമയം, ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷകസംഘടനയല്ലെന്ന നിലപാടിൽ നേതൃത്വം ഉറച്ചുനിൽക്കുകയാണ്. കഴിഞ്ഞ യു.പി.എ സർക്കാറിനെതിരെ ഐ.എൻ.ടി.യു.സിക്ക് സമരം നടത്താനായത് ഈ സ്വതന്ത്ര നിലപാട് കാരണമാണ്. സംഘടനയുടെ പ്രവർത്തനത്തിൽ ഇടപെടാൻ മുമ്പ് ചില സന്ദർഭങ്ങളിൽ കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ ശ്രമങ്ങളെ ഐ.എൻ.ടി.യു.സി ചെറുത്തതും സംഘടനയുടെ സ്വതന്ത്രസ്വഭാവം ചൂണ്ടിക്കാട്ടിയായിരുന്നു. ഇത് അറിയാവുന്നവർതന്നെ പാർട്ടിയിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നെന്നാണ് ആക്ഷേപം.കുത്തിത്തിരിപ്പിനു പിന്നിൽ ആരാണെന്ന് മാധ്യമങ്ങൾക്ക് അറിയാമെന്ന് മാത്രം പ്രതികരിച്ച സതീശൻ, പരോക്ഷമായി വിരൽചൂണ്ടുന്നത് ചെന്നിത്തലക്ക് നേർക്കാണ്.
വി.ഡി. സതീശനെതിരെ ചങ്ങനാശ്ശേരിയിൽ ഐ.എൻ.ടി.യു.സി പ്രകടനം
ചങ്ങനാശ്ശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നും പ്രവര്‍ത്തകര്‍ കോണ്ഗ്രസല്ലെന്നുമുള്ള സതീശന്‍റെ പ്രതികരണത്തിലും പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.
ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ വട്ടപ്പള്ളിയില്നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് തൊഴിലാളികള്‍ ഐ.എന്‍.ടി.യു.സി പതാകയുമേന്തി പങ്കെടുത്തു. പ്രതിപക്ഷ നേതാവ് തൊഴിലാളികളോട് മാപ്പ് പറയുകയോ അല്ലെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് പുറത്തുപോവുകയോ വേണമെന്ന് ആവശ്യപ്പെട്ടു. ഐ.എന്‍.ടി.യു.സി സംസ്ഥാന നിർവാഹക സമിതിയംഗവും കോണ്‍ഗ്രസ് നേതാവുമായ പി.പി. തോമസ്, ഐ.എന്‍.ടി.യു.സി ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളുമായ ജോമോന് കുളങ്ങര, എ. നാസര്‍, കെ.വി. മാര്ട്ടിന്, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരായ പി.പി. ഷാജി, തങ്കച്ചന് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നൽകി.
പോഷകസംഘടന തന്നെയെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടന തന്നെയെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഐ.എൻ.ടി.യു.സിയുടെ ചില നിലപാടുകൾ അംഗീകരിക്കാനാവില്ല. പ്രതിപക്ഷ നേതാവിനെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത് ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.