അശാസ്ത്രീയ ഭക്ഷണരീതി; കുട്ടികളെ കരൾരോഗികളാക്കുന്നു -ഐ.എ.പി
text_fieldsകണ്ണൂർ: അശാസ്ത്രീയ ഭക്ഷണരീതികളും വ്യായാമരഹിത ജീവിതവും കുട്ടികളിൽ ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നുവെന്നും അവ പിന്നീട് ഗുരുതരമായ കരൾ രോഗങ്ങളുണ്ടാക്കുന്നതായും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംഘടിപ്പിച്ച ഐ.എ.പി പാഠശാല അഭിപ്രായപ്പെട്ടു. ഇത്തരം കുട്ടികളിൽ ആദ്യഘട്ടത്തിൽ ഫാറ്റിലിവർ ഉണ്ടാവുകയും പിന്നീട് ഗുരുതരാവസ്ഥയിൽ കരൾ മാറ്റിവെക്കൽ ചികിത്സ അനിവാര്യമാവുകയും ചെയ്യുന്നുണ്ട്. ഉയർന്ന അളവിൽ മധുരമുള്ള പാനീയങ്ങളും ഫാസ്റ്റ് ഫുഡും കഴിക്കുന്ന കുട്ടികളിലാണ് കരൾ രോഗങ്ങൾ വർധിച്ചുവരുന്നത്.
പൊണ്ണത്തടി, വ്യായാമരഹിതമായ ജീവിതം, അനാവശ്യ മനസ്സംഘർഷങ്ങൾ തുടങ്ങിയവ കുട്ടികളിൽ ജീവിതശൈലീ രോഗങ്ങൾ ഉണ്ടാക്കുന്നു. കുട്ടികളിൽ സ്ക്രീൻ സമയം കുറച്ചുകൊണ്ടുവരുകയും ശാരീരിക വ്യായാമങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തുകയുമാണ് പ്രതിവിധിയെന്നും പാഠശാല അഭിപ്രായപ്പെട്ടു. പീഡിയാട്രിക് ഗാസ്ട്രോ എൻട്രോളജിസ്റ്റ് ചെന്നൈ റെലേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കൺസൾട്ട് ഡോ. ജഗദീഷ് മേനോൻ വിഷയമവതരിപ്പിച്ചു. ഐ.എ.പി പ്രസിഡന്റ് ഡോ. കെ.സി. രാജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ആര്യാദേവി, ഡോ. മൃദുല ശങ്കർ, ഡോ. അജിത്ത്, ഡോ. എം.കെ. നന്ദകുമാർ, ഡോ. സുൽഫിക്കർ അലി, ഡോ. അരുൺ അഭിലാഷ്, ഡോ. പ്രശാന്ത്, ഡോ. സുബ്രഹ്മണ്യം, ഡോ. പത്മനാഭ ഷേണായി, ഡോ. പി.പി. രവീന്ദ്രൻ, ഡോ. സുഷമ പ്രഭു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.