സുരക്ഷിതമല്ലാത്ത ‘കായൽ യാത്ര’; നിയമം പാലിക്കാതെ ഹൗസ്ബോട്ടുകൾ
text_fieldsആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ടുകളിൽ പലതിന്റെയും യാത്ര രേഖകളില്ലാതെ. സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണമെന്ന തുറമുഖ വകുപ്പിന്റെ നിർദേശം പാലിക്കാൻ ചില ബോട്ടുടമകൾ മടിക്കുന്നതിനാൽ മേഖലയിൽ ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. അപകടവും മരണവും വർധിച്ചതോടെ തുറമുഖവകുപ്പും ടൂറിസം പൊലീസും ചേർന്ന് നടത്തുന്ന പരിശോധനകളിൽ രേഖകളില്ലാതെ സവാരി നടത്തുന്ന ബോട്ടുകൾ കണ്ടെത്തുന്നുണ്ടെങ്കിലും തുടർ നടപടി പലപ്പോഴും കടലാസിൽ ഒതുങ്ങുകയാണ്.
വേമ്പനാട്ട് കായലിൽ അനധികൃതമായി ഓടുന്ന 1,800 ഹൗസ്ബോട്ടുകൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ, ആലപ്പുഴ പോർട്ട് ഓഫിസിൽ രജിസ്റ്റർ ചെയ്തത് 800 ഹൗസ്ബോട്ടുകൾ മാത്രമാണ്. കേരള ഇൻലാൻഡ് വെസൽ നിയമം 2010ൽ നിലവിൽ വന്നതോടെയാണ് കനാൽ ലൈസൻസ് നിർത്തലാക്കിയത്. കൂടുതൽ വള്ളങ്ങൾക്ക് ലൈസൻസ് കൊടുത്താൽ ജല മലിനീകരണം കൂടുമെന്ന നിഗമനമായിരുന്നു പിന്നിൽ.
നിലവിൽ 428 ശിക്കാര വള്ളങ്ങൾക്കാണ് തുറമുഖവകുപ്പിന്റെ അനുമതിയുള്ളത്. പുന്നമടയിൽ മാത്രം പരിശോധന നടത്തിയാൽ ഇതിന്റെ ഇരട്ടിയിലധികം ശിക്കാരകളും മറ്റ് ബോട്ടുകളും ലൈസൻസില്ലാതെ ഓടുന്നത് കാണാം. അംഗബലകുറവും സ്പീഡ് ബോട്ടുകളുടെ അപര്യാപ്തതയും കാരണം കാര്യമായ പരിശോധന നടത്താനാകാതെ ടൂറിസം പൊലീസ് വലയുകയാണ്.
രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു; 2,20,000 രൂപ പിഴ ചുമത്തി
ആലപ്പുഴ: വേമ്പനാട്ട് കായലിൽ അനധികൃത സർവിസ് നടത്തിയ രണ്ട് ഹൗസ്ബോട്ടുകൾ തുറമുഖ വകുപ്പ് പിടിച്ചെടുത്തു. ഇത് തുറമുഖവകുപ്പിന്റെ യാർഡിലേറ്റ് മാറ്റി. ക്രമക്കേട് കണ്ടെത്തിയ മറ്റ് ബോട്ടുകൾക്ക് 2,20,000 രൂപ പിഴചുമത്തി. ടൂറിസം പൊലീസും തുറമുഖ വകുപ്പും ചേർന്ന് മാർത്താണ്ഡം, പുന്നമട, ഫിനിഷിങ് പോയന്റ്, ഡോക്കുചിറ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയായിരുന്നു പരിശോധന.
രണ്ട് സ്പീഡ് ബോട്ടുകൾ, 13 ശിക്കാര, 20 ഹൗസ് ബോട്ട് എന്നിവയടക്കം 35 ബോട്ടുകളാണ് പരിശോധിച്ചത്. ഇതിൽ രേഖകളും നിയമാനുസൃതമായ ജീവനക്കാരും ഇല്ലാത്ത ബോട്ടുകൾക്കാണ് പിഴ ചുമത്തിയത്. അമിതവേഗത്തിൽ അശ്രദ്ധയോടെ ബോട്ട് ഓടിച്ച് ചെറുവള്ളങ്ങൾക്ക് അപകടം ഉണ്ടാക്കരുതെന്ന നിർദേശവും നൽകി. ആലപ്പുഴ പോർട്ട് കൺസർവേറ്റർ കെ. അനിൽകുമാർ, സ്കോഡ് അംഗം ടി.എൻ. ഷാബു , ടൂറിസം പോലീസ് എസ്.ഐ പി.ആർ.രാജേഷ്, സി.പി.ഒമാരായ സുനിൽ, ജോഷിത് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
സുരക്ഷ നിർദേശങ്ങൾ
- യാത്രികർ നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണം
- പരിധിയിൽ കൂടുതൽ യാത്രികരെ കയറ്റി സഞ്ചരിക്കരുത്
- ബോട്ടുകളിൽ എമർജൻസി അലാറം ബട്ടൺ സ്ഥാപിക്കുക
- സൂര്യാസ്തമയ ശേഷം ബോട്ടിങ് നടത്താൻ പാടില്ല
- ബോട്ട് നിർത്തിയ ശേഷം ഇറങ്ങുക
- തുറമുഖ വകുപ്പിൽനിന്നുള്ള ലൈസൻസ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മലിനീകരണനിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ്, യാത്രക്കാരുടെയും ജീവനക്കാരുടെയും തേർഡ് പാർട്ടി ഇൻഷുറൻസ് എന്നിവ ഉറപ്പുവരുത്തുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.